ബൂത്തില്‍നിന്ന് ജീവനോടെ മടങ്ങാന്‍ കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പറ്റില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പ്രസംഗിച്ചത് കേരളത്തില്‍ വലിയ ചര്‍ച്ചയായി. ദൃശ്യമാധ്യമങ്ങളിലൊന്നിലെ ഒരു സുല്‍ത്താന നരേന്ദ്രമോദി കേരളത്തെ ‘അപമാനിച്ചതിന്’ തെളിവായി ഈ വാക്യം ഉരുവിട്ടുകൊണ്ടിരുന്നത് ഒരു ദൃശ്യവിരുന്നായിരുന്നല്ലോ. മനുഷ്യര്‍ ഒന്നു വിചാരിക്കുന്നു, ദൈവം മറ്റൊന്ന് നല്കുന്നു എന്ന ചിന്ത അന്വര്‍ത്ഥമാക്കുംവിധം ഇന്നിതാ ‘മാതൃഭൂമി’യടക്കം പല ദൃശ്യമാധ്യമങ്ങളും പയ്യന്നൂരില്‍ നടന്ന കള്ളവോട്ടുകളുടെ നഗ്നദൃശ്യം പുറത്തുവിട്ടിരിക്കുന്നു!
ഇത് കള്ളവോട്ടിന്റെ നഗ്നദൃശ്യമല്ലേ, ബൂത്തില്‍നിന്ന് ജീവനില്ലാതെ പുറത്തുവരുന്നതിന്റെ ദൃശ്യമല്ലല്ലോ എന്ന് ദൃശ്യമാധ്യമസുല്‍ത്താന മറ്റൊരു ചാനലിരുന്നു ചോദിച്ചുകൂടായ്കയില്ല. പക്ഷേ കള്ളവോട്ടുകള്‍ സുഖമായി സഖാക്കള്‍ ഒരു പുണ്യകര്‍മ്മംപോലെ ചെയ്തുകൊണ്ടിരിക്കുകയും, പ്രാര്‍ത്ഥനാനിര്‍ഭരരായി പോളിങ് ഉദ്യോഗസ്ഥര്‍ സഖാക്കള്‍ക്ക് അടിമപ്പണിയെടുക്കുകയും ചെയ്യുന്ന സമയത്ത് കോണ്‍ഗ്രസ്സ് ബൂത്ത് ഏജന്റുമാര്‍ നെഞ്ചിടിപ്പോടെ തലയും താഴ്ത്തി അവിടെ ഇരിക്കുന്നുണ്ടായിരുന്നുവല്ലോ? അവരാരെങ്കിലും അനങ്ങിയോ? വായ തുറന്നോ? തുറന്നിരുന്നുവെങ്കില്‍ ജീവനോടെ പുറത്തുവരുമായിരുന്നോ? അഥവാ വന്നാല്‍ വീട്ടില്‍ ജീവനോടെ എത്തുമോ?
1987 മാര്‍ച്ച് മാസം നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്ന പിലാന്തോളി കൃഷ്ണന് കയ്യൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ ബൂത്ത് ഏജന്റായി ധൈര്യത്തില്‍ ഇരിക്കുകയും, കള്ളവോട്ട് തടയുകയും ചെയ്തു. പുറത്തിറങ്ങിയ കൃഷ്ണന് ശവമായി മാറി. ഈ കൊലപാതകത്തില്‍ രോഷംപൂണ്ട കോണ്ഗ്രസ്സുകാര് ചീമേനിയില്‍ സഖാക്കളെ നേരിട്ടു. തുടര്‍ന്നു പാര്‍ട്ടി ആഫീസില്‍ ഓടിക്കയറിയ സഖാക്കളെ പാര്‍ട്ടി ഓഫീസിന് തീയിട്ടുകൊണ്ടാണ് കോണ്ഗ്രസ്സുകാര് നേരിട്ടത്. അഞ്ച് സഖാക്കള്‍ അന്ന് വെന്തുമരിച്ചു. കൊല്ലാനും ചാവാനും തയ്യാറായാണ് സഖാക്കളുടെ നില്‍പ്പ്. എല്ലാ തെരഞ്ഞെടുപ്പുകളിലും നിര്‍ഭയം യഥേഷ്ടം കള്ളവോട്ട് ചെയ്യുക ഇവരുടെ ജനകീയ ജനാധിപത്യ പരിപാടിയാണ്.
കള്ളവോട്ട് മാത്രമല്ല
ഇത് കള്ളവോട്ടിന്റെ കഥമാത്രമല്ല, കണ്ണൂര്‍, കാസര്‍ഗോഡിന്റെ ഭാഗങ്ങള്‍, കോഴിക്കോടിന്റെ വടക്കുഭാഗം എന്നിവ ചേര്‍ന്ന് മൂന്നുജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന മാര്‍ക്സിസ്റ്റ് മാടമ്പിത്തറവാടിന്റെ ഒരു പരിച്ഛേദം ആണ് ഈ ബൂത്തുകളില്‍ കാണുന്നത്. അതായത് ജീവിതത്തിലാകെ സര്‍വ്വവ്യാപിയായി കിടക്കുന്ന മാര്‍ക്സിസ്റ്റ് ജനകീയ ജനാധിപത്യത്തിന്റെ ഒരു ചെറിയ ‘സാമ്പിള്‍’ മാത്രം. ഈ മാടമ്പിത്തറവാട്ടില്‍ ഒരിടത്തും മാര്‍ക്സിസ്റ്റ് മാടമ്പിമാരെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധ്യമല്ല. കുറേനാള്‍ മുന്‍പ് മാര്‍ക്സിസ്റ്റ് മാടമ്പി മൂപ്പന് എന്‍എസ്എസ് നേതാവിനെ ‘മാടമ്പി’ എന്നുവിളിച്ചത് ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ. എന്നാല്‍ പഴയ ജാതി മാടമ്പിത്തരം മാറ്റി, അവിടെ മാര്‍ക്സിസ്റ്റ് മാടമ്പിത്തരം എന്ന പുതിയ ‘നവോത്ഥാനമാണ്’ സിപിഎമ്മിന്റെ സാംസ്കാരിക സംഭാവന.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കോണ്‍ഗ്രസ്സിനോ ബിജെപിക്കോ ആര്‍എസ്എസിനോ ചോദ്യം ചെയ്യാന്‍ കഴിയില്ല. കാരണം സംഘടനാപരമായി വ്യാപിക്കാനോ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കാനോ അനുവദിക്കില്ല. ഭയപ്പെട്ട് അടങ്ങിയൊതുങ്ങി ചില പ്രവര്‍ത്തനങ്ങളൊക്കെ വലിയ ‘ഒച്ചപ്പാടില്ലാതെ’ നടത്താമെന്നു മാത്രം. രാവും പകലും ഭയപ്പെട്ടുതന്നെയാണ് മാടമ്പിത്തറവാട്ടില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ പാര്‍ട്ടികളുടെ ജീവിതം.
കോണ്ഗ്രസ്സുകാര് ഈ മാടമ്പി ജനകീയ ജനാധിപത്യത്തെക്കുറിച്ച് വളരെയൊന്നും സംസാരിക്കാറില്ല. അതിനുള്ള ധൈര്യവുമില്ല; രാഷ്ട്രീയ ലക്ഷ്യവുമില്ല. അതിനെ നേരിടാനുറച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെടുന്നത്. ഇതു മാര്‍ക്സിസ്റ്റ്-ബിജെപി സംഘട്ടനമായി ചിത്രീകരിക്കുന്ന മാധ്യമ തമ്പുരാക്കന്മാരും കോണ്‍ഗ്രസ്സുകാരും ഒരു വലിയ രാഷ്ട്രീയ അപരാധമാണ് ചെയ്യുന്നത്. കോണ്ഗ്രസ്സുകാര് കൊല്ലപ്പെടുമ്പോള്‍ മാര്‍ക്സിസ്റ്റ് ഭീകരത എന്നു നിലവിളിക്കുന്ന കോണ്ഗ്രസ്സുകാര് ബിജെപി നേതാക്കളും പ്രവര്‍ത്തകരും കൊല്ലപ്പെടുമ്പോള്‍ മാര്‍ക്സിസ്റ്റ്-ബിജെപി സംഘട്ടനം എന്ന് അതിനെ ലളിതവല്‍ക്കരിക്കുന്നു.
ഇന്ത്യ മുഴുവന്‍ ഫാസിസത്തേക്കുറിച്ച് അലമുറയിടുന്ന മാര്‍ക്സിസ്റ്റുകള്‍ വാസ്തവത്തില്‍ ഒന്നാം നമ്പര്‍ ഫാസിസ്റ്റ് ആണെന്നതാണ് സത്യം. ഇവരുടെ ആധിപത്യമുള്ള സ്ഥലങ്ങളിലൊന്നുംതന്നെ ജനാധിപത്യം പുലരില്ല. അങ്ങനെയൊരു ചരിത്രം ലോകമെങ്ങുമില്ല.
ഈ സംഭവമെല്ലാം കണ്ണൂര്‍-കാസര്‍ഗോഡ്-കോഴിക്കോട് മാടമ്പിത്തറവാട്ടിലല്ലേ എന്നു സമാധാനപ്പെടുന്ന കേരളത്തിലെ സാമാന്യജനങ്ങളോട് പറയട്ടെ-അല്ല, അത് വ്യാപിച്ചുകൊണ്ടിരിക്കയാണ്. തിരുവനന്തപുരത്ത് അത് ഏതാണ്ട് വന്നുകഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി സഖാക്കള്‍ക്ക് ഉണ്ടാവുമെങ്കിലും ലീഗിനേയും കൂട്ടി അധികാരത്തില്‍ വരാനും, മാടമ്പിത്തരം കേരളവ്യാപകമായി നടപ്പിലാക്കാനുമുള്ള അപകടം ശരിക്കും ഒളിഞ്ഞിരിപ്പുണ്ട്.
വടകരയില്‍ ചന്ദ്രശേഖരനെ കൊലചെയ്തത് ഓരോ മലയാളിയും ഓര്‍ക്കേണ്ടതാണ്. സിപിഎമ്മിനെ ഫലപ്രദമായി ചോദ്യം ചെയ്തതിന്റെ ഫലമായിരുന്നു ഈ കൊലപാതകം. കാസര്‍ഗോഡ് ഈ അടുത്തുനടന്ന രണ്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മരണവും അതാണ് കാണിക്കുന്നത്. ചോരവറ്റുന്നില്ല. സഖാക്കളെ കരുതിയിരിക്കുക.
(ദ ഹിസ്റ്ററി ഓഫ് കമ്യൂണിസ്റ്റ് മൂവ്മെന്റ് ഇന്‍ കേരള എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: