ദേവലോകത്തെ മുഖ്യശില്പിയായ വിശ്വകര്‍മ്മാവിന്റെ പഞ്ചമുഖങ്ങളില്‍ ഓരോന്നില്‍ നിന്നും ഓരോ ജാതി ഉത്ഭവിച്ചു. ഈ സമൂഹങ്ങളാണ് പഞ്ചകമ്മാളര്‍ എന്നറിയപ്പെട്ടിരുന്നത്. ആശാരി, മൂശാരി, തട്ടാന്‍, പെരുംകൊല്ലന്‍, ചെമ്പോട്ടി ഇവരാണ് പഞ്ചകമ്മാളര്‍. ഉത്തരകേരളത്തിലെ കളിയാട്ട പ്രദേശങ്ങളില്‍ ചെമ്പോട്ടികളെ ഉള്‍പ്പെടുത്താതെ നാങ്കുവര്ണ്ണക്കാര്’ എന്നു വിളിക്കുന്നു. ഇതില്‍ ആശാരിമാര്‍ക്കാണ് മുഖ്യസ്ഥാനം. നാങ്കുവര്ണക്കാരുടെ പ്രധാന ആരാധനാമൂര്‍ത്തിയാണ് ബാലിത്തെയ്യം.
സൂര്യഭഗവാന്റെ തേരാളിയായ അരുണന് ദേവലോകത്തെ ദേവക്കൂത്തു കാണാന്‍ സ്ത്രീവേഷത്തില്‍ ചെന്നു. സ്ത്രീവേഷത്തിലെത്തിയ അരുണനെ കണ്ടു മോഹിതനായ ദേവേന്ദ്രന് അരുണനില്‍ ജനിച്ചതാണ് ബാലി. അതീവ ബലവാനും ഇരേഴുലോകം പുകള്പെറ്റവനുമായ ബാലി, രാക്ഷസരാജാവായ രാവണനെ സംവല്സരങ്ങളോളം അടിമയാക്കിയിരുന്നു. ശ്രീരാമദേവനാല്‍ വധിക്കപ്പെട്ട് ബാലി വീരമോക്ഷം പ്രാപിച്ചു ദൈവക്കരുവായ് യോഗപ്പെട്ടു.
വടുകരാജാവിന്റെ വടുകക്കോട്ടയില് കുടികൊണ്ട ദൈവം പിന്നീട് മണുമ്മല്‍ വിശ്വകര്‍മ്മാവിന്റെ വെള്ളോലക്കുട ആധാരമാക്കി മണുമ്മല്‍ ശേഷിപ്പെട്ടു (സ്ഥാനം നേടി). പിന്നീട് മണുമ്മല്‍, കുറുതാഴ, വടക്കന്‍ കൊവ്വല്‍, മോറാഴ എന്നീ നാലു സ്ഥാനങ്ങളില്‍ ഒരുപോലെ ശേഷിപ്പെട്ടതിനുശെഷം നാലു വര്‍ണത്തിനും (ആശാരി, മൂശാരി, തട്ടാന്‍, പെരുംകൊല്ലന്‍) താങ്ങായും തണലായും പരിപാലിച്ചു വരുന്ന ദൈവമാണ് ബാലി.
രാമായണത്തിലെ ബാലിയുടെ കഥ തന്നെ ആണ് ബാലിത്തെയ്യത്തിന്റെ പിന്നിലെ കഥയും. അസുരന്മാരുമായുള്ള യുദ്ധത്തില്‍ ബാലി മരിച്ചെന്നു കരുതി ഗുഹാമുഖം കല്ല് കൊണ്ട് അടച്ചു തിരിച്ചു വന്നു രാജാവായ സുഗ്രീവനുമായി തിരിച്ചുവന്ന ബാലിയുടെ ഏറ്റുമുട്ടല്‍ ആണ് ഈ തെയ്യത്തിലെ ഒരു പ്രധാനഭാഗം. വാനരന്മാരുടെ പ്രകൃതവും, ഭാവവും എല്ലാ ഈ തെയ്യത്തിന്റെ ചേഷ്ടകളില്‍ കാണാം. മനോഹരമായ രൂപമാണ് നെടുബാലി എന്നുകൂടി പേരുള്ള ബാലിത്തെയ്യത്തിന്റേത്. വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് ബാലി കെട്ടിയാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: