തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുക എന്നാല്‍ ജനാധിപത്യ നടപടിക്രമങ്ങളെ തകിടം മറിക്കുക എന്നാണര്‍ഥം. നിര്‍ഭാഗ്യവശാല്‍ ഈ രാജ്യത്തെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളെ പ്രതിപക്ഷം സമൂലം അട്ടിമറിക്കാന്‍ നോക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഒരു ഉത്സവമാണ്. ജനാധിപത്യ ശ്രീകോവിലില്‍ കൊടിയേറ്റിനുള്ള കേളികൊട്ടാണ് തെരഞ്ഞെടുപ്പ്. ഇത്തവണ ഏഴു ഘട്ടമായി ആയത് നടക്കുമ്പോള്‍ പരിഭ്രമിച്ചിരിക്കുന്ന, ആശങ്കപ്പെടുന്ന ശക്തികള്‍ വളരെ ഏറെയുണ്ട്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവരെ തെരഞ്ഞെടുപ്പ് ബാധിക്കുന്നു എന്നവര്‍ക്കറിയാം.
അത്തരം ശക്തികളുടെ ചില കൈക്രിയകള്‍ ഈ ജനാധിപത്യ സംവിധാനത്തെ മൊത്തം അലങ്കോലപ്പെടുത്താന്‍ പോരുന്നതാണ്. ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ അത്തരം അജണ്ടാധിഷ്ഠിത രാഷ്ട്രീയക്കാര്‍ പണി തുടങ്ങി എന്നുവേണം കരുതാന്‍. അതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വോട്ടിങ് രീതിയെക്കുറിച്ചാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഒരു ബൂത്തില്‍ പോള്‍ ചെയ്യപ്പെടുന്ന വോട്ടുകളില്‍ 50 ശതമാനവും വിവിപാറ്റു(വോട്ടര്‍ വേരിഫയബ്ള് പേപ്പര്‍ ഓഡിറ്റ് ട്രയല്‍)മായി ഒത്തുനോക്കി ബോധ്യപ്പെടണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ വോട്ടിങ് യന്ത്രത്തെ മൊത്തം സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയായിരുന്നു ആരോപണം. അത് പച്ചപിടിക്കുന്നില്ലെന്ന് ബോധ്യമായതിനെതുടര്‍ന്നാണ് പുതിയ വഴി തേടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ ഇടപെടുവിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തുകയാണ് ലക്ഷ്യം.
മറ്റു രാജ്യങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളെ പോലെയല്ല ഭാരതത്തിലെ പ്രതിപക്ഷ കക്ഷികള്‍. ഭരണകൂടത്തിന്റെ ഏതു നടപടിയെയും കണ്ണുംപൂട്ടി എതിര്‍ക്കുകയും പൊതുജനമനസ്സില്‍ ആശങ്കയും സംശയവും ഉയര്‍ത്തുകയെന്ന അജണ്ടയാണ് അവര്‍ക്കുള്ളത്. രാജ്യത്തെ മൊത്തം ബാധിക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശത്രുരാജ്യത്തിന്റെ നിലപാട് സ്വീകരിച്ചുകൊണ്ട് രാജ്യത്തിനെതിരെ രഹസ്യ യുദ്ധത്തിനാണ് അവര്‍ ശ്രമിക്കുന്നത്. ബാലക്കോട്ടിലെയും മറ്റും നടപടികളില്‍ ശത്രുരാജ്യത്തെക്കാള്‍ കൂടുതല്‍ വീറോടെ ഭരണ നേതൃത്വത്തിനെതിരെ പട നയിക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിച്ചത്. ഒരര്‍ഥത്തില്‍ അത് ശത്രുരാജ്യത്തിന് കൂടുതല്‍ ഊര്‍ജം ലഭിക്കാന്‍ വഴിവെച്ചു.
ഏതാണ്ട് അതേ മനോഗതിയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയക്കെതിരെയുമുള്ളത്. ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ ലയവും താളവും പ്രതിപക്ഷ കക്ഷികളില്‍ അമ്പരപ്പും പരിഭ്രമവും ഉണ്ടാക്കിയിട്ടുണ്ട്. കേന്ദ്ര ഭരണത്തിനെതിരെ നട്ടാല്‍ പൊടിക്കാത്ത ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ചിട്ടും വോട്ടെടുപ്പില്‍ അതൊന്നും പ്രതിഫലിച്ചിട്ടില്ലെന്ന് മാത്രമല്ല അനുകൂല തരംഗമാണ് ഉണ്ടാവുന്നത്. തങ്ങളുടെ വഴിയിലേക്ക് വോട്ടര്‍മാരെ ആട്ടിത്തെളിച്ചുകൊണ്ട് പോകാനുള്ള ശ്രമത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടി കിട്ടിയതിന്റെ അനന്തരഫലമാണ് പ്രതിപക്ഷ കക്ഷികളുടെ അസ്വസ്ഥത. സാധാരണഗതിയില്‍ ജനങ്ങളെ മോദി സര്‍ക്കാരിനെതിരെ തിരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ വേറെ കുതന്ത്രങ്ങളിലൂടെ ലക്ഷ്യം നേടാനുള്ള ശ്രമമാണ് വിവിപാറ്റിനെ ബന്ധപ്പെടുത്തിയുള്ള ആരോപണവും അത് സുപ്രീംകോടതിയില്‍ എത്തിക്കാനുള്ള നീക്കവും.
എവിടെയും ജയം കിട്ടാത്ത അവസ്ഥ സ്വയം ഏറ്റെടുക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തെ അതിന്റെ വഴിക്കുവിടാനാണ് ജനാധിപത്യം ആഗ്രഹിക്കുന്ന ആരും ആഗ്രഹിക്കുക. വെറും കണക്കും അതിനെ അധികരിച്ചുള്ള വിലയിരുത്തലുമല്ല തെരഞ്ഞെടുപ്പ് എന്ന് മനസ്സിലാക്കാത്തവര്‍ ഇവിടത്തെ പ്രതിപക്ഷമായിരിക്കുമെന്നതില് സംശയമില്ല. ഏത് കച്ചിത്തുരുമ്പും പിടിച്ച് ഉയര്‍ന്നു വരാനാണ് അവര്‍ ശ്രമിക്കുക. അങ്ങനെ കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് സ്വയം നടന്നുനീങ്ങുന്ന അവരെ പിന്തിരിപ്പിക്കേണ്ടതില്ല എന്ന് ഈ തെരഞ്ഞെടുപ്പോടെ ഇവിടത്തെ ജനസാമാന്യം ദൃഢനിശ്ചയമെടുക്കും; സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: