വളരെ അദ്ഭുതകരമായൊരു കാഴ്ചയാണത്. ചുട്ടുപൊള്ളുന്ന വെയിലില്‍ വിയര്‍ത്തൊലിച്ച് സഞ്ചരിക്കുമ്പോള്‍ പെട്ടെന്നൊരു പച്ചപ്പ് വന്ന് മൂടുന്നു. ഹൈവേയുടെ ഇരുവശത്തും നിറഞ്ഞ ഇലച്ചാര്‍ത്തുമായി പരന്ന് നിരയൊത്ത് നില്ക്കുന്ന ആല്മരങ്ങള്. കൃത്യം നാലു കിലോമീറ്റര്‍ ദൂരം മുഴുവനും അവ നിരനിരയായി നില്‍ക്കുകയാണ്.
ഒരൊറ്റ വ്യക്തി അരനൂറ്റാണ്ടുകാലത്തെ ശ്രമംകൊണ്ട് നട്ടുവളര്‍ത്തിയ മരങ്ങളാണവ. കര്‍ണാടകയിലെ ഹുലിക്കല്‍ കുഡൂര്‍ ഹൈവേയില്‍ നിറഞ്ഞുനില്ക്കുന്ന മാമരങ്ങളുടെ അമ്മ ഹുലിക്കല്‍ ഗ്രാമത്തിലെ മണ്‍വീട്ടില്‍ അന്തിയുറങ്ങുന്നു. നാട്ടുകാര്‍ അവരെ വിളിക്കുന്നത് സാലു മരാദ തിമ്മക്ക. സാലു മരാദ എന്നാല്‍ നിരയൊത്ത് നില്ക്കുന്ന മാമരങ്ങള്‍ എന്നര്‍ത്ഥം.
തിമ്മക്കയ്ക്ക് സ്കൂള്‍ വിദ്യാഭ്യാസമില്ല. വിധവാ പെന്ഷന് ഒഴിച്ച് മറ്റ് വരുമാനമില്ല. കെട്ടുറപ്പുള്ള വീടോ കൃഷിയിറക്കാന്‍ ഭൂമിയോ ഇല്ല. പക്ഷേ തിമ്മക്ക സമ്പന്നയാണ്. എണ്‍പത് വര്‍ഷങ്ങള്‍കൊണ്ട് 8000 മരങ്ങള്‍ നട്ടുവളര്‍ത്തിയ സമ്പന്ന. ഹുലിക്കല്‍-കുഡൂര്‍ ഹൈവേയില്‍ 384 ആല്മരങ്ങള് നട്ട് നനച്ച് വളര്‍ത്തിയെടുത്താണ് അവര്‍ സമ്പന്നയായത്. മരണമാണവരുടെ മക്കള്‍. മരങ്ങളെ പോറ്റി വളര്‍ത്തുകയാണവരുടെ ധര്‍മ്മം. ആ നിസ്വാര്‍ത്ഥ സേവനത്തിന് അവര്‍ക്ക് ലഭിച്ചത് 2019 ലെ പത്മശ്രീ പുരസ്കാരം.
എട്ടര പതിറ്റാണ്ടിനപ്പുറമാണ് ഭര്‍ത്താവ് ബിക്കാല ചിക്കയ്യയുടെ കൈപിടിച്ച് തിമ്മക്ക തുങ്കൂറില്‍ നിന്ന് ഇവിടേക്കെത്തിയത്. കാലിമേച്ചും കൂലിപ്പണിയെടുത്തും അഷ്ടിക്കു വകതേടിയ ഭര്‍ത്താവിന് തുണയായി തിമ്മക്ക കരിങ്കല്‍ മടയിലെ തൊഴിലാളിയായി. പക്ഷേ യൗവനം കടന്നുപോകവേ അവര്‍ ഒരു സത്യമറിഞ്ഞു. തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാവില്ല.
കടുത്ത നിരാശയായിരുന്നു ആദ്യം. കുട്ടികള്‍ ഉണ്ടാകാത്ത സ്ത്രീയോട് ഗ്രാമീണര്‍ കാട്ടിയ അകല്‍ച്ചയായിരുന്നു അടുത്ത ദുഃഖം. തിമ്മക്കയും ഭര്‍ത്താവും ഗ്രാമത്തില്‍ ഒറ്റപ്പെട്ടു. വേദനയുടെ ആ നാളുകളിലാണ് ഒറ്റമകനു പകരം ഒരായിരം മരങ്ങളെ മക്കളായി പെറ്റു വളര്‍ത്താമെന്ന തിരിച്ചറിവ് അവര്‍ക്ക് ആവേശമായത്. വൃക്ഷങ്ങളുടെ നാശം നാട്ടിലുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് തിമ്മക്ക ബോധവതിയായിരുന്നു. നാട്ടറിവുകളുടെ തെളിമയില്‍ അവര്‍ വൃക്ഷങ്ങളെ പ്രണയിച്ചു. ഭര്‍ത്താവ് ബിക്കാല ചിക്കയ്യ ഒപ്പം നിന്നു.
അങ്ങനെയാണ് 1948 ലെ കാലവര്‍ഷക്കാലത്ത് തിമ്മക്കയും ചിക്കയ്യയും കൈക്കോട്ടെടുത്തത്. സ്വയം പതിവെച്ചെടുത്ത ആലിന് തൈകളുമായി അവര്‍ ഹുലിക്കല്‍ കുഡുര്‍ റോഡിലേക്കിറങ്ങി. കുറ്റിയടിച്ച് ചരട് പിടിച്ച് നിരനിരയായി കുഴിയെടുത്ത് മരങ്ങള്‍ നട്ടു. അവ പശുക്കള്‍ തിന്നാതെയിരിക്കാനായി മുള്‍ച്ചെടികള്‍കൊണ്ട് വേലിയൊരുക്കി. കാലവര്‍ഷം പോയി കൊടുംവേനല്‍ വന്നിട്ടും തിമ്മക്ക പതറിയില്ല. കിലോമീറ്ററുകള്‍ നടന്ന് ശേഖരിച്ച വെള്ളം തലയിലേറ്റി ഓരോ മരത്തിനും ദാഹമകറ്റി. വര്‍ഷം കഴിയും തോറും ആല്‍മരങ്ങളുടെ എണ്ണം വര്‍ധിച്ചു. വഴിയോരത്ത് നിരയൊത്ത് മരങ്ങള്‍ നട്ടുവളര്‍ത്തിയ വൃക്ഷലക്ഷ്മിയെ ‘സാലു മരാദ തിമ്മക്ക’യെന്ന് നാട്ടുകാര്‍ വിളിച്ചു. സാലുമരാദ എന്നാല്‍ വരിയൊത്ത് നില്ക്കുന്ന മരങ്ങള്‍ എന്ന് ഏകദേശ അര്‍ത്ഥം.
വഴിയരികില്‍ മാത്രമായിരുന്നില്ല തിമ്മക്കയുടെ വൃക്ഷം നടീല്‍. സാധിക്കുന്നിടത്തൊക്കെ അവര്‍ മരം നട്ടു. നട്ടമരങ്ങളെയൊക്കെ നനച്ച് പരിപാലിച്ചു. അങ്ങനെ എണ്ണായിരത്തില്‍പ്പരം മരങ്ങള്‍. 1991-ല്‍ ഭര്‍ത്താവ് ചിക്കയ്യ അന്തരിച്ചിട്ടും തിമ്മക്ക പിന്‍വാങ്ങിയില്ല.
ആ കരുത്താണ് 2016-ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 വനിതകളിലൊരാളായി ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്പ്പറേഷന്) തിമ്മക്കയെ തെരഞ്ഞെടുക്കാന്‍ ഇടയാക്കിയത്. തുടര്‍ന്ന് എത്രയോ അംഗീകാരങ്ങള്‍. നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ്. ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, കര്‍ണാടക കല്പവല്ലി അവാര്‍ഡ് എന്നിങ്ങനെ പുരസ്കാരങ്ങളുടെ നീണ്ട നിര തിമ്മക്കയെ തേടിയെത്തി. അവസാനമായി ഭാരത സര്‍ക്കാരിന്റെ അംഗീകാരമായ ‘പത്മശ്രീ’ ബഹുമതിയും.
പത്മപുരസ്കാരം ഏറ്റുവാങ്ങാന്‍ രാഷ്ട്രപതി ഭവനിലെത്തിയ തിമ്മക്ക അവിടെയും പതിവ് തെറ്റിക്കാന്‍ മറന്നില്ല. പുരസ്കാരം സ്വീകരിച്ച് വണങ്ങിയ തിമ്മക്ക രാഷ്ട്രപതിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു. ”ഈ ദേശക്കെ ദേവരു വള്ളെയാഡു മാഡലി” (ഈശ്വരന് ഈ രാജ്യത്തെ അനുഗ്രഹിക്കട്ടെ) അപൂര്‍വമായ ഈ സ്നേഹപ്രകടനത്തില്‍ ലയിച്ച രാഷ്ട്രപതി ഇങ്ങനെ കുറിച്ചു” തിമ്മക്കയുടെ മാതൃക രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കുന്ന യത്നത്തില്‍ ആവേശം പകരുക തന്നെ ചെയ്യും.”
പരിസ്ഥിതി ബോധത്തിന്റെ പര്യായമായാണ് ഇന്ന് തിമ്മക്ക അറിയപ്പെടുന്നത്. ജീവിതത്തിന്റെ നല്ല നാളുകളിലെ ദാരിദ്ര്യം. പിറക്കാത്ത കുട്ടികളെ കുറിച്ചുള്ള വേദനകള്‍. വെള്ളപ്പൊക്കത്തില്‍ തന്റെ കൊച്ചുവീട് ഒലിച്ചുപോയത്. കടുത്ത വരള്‍ച്ചകള്‍.
പക്ഷേ അവയ്ക്കൊന്നിനും ആ പാവം നാട്ടിന്‍പുറത്തുകാരിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. വയസ്സ് 107 കഴിഞ്ഞിട്ടും തന്റെ ഹരിത സ്വപ്നങ്ങള്‍ക്ക് ഊടുംപാവും പകരുന്ന തിരക്കിലാണവര്‍. ഹുലിക്കല്‍ ഹൈവേയിലെ ആല്‍മരങ്ങളുടെ തണുത്ത തണലും നനുത്ത കാറ്റും ഇന്നും തിമ്മക്കയെ ആവേശംകൊള്ളിക്കുന്നു. ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: