ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രസംഗങ്ങള്‍ വിവാദമാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ബോധപൂര്‍വം ശ്രമിക്കുകയാണ്. കോഴിക്കോട്ടും ഒടുവില്‍ തിരുവനന്തപുരത്തും നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങളെ അപലപിക്കാന്‍ ഇരുകക്ഷികളും മത്സരിക്കുകയാണ്. കേരള സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനാണ് തുനിഞ്ഞത്. ആര്‍എസ്എസുകാരനെപ്പോലെയാണ് നരേന്ദ്രമോദി പെരുമാറുന്നതെന്നാണ് പിണറായി വിജയന് പറയുന്നത്. ആര്‍എസ്എസുകാരനല്ല നരേന്ദ്ര മോദിയെന്ന് വിജയന് കരുതിയെങ്കില്‍ അത് പ്രധാനമന്ത്രിയുടെ തെറ്റും കുറ്റവുമല്ല. ഏതൊരു പൗരനെയുംപോലെ ആര്‍എസ്എസുകാരനും പ്രവര്‍ത്തിക്കാനും പ്രസംഗിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. ലാവ്ലിന് അഴിമതി സൂചിപ്പിച്ചതാവാം പിണറായിയെ ചൊടിപ്പിച്ചത്. പിണറായി വിജയന് ആ കേസില്‍ ഇനിയും കുറ്റവിമുക്തനായിട്ടില്ല. അതേസമയം റഫാല്‍ കേസില്‍ നരേന്ദ്രമോദി പ്രതിയാണെന്ന വിചിത്ര വിവരവും വിജയന് വിളമ്പിയിരിക്കുന്നു. സിപിഎം ഇതുവരെ കണ്ട പ്രധാനമന്ത്രിയല്ല നരേന്ദ്രമോദി. അദ്ദേഹത്തെ വിരട്ടാന്‍ വിജയന് വളര്‍ന്നിട്ടുമില്ല.
ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഉറച്ചതും ശക്തവുമായ നിലപാടാണ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസ പാരമ്പര്യം സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപ്പോള്‍ വന്‍ ഹര്‍ഷാരവത്തോടെയാണ് പ്രബുദ്ധരായ തലസ്ഥാനവാസികള്‍ സ്വീകരിച്ചത്. തന്റെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ കോടതിയിലും പാര്‍ലമെന്റിലും ഇതിനായി നിലപാടെടുക്കും. രാഷ്ട്രീയത്തിന്റെ പേരില്‍ വിശ്വാസവും ആചാരവും നശിപ്പിക്കാന്‍ ആരേയും അനുവദിക്കില്ല. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കാവല്‍ക്കാരനായി നിലകൊള്ളുമെന്നും മോദി ഉറപ്പുനല്‍കി. ഇത് ഏതെങ്കിലും ഒരുമത വിഭാഗത്തിന്റെ മാത്രം വിശ്വാസകാര്യമല്ല. എല്ലാവര്ക്കും തുല്യനീതി നടപ്പാക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ എല്ലാ വിശ്വാസികള്‍ക്കും ഒപ്പമാണ്. അതില്‍ ജാതിയില്ല. മതവുമില്ല. അത് അസന്നിഗ്ധമായി പ്രഖ്യാപിക്കാനും എന്‍ഡിഎയ്ക്ക് മടിയില്ല. മതത്തിന്റെ പേരില്‍ മോദിയെ പഴിചാരുന്നവര്‍ ഇരുട്ടില്‍ കരിമ്പൂച്ചയെ തപ്പുകയാണ്.
വിശ്വാസ വിഷയത്തില്‍ കോണ്‍ഗ്രസിന് ദല്‍ഹിയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണ്. ഇത് ജനം തിരിച്ചറിയും. കേരളത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനങ്ങളോട് ബഹുമാനമില്ല. മനുഷ്യ ജീവനുകള്‍ക്കും വിശ്വാസങ്ങള്‍ക്കും അവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. പൂജാ കര്‍മങ്ങള്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നമ്മുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ അവര്‍ക്ക് ഒരിക്കലും സാധിക്കില്ല. ഈശ്വരന്റെ പേര് പരാമര്‍ശിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്യുന്നു. ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യക്കു വേണ്ടിയാണെന്ന സന്ദേശം നല്കാനാണെങ്കില് വയനാട്ടിനുപകരം തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിച്ച് സന്ദേശം നല്കാമായിരുന്നില്ലേ? കോണ്‍ഗ്രസിന്റെ പ്രീണനം, കാഴ്ചപ്പാട്, ആശയം എന്നിവ രാജ്യവിരുദ്ധമാണ്. അമേഠിയിലെ വികസന കാഴചപ്പാടുമായാണ് രാഹുല്‍ കേരളത്തില്‍ വന്നിരിക്കുന്നത്. നമുക്ക് വിവരങ്ങള്‍ ലഭിക്കാന്‍ ഇന്റര്‍നെറ്റ് ഡാറ്റാ ചെലവ് കുറഞ്ഞരീതിയില്‍ ലഭ്യമാക്കുന്നതിനാല്‍ അമേഠിയിലെ വിവരങ്ങള്‍ ലഭിക്കാന്‍ അധികം പ്രയാസമില്ല. ജനങ്ങളോടുള്ള നരേന്ദ്രമോദിയുടെ ഈ ഉപദേശം കോണ്‍ഗ്രസിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. വീണ്ടും മോദി ഭരണം വന്നാല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം ആര്‍എസ്എസ് ഭരണഘടനയാണ് വരാന്‍ പോകുന്നതെന്നാണ് എ.കെ. ആന്റണി പ്രസ്താവിച്ചത്. ഇത്രയും കുടുസ്സായ മനസ്സാണ് ഉന്നത നേതാക്കള്‍ക്കുപോലും എന്നറിയുമ്പോള്‍ ആരും അത്ഭുതപ്പെട്ടുപോകും. ആരെന്തുപറഞ്ഞാലും വീണ്ടും വരണം മോദി ഭരണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതേ സംഭവിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: