ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ വടകരയിലും, തിരുവനന്തപുരത്തും കോണ്‍ഗ്രസ്സിലെയും സിപിഎമ്മിലെയും ഒരു വിഭാഗം ധാരണയിലെത്തിയതായി ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. വടകരയില്‍ കെ. മുരളീധരനെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം കാലുവാരും, പകരം തിരുവനന്തപുരത്ത് ശശി തരൂരിനെ സിപിഎം സഹായിക്കും ഇതാണ് ധാരണ. എന്നാല്‍ വോട്ടര്‍മാര്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് എന്‍ഡിഎയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ധാരണയില്‍ എത്തിയതിന് ശേഷമാണ്. കോണ്‍ഗ്രസിലെ ചില ബ്രോക്കര്‍മാരാണ് ഇതിന് പിന്നില്‍. നീരവ് മോദി ഉള്‍പ്പടെയുള്ള വന്‍ തട്ടിപ്പുകാരെ സഹായിച്ചതും ഇത്തരത്തിലുള്ളവരായിരുന്നു. കുമരകം സംഭവങ്ങള്‍ ആവര്‍ത്തിക്കാനാണോ വയനാട്ടില്‍ രാഹുലിനെ എത്തിച്ചതിന് പിന്നിലെന്ന് കെ.സി. വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം.
പിണറായി സര്‍ക്കാര്‍ വിദേശ മരുന്ന് കമ്പനികള്‍ക്ക് വേണ്ടി കേരളത്തിന്റെ ആരോഗ്യമേഖലയെ ഒറ്റു കൊടുക്കുകയാണ്. കാനഡയുമായി പിണറായി വിജയനുള്ള ബന്ധം അന്വേഷിക്കണം. മസാല ബോണ്ട്, ലാവ്‌ലിന്‍ അഴിമതി, ഒടുവില്‍ കിരണ്‍ സര്‍വേ വിവാദം തുടങ്ങിയവയെല്ലാം കാനഡയുമായി ബന്ധപ്പെട്ടതാണ്. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















