ന്യൂദല്‍ഹി: കടക്കെണിയില്‍ പെട്ട് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച ജെറ്റ് എയര്‍വെയ്സ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഒാഹരികള്‍ വില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിലൂടെ പണം കണ്ടെത്തി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജെറ്റ് അധികൃതര്‍.
അടിയന്തരമായി 400 കോടി രൂപ തേടിയെങ്കിലും ബാങ്കുകള്‍ വായ്പ നല്കാത്തതിനാല് ഗത്യന്തരമില്ലതെ ബുധനാഴ്ചയാണ് ജെറ്റ് എയര്‍വെയ്സ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ബുധനാഴ്ച മുബൈയില്‍ നിന്ന് അമൃതസറിലേക്ക് രാത്രി പത്തരയ്ക്ക് നടത്തിയ സര്‍വീസായിരുന്നു അവസാനത്തേത്.
1500 കോടി ചെലവിട്ട് എയര്ലൈനെ പുനരുജ്ജീവിപ്പിക്കാന്‍ മാര്‍ച്ച് 25ന് തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പായില്ല. തുര്‍ടന്നാണ് 400 കോടി അടിയന്തര വായ്പ തേടിയത്. നിലവില്‍ 6 വിമാനങ്ങള്‍ മാത്രം കൈവശമുള്ള ജെറ്റ് ഓഹരി വിറ്റ് വീണ്ടും പ്രവര്‍ത്തനം ശക്തമാക്കാനുള്ള തീവ്രശ്രമത്തിലാണ്. മെയ് പത്തിനാണ് ഓഹരി വില്‍പ്പന ആരംഭിക്കുക.
അതിനിടെ’പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. 25000ലേറെ ജീവനക്കാരാണ് ജെറ്റിലുള്ളത്. വിമാന സര്‍വീസുകള്‍ എല്ലാം നിര്‍ത്തിയതോടെ ജെറ്റിന്റെ ഓഹരി വില ഇടിഞ്ഞു. 30 ശതമാനമാണ് ഇടിവ്. ഇന്‍ഡിഗോ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയരണ്ടാമത്തെ സ്വകാര്യ എയര്‍ലൈനായിരുന്നു ജെറ്റ്. 52 കേന്ദ്രങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. 1992-ല്‍ തുടങ്ങിയ ജെറ്റ് 2006-ല്‍ വിപുലമായ വികസനം നടത്തിയിരുന്നു. കുഴപ്പമില്ലാതെ മുന്നേറിയ എയര്‍ലൈന്‍ 2018ലാണ് കനത്ത നഷ്ടത്തിലായി പ്രതിസന്ധി തുടങ്ങിയത്. വിമാനങ്ങളുടെ വാടകയും ശമ്പളവും മറ്റു ചെലവുകളും വരുമാനവും തമ്മില്‍ കൂട്ടിമുട്ടാത്ത അവസ്ഥയായി, വിമാനങ്ങള്‍ വാടകയ്ക്ക് നല്കിയ മറ്റ് എയര്‍ലൈനുകള്‍ അവ മടക്കി വാങ്ങി. വലിയ കുടിശിക വന്നതോടെ ഇന്ധനക്കമ്പനികള്‍ ഇന്ധനം നല്‍കാതെയായി, അതോടെ സര്‍വീസുകള്‍ പലതും മുടങ്ങി, വരുമാനം വന്‍തോതില്‍ കുറഞ്ഞു. അങ്ങനെയാണ് കടം വര്‍ധിച്ചതും പ്രതിസന്ധി രൂക്ഷമായതും.
വ്യോമയാന ഡയറക്ടര്‍
കൃത്യമായ പദ്ധതി തേടി
ജെറ്റ് എയര്‍വെയ്സിന്റെ പുനരുദ്ധാരണത്തിന് കൃത്യവും വിശ്വാസ്യതയുള്ളതുമായ പദ്ധതി സമര്‍പ്പിക്കാന്‍ വ്യോമയാന ഡയറക്ടര്‍ ആവശ്യപ്പെട്ടു.8000 കോടിയാണ് ജെറ്റിന്റെ കടബാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: