തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നു മുതല്‍ രണ്ടു ദിവസത്തേക്കാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സംസ്ഥാന വ്യാപകമായി ചൂട് വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യാതപ സാധ്യത വര്‍ധിക്കുമെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പും തുടരുന്നുണ്ട്.
താപനില 40 ഡിഗ്രിയിലും കുറവാണെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുതലായുള്ള കാലാവസ്ഥയാണ് കേരളത്തിലേത്. ഇതാണ് നേരിട്ട് അനുഭവപ്പെടുന്ന ചൂട് കൂടുതലാവാന്‍ കാരണം. വരും ദിവസങ്ങളില്‍ സൂര്യാതപത്തിനും സൂര്യഘാതത്തിനുമുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. നേരിട്ട് വെയില് ഏല്‍ക്കുന്നത് പകല്‍ 11 മുതല്‍ മൂന്നു വരെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
35 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് പ്രവചിക്കുന്നതെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടി കണക്കിലെടുത്താല്‍ നാല്‍പ്പതിലധികം ഡിഗ്രി ചൂട് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. തീരങ്ങളില്‍ ഈര്‍പ്പത്തിന്റെ അളവ് വളരെക്കൂടുതലാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനങ്ങള്‍ പ്രകാരമുള്ള ഭൂപടങ്ങളിലെ സൂചനകള്‍ പ്രകാരം 14 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി താപ സൂചിക വര്‍ധിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളുടെ മിക്കവാറും എല്ലാ പ്രദേശങ്ങളും പത്തനംതിട്ടയുടെ ചില ഭാഗങ്ങളിലും സൂര്യാഘാത സാധ്യത വളരെ കൂടുതലാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: