ശ്രീലങ്കയുടെ തലസ്ഥാനം കണ്ട ചോരപ്പുഴ ഒരു മുന്നറിയിപ്പാണ്. ലോകരാഷ്ട്രങ്ങള്‍ക്കെല്ലാം അതു ബാധകമാണെങ്കിലും തൊട്ടടുത്ത അയല്‍ക്കാരെന്ന നിലയില്‍ ഇന്ത്യക്കും പ്രത്യേകിച്ചു കേരളത്തിനും അത് ഏറെ പ്രസക്തമാവുന്നു.
തീവ്രവാദത്തിന്റെ ഭീകരമുഖം നമ്മുടെ വാതില്‍പ്പടിക്കു തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. കരുതലോടെ വേണം ഭാവിയെക്കുറിച്ചു ചിന്തിക്കാന്‍. നമ്മുടെ ഉപഭൂഖണ്ഡത്തിലെ ഭീകരതയുടെ ദുര്‍മുഖത്തെക്കുറിച്ച് വ്യക്തമായ ചിത്രം നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് അടിവരയിടുന്നതാണ് കൊളംബോയില്‍ നടന്ന നരനായാട്ട്.
ജനതാ വിമുക്തി പെരമുന, എല്‍ടിടിഇ തുടങ്ങിയ വിഘടനവാദ ഭീകരസംഘടനകള്‍ മൂലമുള്ള ആഭ്യന്തരപ്രശ്നങ്ങളും പോരാട്ടങ്ങളും സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങളും വിതറിയ നാശങ്ങളില്‍നിന്നു പതിയെ കരകയറിവരുകയായിരുന്നു ലങ്ക.
നിശ്ചയദാര്‍ഢ്യത്തോടെയുള്ള ആ പുനര്‍നിര്‍മാണത്തിന്റെ അടിത്തറ വിനോദസഞ്ചാര മേഖലയായിരുന്നു. ശാസ്ത്രീയമായ പഠനത്തിലൂടെ ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണവര്‍ നടപ്പാക്കിവന്നത്. അതു വന്‍തോതില്‍ വിദേശികളെ ആകര്‍ഷിക്കുകയും ചെയ്തു. അതില്‍ ഊന്നി, നിവര്ന്നുനില്ക്കാന് ഏതാണ്ടു കെല്‍പ്പുനേടിയ അവസരത്തിലെ ഭീകരാക്രമണ പരമ്പര തകര്‍ത്തുകളഞ്ഞത് അതേ മേഖലയെത്തന്നെയാണ്. മര്‍മം അറിഞ്ഞുള്ള അടിയായിപ്പോയി ശ്രീലങ്കയെ സംബന്ധിച്ച് ഈ ആക്രമണം.
ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും നക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ തൗഹീദ് ജമാഅത്ത് എന്ന ഇസ്ലാം ഭീകരവാദ സംഘടനയുടെ നേര്‍ക്കാണു സംശയത്തിന്റെ മുനനീളുന്നത്. മാലദ്വീപ് മുതല്‍ ബംഗ്ലാദേശ് വരെ ചിതറിക്കിടക്കുന്ന ചെറുഗ്രൂപ്പുകളുടെ കണ്ണികളില്‍ ഒന്നായ തൗഹീദിനു തമിഴ്നാട്ടില്‍ സാന്നിധ്യമുണ്ടെന്നാണു സൂചന. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്ന കൊടും ഭീകരസംഘടനയുടെ സഹായവും നിയന്ത്രണവും ഉള്ള ഗ്രൂപ്പുകളാണിവ. ഐഎസിലേയ്ക്കു കേരളത്തില്‍നിന്നു റിക്രൂട്ട്മെന്റു നടക്കുന്നതായി വ്യക്തമായിക്കഴിഞ്ഞതാണല്ലോ. അപകടം എത്ര അടുത്താണെന്നു തിരിച്ചറിയാന്‍ വൈകിയിരിക്കുന്നു.
ദേശീയ സുരക്ഷയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും ഭീഷണിയുണ്ടെന്നും അവയെ കര്‍ശനമായി നേരിട്ടേ മതിയാകൂ എന്നും പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു പറയുന്നതിന്റെ പൊരുള്‍ ഇതുതന്നെയാണ്. പക്ഷേ, അതിന്റെ പേരില്‍ അദ്ദേഹത്തെ വര്‍ഗീയവാദിയെന്നു വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരാണ് നമ്മുടെ പ്രതിപക്ഷ നേതാക്കള്‍. രാജ്യസ്നേഹത്തേയും ദേശീയബോധത്തേയും വികലമായി വ്യാഖ്യാനിക്കാനാണ് അവര്‍ക്കു വ്യഗ്രത.
ഭീകരത തുടച്ചുനീക്കുമെന്ന് ഉറപ്പിച്ചുപറയുമ്പോഴും, ഏതെങ്കിലും സമുദായത്തോടല്ല, ഭീകരവാദത്തോടാണു പോരാട്ടം എന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറയുന്നതിന് അവര്‍ വില കല്പ്പിക്കുന്നുമില്ല. വോട്ടു തങ്ങള്‍ക്കു കിട്ടുമെങ്കില്‍ ആര് എന്തു വേണമെങ്കിലും ചെയ്തുകൊള്ളട്ടെ എന്ന ചിന്തയില്‍നിന്നാണ് ഇത്തരം നിലാപാടുകള്‍ ഉടലെടുക്കുന്നത്. അധികാരത്തിലെത്തിയാല്‍ ദേശീയസുരക്ഷയ്ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുമെന്നും ഭീകരതയ്ക്കെതിരായ നടപടികളിലും നിയമത്തിലും വെള്ളം ചേര്‍ക്കുമെന്നും പ്രകടനപത്രികയില്‍ എഴുതിച്ചേര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നതും ബാലിശമായ ഇതേ ചിന്താഗതികൊണ്ടു തന്നെ.
തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ക്കു വ്യക്തമായ മുന്നറിയിപ്പാണ് ശ്രീലങ്കാസംഭവം നല്‍കുന്നത്. മഹാവിപത്തിനുമുന്നില്‍, ഒരു തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ച മുന്നറിയിപ്പ്. സമൂഹം നിലനില്ക്കണമെങ്കില് രാഷ്ട്രം നിലനില്‍ക്കണം. സമൂഹം നിലനിന്നാലേ വ്യക്തികള്‍ക്കു നിലനില്‍പ്പുള്ളൂ. അതിനു ശക്തമായ നിയമം വേണം. അതു കര്‍ശനമായി പാലിക്കപ്പെടണം. നടപ്പാക്കാന്‍ ചങ്കുറപ്പും കാര്യക്ഷമതയും പക്വതയുമുള്ള ഭരണസംവിധാനവും വേണം. വെള്ളം ചേര്‍ത്ത നിയമങ്ങള്‍ക്കും, നട്ടെല്ലു നിവരാത്ത നേതൃത്വത്തിനും രാഷ്ട്രത്തെ രക്ഷിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: