തിരുവനന്തപുരം: വാശിയേറിയ പ്രചാരണത്തിനൊടുവില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. 76 ശതമാനമാണ് പോളിങ്ങ് എന്നാണ് ആദ്യ സൂചനകള്‍. 2014ല്‍ 74.04 ശതമാനമായിരുന്നു ഇത്. പത്തനംതിട്ടയില്‍ വോട്ട് ചെയ്തവരുടെ എണ്ണം ഇതാദ്യമായി പത്ത് ലക്ഷം കവിഞ്ഞു.
ചില സ്ഥലങ്ങളില്‍ രാത്രി വൈകിയും വോട്ടെടുപ്പ് നടന്നു. വാശിയേറിയ മത്സരം നടന്ന വയനാട്ടിലും വടകരയിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പിനിടെ കുഴഞ്ഞ് വീണ് എട്ട് പേര് മരിച്ചു. കുഴഞ്ഞ് വീണ പോളിങ് ഓഫീസറെയും വോട്ടറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പല സ്ഥലത്തും വോട്ടിങ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തി വയ്ക്കേണ്ടതായി വന്നു. വിവി പാറ്റ് മെഷീനെക്കുറിച്ച് വ്യാജ പരാതി നല്കിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഗ്രാമങ്ങളിലും നഗരങ്ങളിലും വോട്ട് രേഖപ്പെടുത്താന്‍ രാവിലെ മുതല്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. പോളിങ് സമയം കഴിഞ്ഞിട്ടും ചില ബൂത്തുകളില്‍ നീണ്ട നിരകാണാനായി. വടകര, കാസര്‍കോട് മണ്ഡലത്തിലെ ചില ബൂത്തുകളില്‍ രാത്രി വൈകിയും വോട്ടെടുപ്പ് നടന്നു. പോളിങ്ങ് സമയം കഴിഞ്ഞിട്ടും വരിയില്‍ നിന്നവര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കിയത്.
വോട്ടിങ് മെഷീനിലെ വിവിപാറ്റ് മെഷീനാണ് പല ബൂത്തുകളിലും തകരാറിലായത്. വിഴിഞ്ഞം ചൊവ്വര മാധവവിലാസം സ്കൂളിലെ 151-ാംനമ്പര്‍ ബൂത്തില്‍ ഏത് കക്ഷിയില്‍പെട്ടവര്‍ക്ക് വോട്ട് രേഖപ്പെടുത്തിയാലും താമര ചിഹ്നമാണ് വിവി പാറ്റ് മെഷീനില്‍ തെളിയുന്നതെന്ന ആക്ഷേപത്തെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തി വച്ച് പരിശോധന നടത്തി. ആക്ഷേപം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും വോട്ടെടുപ്പ് തുടര്‍ന്നു. ആക്ഷേപം ഉന്നയിച്ചവര്‍ പരാതി നല്‍കിയില്ല.
എന്നാല്‍ വോട്ടു രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ ചിഹ്നം അല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്നു പരാതി ഉന്നയിച്ച യുവാവിനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശാനുസരണം പോലീസ് അറസ്റ്റ് ചെയ്തു. ബിടെക് വിദ്യാര്‍ഥി പട്ടം പ്ലാമൂട് സ്വദേശി എബിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം നമ്പര്‍ ബൂത്തിലാണ് എബിന് വോട്ട് ചെയ്തത്. പരാതി എഴുതി നല്‍കുകയും അത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ട യച്ചു.
വോട്ടിങ് യന്ത്രം തകരാറിലായ അടൂര്‍ പഴകുളത്ത് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളില്‍ വ്യത്യാസമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റീപോളിങ് വേണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടു. പഴകുളം 123-ാംനമ്പര്‍ ബൂത്തില്‍ 843 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ മെഷീനില്‍ ഉള്ളത് 820 വോട്ടുകള്‍ മാത്രമാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് പരാതി.
കേരളത്തില്‍ 76.82 %
കാസര്‍കോഡ് 79.11
കണ്ണൂര്‍ 82.08
വടകര 78.97
വയനാട് 79.77
കോഴിക്കോട് 78.29
മലപ്പുറം 75.12
പൊന്നാനി 73.74
പാലക്കാട് 77.23
ആലത്തൂര്‍ 79.46
തൃശൂര്‍ 77.19
ചാലക്കുടി 79.64
എറണാകുളം 76.01
ഇടുക്കി 76.01
കോട്ടയം 75.22
ആലപ്പുഴ 79.49
മാവേലിക്കര 73.93
പത്തനംതിട്ട 73.82
കൊല്ലം 74.23
ആറ്റിങ്ങല്‍ 74.04
തിരുവനന്തപുരം 73.26
പ്രതികരിക്കാൻ ഇവിടെ എഴുതുക: