ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ സഹോദരി പ്രിയങ്ക വാദ്ര പ്രധാനമന്ത്രിയേയും ബിജെപിയേയും അധിക്ഷേപിച്ച് രാജ്യം ചുറ്റുമ്പോള്‍ കോണ്‍ഗ്രസിലെ പീഡനത്തില്‍ മനംനൊന്ത് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. മഥുരയില്‍വെച്ച് പ്രിയങ്കയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാഹുല്‍ അടക്കമുള്ള നേതാക്കള്‍ സംരക്ഷിക്കുകയാണെന്ന് മനസ്സിലാക്കിയപ്പോഴാണ് പ്രിയങ്ക പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചത്.
യുപിയിലെ മഥുരയില്‍ പത്രസമ്മേളനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തിനിരയായ കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പ്രിയങ്കയുടെ ദേഹത്ത് പിടിക്കുകയും അശ്ലീലവാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തതിന്റെ പേരില്‍ മഥുരയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും രാഹുല്‍ഗാന്ധി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഈ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ തിരികെ എടുത്ത രാഹുലിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രിയങ്കയുടെ രാജി.
കോണ്‍ഗ്രസ് ദേശീയ വനിതാ നേതാവിനെതിരെ പീഡന ശ്രമമുണ്ടായിട്ട് പോലും രാഹുല്‍ മൗനം പാലിച്ച് പ്രതികളെ സംരക്ഷിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക പാര്‍ട്ടി ഉപേക്ഷിച്ച് പടിയിറങ്ങിയത്. ദേശീയ തലത്തില്‍ രാഹുലിനും കോണ്‍ഗ്രസിനും വലിയ നാണക്കേടായി സംഭവം മാറിയിട്ടുണ്ട്. കോണ്‍ഗ്രസ്സുമായുള്ള ബന്ധം ഉപേക്ഷിച്ച പ്രിയങ്ക ചതുര്‍വേദി മുംബൈയില്‍ ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശിവസേനയില്‍ ചേര്‍ന്നു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും പ്രിയങ്കാ വാദ്രയുടേയും ജ്യോതിരാദിത്യ സിന്ധ്യയുടേയും വ്യത്യസ്ത നിലപാടുകളുമാണ് പ്രിയങ്ക ചതുര്‍വേദിയെ അപമാനിച്ചവര്‍ക്ക് തുണയായത്. ജ്യോതിരാദിത്യ സിന്ധ്യയോട് അടുപ്പമുള്ളവരാണ് പ്രിയങ്കയെ അപമാനിച്ചത്. തല്‍ക്കാലത്തേക്ക് ഇവരെ സസ്പെന്‍ഡ് ചെയ്തെങ്കിലും മഥുര തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഇവരെ തിരിച്ചെടുക്കാന്‍ സിന്ധ്യ രാഹുലിനു മേല്‍ സമ്മര്‍ദം ചെലുത്തി. പ്രിയങ്ക ചതുര്‍വേദി ഇതിനെ എതിര്‍ത്തെങ്കിലും വോട്ടിനെ ബാധിക്കുന്ന വിഷയമായതിനാല്‍ പീഡനത്തിന് നേതൃത്വം നല്കിയ കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ തിരികെ എടുക്കുകയായിരുന്നു. രാഹുലിനെതിരെ രണ്ട് പേജ് വരുന്ന കത്തും പരസ്യപ്പെടുത്തിയ ശേഷമാണ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടത്. നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി അവര്‍ ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷം പാര്‍ട്ടി വിടുന്ന രണ്ടാമത്തെ വക്താവാണ് പ്രിയങ്ക ചതുര്‍വേദി. നേരത്തെ ടോം വടക്കനും കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: