ശബരിമല: മേട മാസ, വിഷു പൂജകള്‍ക്കായി തുറന്ന ശബരിമലനട ഇന്ന് അടയ്‌ക്കും. നെയ്യഭിഷേകത്തിനും പതിവ് പൂജകള്‍ക്കും ശേഷം രാത്രി 10ന് അയ്യപ്പനെ യോഗദണ്ഡും ജപമാലയും ധരിപ്പിച്ച് ഭസ്മാഭിഷിക്തനാക്കി യോഗ നിദ്രയിലാക്കി ഹരിവരാസനം ചൊല്ലി മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി തിരുനട അടയ്‌ക്കും.
ഇന്ന് രാവിലെ 11 വരെ നെയ്യഭിഷേകത്തിന് അവസരമുണ്ട്. മണ്ഡല, മകരവിളക്ക് കാലത്തേയും കഴിഞ്ഞ മാസ പൂജാ ഉത്സവ കാലയളവിനെയും അപേക്ഷിച്ച് തികച്ചും ശാന്തമായ അന്തരീക്ഷമാണ് മേടമാസ പൂജാവേളയില്‍ സന്നിധാനത്തും പരിസരത്തും നിലനിന്നത്. തെരഞ്ഞെടുപ്പായതിനാല്‍ യുവതികള്‍ എത്താതിരിക്കാന്‍ പോലീസിന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. നിലയ്‌ക്കലില്‍ വനിതാ പോലീസിന്റെ കര്‍ശന പരിശോധന ഉണ്ടായിരുന്നു. പ്രായത്തില്‍ സംശയം തോന്നുന്ന സ്ത്രീകളെ തിരിച്ചറിയല്‍ രേഖ പരിശോധിച്ചാണ് പമ്പയിലേക്ക് വിട്ടത്.
വിഷുവിനോട് അനുബന്ധിച്ച രണ്ട് ദിനങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തിന് അകത്തുനിന്നുമുള്ള തീര്‍ഥാടകര്‍ ധാരാളമായി ഇത്തവണ ദര്‍ശനത്തിനെത്തി. പതിവുപോലെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് തീര്‍ഥാടകരില്‍ ഏറെയും എത്തിയത്. പമ്പയിലെ ജലനിരപ്പ് തീരെ താഴ്ന്നത് ഭക്തരെ ഏറെ ബുദ്ധിമുട്ടിലാക്കി. ഇടവമാസ പൂജകള്‍ക്കായി മെയ് 14ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും.
















