ആലപ്പുഴ: നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ 91-ാം ജന്മദിനാഘോഷങ്ങള്‍ മേയ് നാലിന് തുടങ്ങും. കാവാലം സ്ഥാപിച്ച കലാ-സാംസ്‌കാരിക സംഘടനയായ സോപാനത്തിന്റെ നേതൃത്വത്തില്‍ ആലപ്പുഴ നഗരചത്വരത്തില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
‘സാക്ഷി’ മുതല്‍ ‘നിഴലായനം’ വരെയുള്ള കാവാലം നാടകങ്ങളുടെ ചിത്രപ്രദര്‍ശനം നാലിന് വൈകിട്ട് അഞ്ചിന് കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അനില്‍ പഴവീടിന്റെ നേതൃത്വത്തില്‍ നാടകഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീതവിരുന്ന്. നടന്‍ നെടുമുടി വേണുവിനെ കല്ലേലി രാഘവന്‍പിള്ള ആദരിക്കും. പ്രൊഫ. എം.കെ. സാനുവാണ് കല്ലേലി രാഘവന്‍പിള്ളയെ ആദരിക്കുന്നത്. സംവിധായകന്‍ ഫാസില്‍, അനന്തപത്മനാഭന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
അഞ്ചിന് വൈകിട്ട് അഞ്ചിന് കാവാലത്തിന്റെ ജീവിതം പറയുന്ന ‘താളത്തളം’ ഡോക്യുമെന്ററി. ആറിന് കാവാലത്തിന്റെ ചലച്ചിത്ര-ലളിതഗാനങ്ങള്‍ ഉള്‍പ്പെടുത്തി പാട്ടുവട്ടം. ഏഴിന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഭരത് ഗോപിയെ അനുസ്മരിക്കും. മകന്‍ മുരളി ഗോപി ആദരം ഏറ്റുവാങ്ങും. തിരക്കഥാകൃത്ത് ജോണ്‍പോള്‍ ‘അങ്ങനെയൊരു കാവാലം കാലം’ അവതരിപ്പിക്കും.
തുടര്‍ന്ന് 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് അരങ്ങേറിയ ‘കരിങ്കുട്ടി’ നാടകത്തിന്റെ അവതരണം. കാവാലത്തിന്റെ ചെറുമകളും സോപാനം സെക്രട്ടറിയുമായ കല്യാണി കൃഷ്ണന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ദേവനാരായണന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കിച്ചു ആര്യാട് എന്നിവര്‍ നേതൃത്വം നല്‍കും.
















