കേരള മന്ത്രിസഭയുടെ ഏറ്റവും ഒടുവിലത്തെ തീരുമാനം കണ്ടപ്പോള്‍ തോന്നിയതാണ്, ‘ഉലക്കവീണു ചത്ത കോഴിയുടെ ചാറ് കയിക്കാം’ എന്നൊരു വിരുതന് പണ്ട് പറഞ്ഞ ന്യായത്തിന് ഇന്നും പ്രസക്തി. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷുറന്‍സ് കൈകാര്യം ചെയ്യുന്ന ചുമതല അംബാനിയുടെ കമ്പനിക്ക്. അംബാനി എന്നുകേള്‍ക്കുമ്പോള്‍ തുള്ളലും വിറയലും നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെല്ലാം സന്തോഷം. അദാനിയും അംബാനിയുമെല്ലാം നമുക്ക് സ്വന്തം. നരേന്ദ്രമോദി സര്‍ക്കാര്‍ യുദ്ധവിമാനങ്ങളും വിമാനത്താവളങ്ങളുമെല്ലാം അദാനി-അംബാനി കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് തീറെഴുതി കൊടുക്കുന്നു എന്നുപറയുന്ന ഇടതുപക്ഷ നേതാക്കള്‍ക്ക് നല്ല നമസ്കാരം.
മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ജൂണ്‍ ഒന്നിനു നിലവില്‍ വരും. മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്കീം ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്സ് (മെഡിസെപ്) എന്നാണു പദ്ധതിയുടെ പേര്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണു മെഡിസെപ്പ്. ഇ-ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ വാര്‍ഷികപ്രീമിയം തുകയായ 2992.48 രൂപ (ജിഎസ്ടി അടക്കം) ക്വോട്ട് ചെയ്ത അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കു പദ്ധതിയുടെ ചുമതല നല്കാന് മന്ത്രിസഭയാണ് തീരുമാനിച്ചത്. അംബാനി എന്ന് കേള്‍ക്കുമ്പോള്‍ മുണ്ടും മുടക്കിക്കുത്തി മുന്നോട്ടായുന്ന സാമ്പത്തികവിദഗ്ധന്‍ തോമസ് ഐസക്കിന്റെ വകുപ്പാണ് പദ്ധതി നടത്തിപ്പിന് അംബാനിയെ ശുപാര്‍ശ ചെയ്തത്.
ഹൈക്കോടതിയിലേതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍, എയ്ഡഡ് മേഖലയിലേതടക്കമുള്ള അധ്യാപകരും അനധ്യാപകരും, പാര്‍ടൈം അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍, പഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും ഈ വിഭാഗങ്ങളിലെ പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരുമാണ് മെഡിസെപ്പിന്റെ ഗുണഭോക്താക്കള്‍. ഇവരുടെ ആശ്രിതര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
ഇപ്പോഴത്തെ പദ്ധതിയുടെ കാലാവധി മൂന്നുവര്‍ഷമാണ്. ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാസം 250 രൂപ വീതം ഇന്‍ഷുറന്‍സ് പ്രീമിയമായി പിടിക്കും. പെന്‍ഷന്‍കാര്‍ക്കു മെഡിക്കല്‍ അലവന്‍സായി നല്‍കിവരുന്ന 300 രൂപയില്‍ നിന്നു പ്രീമിയം തുക കുറവുചെയ്യും.
ഇന്‍ഷുറന്‍സ് പ്രീമിയം മൂന്നു ഗഡുക്കളായി ഇന്‍ഷുറന്‍സ് കമ്പനിക്കു സര്‍ക്കാര്‍ മുന്‍കൂറായി നല്‍കും. ഔട്ട് പേഷ്യന്റ് ചികിത്സകള്‍ക്ക് നിലവിലുള്ള മെഡിക്കല്‍ റീഇംമ്പേഴ്സ്മെന്റ് പദ്ധതി തുടരും.
ഓരോ കുടുംബത്തിനും ഇന്‍ഷുറന്‍സ് കാലയളവില്‍ വര്‍ഷം രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും.
അവയവമാറ്റം ഉള്‍പ്പെടെയുള്ള ഗുരുതരരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കു മൂന്നുവര്‍ഷം ഒരു കുടുംബത്തിനു പരമാവധി ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. വര്‍ഷം രണ്ടുലക്ഷം രൂപ നിരക്കില്‍ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്ക്കു പുറമേയാണിത്.
ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ഗുരുതരരോഗ ചികിത്സാച്ചെലവിനു തികയുന്നില്ലെങ്കില്‍, പുറമേ പോളിസി കാലയളവില്‍ പരമാവധി ഒരു കുടുംബത്തിനു മൂന്നുലക്ഷം രൂപ വരെ ലഭ്യമാക്കും. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനി വര്‍ഷം 25 കോടി രൂപയുടെ ഒരു സഞ്ചിതനിധി രൂപീകരിക്കും. ഇതില്‍ നിന്നാണ് ഈ അധിക സഹായം നല്‍കുക.
കേരളത്തിലെ ആരോഗ്യമേഖല മികച്ചതാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കാറുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വലിയ തോതില്‍ തുക ചെലവാക്കേണ്ട സാഹചര്യം റിലയന്‍സിന് ഉണ്ടാകാനിടയില്ല. എന്നാലെന്താ കോര്‍പ്പറേറ്റ് മുതലാളിക്ക് അല്പം ലാഭമുണ്ടാക്കിക്കൊടുക്കാന്‍ നമുക്കും സാധിച്ചല്ലോ.
ഏതായാലും അംബാനിക്ക് കേരളത്തിലും കമ്പനി വ്യാപിപ്പിക്കാന്‍ സാഹചര്യം ഒരുക്കുന്നതിന് വോട്ടെടുപ്പ് കഴിയുംവരെ കാത്തിരുന്നല്ലോ. ഇലക്ഷന് പ്രചരണങ്ങളിലെല്ലാം നരേന്ദ്രമോദിയേയും അംബാനിയേയും കൂട്ടികെട്ടി കൊണ്ടുപിടിച്ച നുണപ്രചരണം നടത്തിയത് സഖാക്കള്‍ മറന്നുകാണില്ല. ഇനി ഏതായാലും അംബാനിയെക്കുറിച്ച് മിണ്ടേണ്ട.
നരേന്ദ്രമോദിക്കെതിരെ പ്രചാരണം നടത്താന്‍ വാരണാസിയില്‍ ചെങ്കൊടിയുമില്ല, കൊടികെട്ടാനൊരുവടി പോലുമില്ല. നരേന്ദ്രമോദിക്കെതിരെ കൊടികെട്ടിയ ചാനലിന്റെ ദല്‍ഹിയിലെ ദിവ്യാത്മാവ് വാരാണസിയും ബനാറസിലും തലങ്ങും വിലങ്ങും കറങ്ങി. പലരുടെ മുന്നിലും മൈക്ക് നീട്ടി. ബിസ്മില്ലാഖാന്റെ വീട്ടിലും ചെന്നു. കഴിഞ്ഞതവണ പത്രികയില്‍ ഒപ്പുവയ്ക്കാതിരുന്നത് വലിയ നഷ്ടമായെന്ന് ഖാന്റെ ഇളയമകനും കൊച്ചുമകനും ദുഃഖത്തോടെ പറയുന്നത് ഒട്ടും സന്തോഷമില്ലാതെയാണ് ലേഖകന്‍ മാലോകരെ അറിയിച്ചത്. മോദിയല്ലാതെ മറ്റാര് എന്ന മറുചോദ്യമാണ് വാരാണസിയില്‍ ഉയര്‍ന്നത്. ഇത് കേട്ടതുകൊണ്ടാകാം വാരാണസിയില്‍ മത്സരിക്കാന്‍ പുത്തന്‍ ഉടുപ്പൊരുക്കിയ പ്രിയങ്കയും പിന്മാറിയത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം എന്ന മട്ടില്‍ സിപിഎം വാരാണസിയെക്കുറിച്ചോ ഉത്തര്‍പ്രദേശിനെക്കുറിച്ചോ മിണ്ടുന്നില്ല. അവര്‍ കേരളത്തിലൊതുക്കി അവകാശവാദം.
20ല്‍ 18 ഇടതുമുന്നണി നേടുമെന്നാണ് വിലയിരുത്തലിന് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവകാശവാദം. രണ്ടെണ്ണം എന്തിനാണാവോ വിട്ടുകൊടുത്തത്? മനക്കോട്ടയ്ക്ക് എന്തിന് അതിര് നിശ്ചയിക്കണം. തോറ്റടിയാന്‍ പോകുന്നവന്റെ ഉര്‍ദ്ധശ്വാസം. കോടിയേരിയുടെ വാദം അത്രമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: