തിരുവനന്തപുരം: പുരാതനമായ നെട്ടയം ശ്രീരാമകൃഷ്ണാശ്രമം ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് മെയ് ആറിന് തുടക്കം. ഏഴിന് അക്ഷയ തൃതീയ ദിനത്തില്‍ ശ്രീരാമകൃഷ്ണ മഠം ഉപാധ്യക്ഷന്‍ ഗൗതമാനന്ദ സ്വാമികള്‍ പുനഃപ്രതിഷ്ഠാകര്‍മം നിര്‍വഹിക്കും. ക്ഷേത്ര നവീകരണം അവസാനഘട്ടത്തിലാണ്.
1916ലാണ് ഈ ക്ഷേത്രത്തിന് ശ്രീരാമകൃഷ്ണ മിഷന്റെ പ്രഥമ അധ്യക്ഷന്‍ ബ്രഹ്മാനന്ദ സ്വാമി തറക്കല്ലിട്ടത്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 1924-ല്‍ നിര്മലാനന്ദസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാകര്‍മം നടത്തി. കൊച്ചി ആക്ടിങ് ദിവാനായിരുന്ന സുന്ദര രാമയ്യര് ആണ് ആശ്രമത്തിനായി ഏഴ് ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയത്.
നെട്ടയത്തെ കുന്നിന്മുകളിലെ ക്ഷേത്രം കാലപ്പഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലായി. ഏതാണ്ട് ഒന്നരക്കോടി ചെലവഴിച്ചാണ് പുനര്‍നിര്‍മാണം നടത്തുന്നത്. ഗംഗാതീരത്തെ ദക്ഷിണേശ്വരത്തെ ശ്രീരാമകൃഷ്ണദേവന് ആരാധിച്ചിരുന്ന കാളീക്ഷേത്രത്തിന്റെ ഒരു ഭാഗത്തിന്റെ മാതൃകയിലാണ് പുനര്‍നിര്‍മാണം.
പ്രധാന കവാടം കടന്നെത്തുന്നതിന് ഇടതുഭാഗത്തായി താമരപീഠത്തിലാണ് ശ്രീരാമകൃഷ്ണദേവ പ്രതിഷ്ഠ. ഇതിന് അഭിമുഖമായി ശാരദാദേവിയുടെയും പതിനാറ് സന്ന്യാസി ശിഷ്യന്മാരെയും പ്രതിനിദാനം ചെയ്യുന്ന രീതിയില്‍ രാമകൃഷ്ണമഠത്തിന്റെ വംശവൃക്ഷവും ആലേഖനം ചെയ്തിട്ടുണ്ട്. ഉള്ളില്‍ വലിയൊരു നടുമുറ്റവും ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് പ്രത്യേക സമ്മേളനങ്ങള്‍ നടക്കുക. ഇതിന് ഇടതുവശത്തായി ദ്വാദശ ശിവക്ഷേത്ര സങ്കല്പ്പത്തിലും വലതുവശത്ത് കാളിക്ഷേത്രവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്ന സങ്കല്പ്പത്തിലും രണ്ടുവീതം മുറികളുണ്ട്. ദിവസവും രാവിലെ അഞ്ചു മണിക്ക് മംഗളാരതിയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനാകര്‍മങ്ങള്‍ ഉച്ചയ്ക്ക് 12ന് അവസാനിക്കും. വൈകിട്ട് നാലിന് വീണ്ടും ആരംഭിക്കുന്ന പ്രാര്‍ഥന രാത്രി എട്ട് വരെ നീളും. ഗുരുപൂര്‍ണിമ, ശ്രീരാമകൃഷ്ണജയന്തി, ശരദാജയന്തി, വിവേകാനന്ദജയന്തി, നവരാത്രി എന്നീ ദിവസങ്ങളില്‍ പ്രത്യേക പൂജയുണ്ടാകും.
എല്ലാവര്ക്കും ആധ്യാത്മിക, ആരോഗ്യ വിദ്യാഭ്യാസം നല്‍കണമെന്ന സ്വാമി വിവേകാനന്ദന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് ആധ്യാത്മിക കാര്യങ്ങള്‍ക്ക് എന്നപോലെ ആരോഗ്യസേവാ പ്രവര്‍ത്തനങ്ങളിലും മഠം നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. പിന്നാക്ക മേഖലകളില്‍ ആറ് ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങളും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യവും മഠം നല്കുന്നു. കേരളത്തില്‍ തിരുവനന്തപുരം, കായംകുളം, തിരുവല്ല, പാലാ, എറണാകുളം, കാലടി, ഹരിപ്പാട്, തൃശൂര്‍, കോഴിക്കോട്, കൊയിലാണ്ടി എന്നിങ്ങനെ പത്ത് ആശ്രമങ്ങളാണ് ശ്രീരാമകൃഷ്ണ മടത്തിനുള്ളത്. നെട്ടയത്തെ ആശ്രമത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍ മോക്ഷവ്രതാനന്ദസ്വാമിയാണ്.
















