അമേഠി/ന്യൂദല്‍ഹി: അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്ന വാര്‍ത്ത ദുരൂഹതയാണ് സൃഷ്ടിച്ചത്. കോണ്‍ഗ്രസ് ചമച്ചുവിട്ട വാര്‍ത്ത മണിക്കൂറുകള്‍ക്കുള്ളില്‍ തുറന്നുകാട്ടപ്പെടുകയും ചെയ്തു. റോഡ് ഷോക്കിടയില്‍ ഒരു ‘പച്ച ലേസര്‍ ലൈറ്റ്’ രാഹുലിന്റെ ശരീരത്തില്‍ കണ്ടു എന്നും അത് അദ്ദേഹത്തെ വധിക്കാന്‍ തയാറാക്കിയ പദ്ധതിയാണ് എന്നുമാണ് ആക്ഷേപം. വാര്‍ത്ത പുറത്തുവിട്ടതോടെ ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കാന്‍ തുടങ്ങി. ‘രാഹുലിനെ വധിക്കാന്‍ എന്തോ പദ്ധതി’ എന്ന മട്ടിലാണ് അവര്‍ അതിനെ കണ്ടത്.
ഇത് ആസൂത്രിതമാണ് എന്നതില്‍ സംശയമില്ല. വോട്ടെടുപ്പ് തുടങ്ങിയ ദിവസം വോട്ടിങ്ങിനിടെ ഇങ്ങനെയൊരു വാര്‍ത്ത സൃഷ്ടിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. എന്നാല്‍ മിനിറ്റുകള്‍ക്കകം എസ്പിജി ഇക്കാര്യത്തില്‍ വിശദീകരണം നല്കി. രാഹുല്‍ യാത്രചെയ്ത വാഹനത്തില്‍ എഐസിസി നിയോഗിച്ച ക്യാമറാമാന് ഉണ്ടായിരുന്നു എന്നും അയാളുടെ ക്യാമറയിലെ ലൈറ്റ് ആണ് അതെന്നുമാണ് വിശദീകരണം. അതാണ് യാഥാര്‍ഥ്യവും. എന്നാല്‍ അതുപോലും പരിശോധിക്കാതെയാണ് കോണ്‍ഗ്രസ് സ്വന്തം പാര്‍ട്ടി അധ്യക്ഷനെ വധിക്കാന്‍ ശ്രമിച്ചു എന്ന പരാതിയുമായി തെരുവിലിറങ്ങിയത്. ഇത്തരമൊരു നാടകം മുന്‍പും കോണ്‍ഗ്രസ് കളിച്ചിട്ടുണ്ട്; 1977-ല്‍ തന്നെ, അതും അമേഠിയില്‍.
രാഹുല്‍ മാത്രമല്ല, സോണിയയും മകള്‍ പ്രിയങ്കയും എസ് പിജി സംരക്ഷണയിലാണ്. രാജ്യത്തെ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കൊക്കെ അനുവദിച്ചിട്ടുള്ള ഇസഡ് പ്ലസ് സുരക്ഷാ സംവിധാനമാണ് അവര്‍ക്ക് ഇന്നുള്ളത്. മകള്‍ ജനപ്രതിനിധി ഒന്നുമല്ലെങ്കിലും താമസിക്കുന്നത് സര്‍ക്കാര്‍ ബംഗ്ലാവിലാണ്. സ്വാഭാവികമായും അവരുടെ എല്ലാം സുരക്ഷാസംവിധാനം എസ്പിജി ആണ് നോക്കുന്നത്. അവര്‍ അത് യഥാസമയം വിലയിരുത്തുന്നുണ്ടാവണം. എന്നാല്‍ ഈ സുരക്ഷാസംവിധാനമൊക്കെ മറികടന്ന്, അതൊക്കെ വേണ്ടെന്ന് എഴുതിക്കൊടുത്തുകൊണ്ടാണ്, ഇതേ രാഹുല്‍ പലപ്പോഴും യാത്ര ചെയ്തിട്ടുള്ളത് എന്നത് മറന്നുകൂടാ. അദ്ദേഹത്തിന്റെ വിദേശത്തെ ‘രഹസ്യ യാത്രകള്‍’ ഓര്‍മിക്കുക.
കേന്ദ്ര സര്‍ക്കാരിന് കോണ്‍ഗ്രസ് കൊടുത്തിട്ടുള്ള കത്തില്‍ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വധത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രത്തിന് വേണ്ടി തീവ്രവാദത്തിന് കീഴടങ്ങി എന്നാണ് അവരെക്കുറിച്ച് കോണ്‍ഗ്രസ് പറഞ്ഞത്. അവരുടെ വധത്തില്‍ രാജ്യം ദുഃഖിച്ചിട്ടുണ്ട്. രണ്ടുപേരും മരണമടയുന്നത് പ്രധാനമന്ത്രി ആയിരിക്കെയുമാണല്ലോ. അവരുടെ കാര്യം കൂടി എടുത്തു പറഞ്ഞ് വീണ്ടും സഹതാപവികാരമുണ്ടാക്കാനുള്ള ശ്രമമാണോ ഇപ്പോള്‍ നടത്തിയതെന്നും സംശയിക്കണം.
സ്വന്തം ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ നിന്നുള്ള ലേസര്‍ ലൈറ്റ് ദേഹത്തില്‍ പതിച്ചത് വെറുതെ ഊതി വീര്‍പ്പിക്കുകയായിരുന്നു എന്ന് ഇതിനകം എസ്പിജി സ്ഥിരീകരിച്ചിട്ടുണ്ടല്ലോ. രാഹുലിനെപ്പോലെ ഒരാളെ സംബന്ധിച്ചാവുമ്പോള്‍ ബഹളവുമായി ഇറങ്ങുന്നതിന് മുന്‍പ് എന്താവാം ഇതെന്ന് ഒന്ന് ആലോചിക്കാമായിരുന്നില്ലേ കോണ്‍ഗ്രസ്സുകാര്‍ക്ക്?
1977ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വേള. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള പൊതുതെരഞ്ഞെടുപ്പ്. അന്ന് അമേഠിയില്‍ മത്സരിച്ചത് സഞ്ജയ് ഗാന്ധിയാണ്. രവീന്ദ്ര പ്രതാപ് സിങ് (ജനത പാര്‍ട്ടി) എതിരാളിയും. ‘സഞ്ജയ് ഗാന്ധിയെ വധിക്കാന്‍ ശ്രമം’ എന്നൊരു വാര്‍ത്ത കോണ്‍ഗ്രസ് പടച്ചുവിട്ടു. ഒരു ദിവസം സന്ധ്യയോടെ ‘ആകാശവാണി’ ആണ് അന്ന് വാര്‍ത്ത പുറത്തുവിടുന്നത്. പിറ്റേന്ന് രാജ്യമെമ്പാടും പ്രതിഷേധം; ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമുയരുന്നു. യഥാര്‍ഥത്തില്‍ പരാജയഭീതിയില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ ഒരു തുറുപ്പുചീട്ടായിരുന്നു ഈ വധശ്രമ നാടകം. അത് ഏശിയില്ല. അമേഠിയിലെ ജനത സഞ്ജയ് ഗാന്ധിയെ പരാജയപ്പെടുത്തുകയും ചെയ്തു.
ഇന്നിപ്പോള്‍ അമേഠിയില്‍ രാഹുല്‍ പരാജയ ഭീതിയിലാണ് എന്നത് ആര്‍ക്കുമറിയാം. പത്രിക നല്കിയ ദിവസം വലിയ ചലനമുണ്ടാക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വേണ്ടത്ര വിജയിച്ചില്ല എന്നതാണ് വിലയിരുത്തല്‍. അതേസമയം ഇന്നലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി അമേഠിയെ അക്ഷരാര്‍ഥത്തില്‍ ഇളക്കി മറിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ റോഡ് ഷോയില്‍ അണിനിരക്കുകയും ചെയ്തു. അമേഠിയിലെ ചുമരെഴുത്ത് കോണ്‍ഗ്രസ്സിന് മനസ്സിലായിരുന്നു, നേരത്തെ തന്നെ. അതുകൊണ്ടാണല്ലോ രാഹുല്‍ വയനാട്ടിലേക്ക് ഓടിയത്. പരാജയം തുറിച്ചു നോക്കുന്നു എന്ന യാഥാര്‍ഥ്യമാവണം ഇത്തരമൊരു കള്ളക്കഥ മെനയാന്‍ ഇന്നിപ്പോള്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: