കേരളത്തിലെ നിരത്തുകളില്‍ അനുദിനം പൊലിയുന്ന ജീവിതങ്ങള്‍ മനുഷ്യമനസ്സുകളില്‍ കണ്ണീര് പടര്‍ത്തുകയാണ്. പാലാ-തൊടുപുഴ റോഡില്‍ കഴിഞ്ഞ ദിവസം അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഭീകരമായ കാറപകടം വിരല്‍ചൂണ്ടുന്നതു പേടിപ്പെടുത്തുന്ന സത്യത്തിലേക്കാണ്. വീട്ടില്‍ നിന്ന് വാഹനമെടുത്ത് പോയയാള്‍ തിരികെ എത്തുമെന്ന് ഒരുറപ്പുമില്ലാത്ത സ്ഥിതിയായിരിക്കുന്നു. ഒരാഴ്ചക്കിടെ ഡസനിലേറെ പേരാണ് ഇങ്ങിനി വരാത്തവിധം ചിറകടിച്ച് പറന്നുയര്‍ന്നത്. ചിലര്‍ ജീവച്ഛവമായി കിടക്കുന്ന കണ്ണീര്ക്കാഴ്ചയും അതിനൊപ്പം കാണേണ്ടി വരുന്നു.
കേരളത്തിലെ സ്ഥിതിഗതികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാംകൊണ്ടും ദൈവം അനുഗ്രഹിച്ച നാടെന്നാണ് പറയാറ്. അതിന് തക്കവണ്ണമുള്ള ഒരു പേരും കല്പ്പിച്ചു കിട്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ആ പേരിനെ പോലും അപഹസിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്.
ജീവിതശൈലിയും ആധുനിക സൗകര്യങ്ങളും ഒരര്‍ത്ഥത്തില്‍ ചിലരെ ഭ്രാന്തമായ മാനസികാവസ്ഥയിലെത്തിക്കുന്നോ എന്ന സംശയം അസ്ഥാനത്തല്ല. കരുത്തും കുതിപ്പും സൗകര്യവുമുള്ള വാഹനങ്ങള്‍ ദിനംപ്രതി നിരത്തിലിറങ്ങുകയാണ്. സെക്കന്റുകള്‍ക്കുള്ളില്‍ ചീറിപ്പായാന്‍ പര്യാപ്തമായ തരത്തിലാണ് അവയില്‍ ബഹുഭൂരിപക്ഷത്തിലെയും സംവിധാനങ്ങള്‍. എന്നാല്‍ അത് കൈകാര്യം ചെയ്യുന്നവര്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധയും ജാഗ്രതയും പുലര്‍ത്താറില്ല. അപകടങ്ങളുടെ പ്രധാന കാരണം ഈ അശ്രദ്ധ തന്നെ. കുതിച്ചുപായുമ്പോള്‍ പൊടുന്നനെ ബ്രേക്ക് കൊടുത്താല്‍ പോലും വിചാരിച്ച രീതിയില്‍ വാഹനം നില്‍ക്കണമെന്നില്ല.
സര്വസജ്ജീകരണവുമുള്ള വാഹനങ്ങളാണെങ്കിലും അവയ്ക്ക് സുഗമമായി പോകാനുള്ള റോഡുകളല്ല കേരളത്തിലുള്ളതെന്നതാണ് മറ്റൊരു കാര്യം. റോഡുകളുടെ അശാസ്ത്രീയ നിര്‍മാണവും അറ്റകുറ്റപ്പണികളിലെ അലംഭാവവും പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു. ഡ്രൈവിങ്ങിലെ ജാഗ്രതക്കുറവും റോഡുകളിലെ അപാകങ്ങളും കൂടിയാവുമ്പോള്‍ ചോരക്കഥകളുടെ പുതുഭാഷ്യങ്ങള്‍ അനുദിനം ഉയര്‍ന്നുവരികയാണ്.
ഒരു നിമിഷ നേരത്തെ അശ്രദ്ധ സ്വന്തം ജീവിതം മാത്രമല്ല നിരപരാധികളുടെ ജീവിതം കൂടി തകിടം മറിക്കും. കുതിച്ചു ചാടാനുള്ള വെമ്പല്‍ യുവജനങ്ങളില്‍ സ്വതേയുള്ളതാണെങ്കിലും യന്ത്രവുമായി ഇടപഴകുമ്പോള്‍ അതിനൊരു നിയന്ത്രണം അനിവാര്യമാണ്. ഒരിക്കലും കുതിച്ചുയരാന്‍ കഴിയാത്ത വിധത്തില്‍ എത്തിപ്പെടുന്നത് സ്വന്തം പിഴവുമൂലമാണെന്ന് തിരിച്ചറിയേണ്ടതല്ലേ?
എത്ര ജീവന് വേണമെങ്കിലും നശിപ്പിക്കാന്‍ കഴിയുമെങ്കിലും ഒരു ജീവന് പോലും നിര്‍മിക്കാന്‍ സാധ്യമല്ല എന്ന പ്രാഥമിക തിരിച്ചറിവ് ഉണ്ടായേ തീരൂ. ഗതാഗത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അധികൃതര്‍ യുക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഒരപകടം നടന്നാല്‍ കൂടിവന്നാല്‍ ഒരാഴ്ച ജാഗ്രതയുണ്ടാവും. അതിനു ശേഷം കാര്യങ്ങളെല്ലാം പഴയപോലെയാവുന്നു. അഥവാ അപകടമുണ്ടായാല്‍ ചിലരെ വേണ്ടപോലെ കണ്ടാല്‍ എല്ലാ ഊരാക്കുടുക്കുകളും ഊരിക്കൊടുക്കുന്നു. ഇത്തരം അവസ്ഥയ്ക്കാണ് ശമനമുണ്ടാകേണ്ടത്.
ശരിയായ ഡ്രൈവിങ് സംസ്കാരമില്ലാത്തതാണ് കേരളത്തിന്റെ ശാപമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചെറിയ കടമ്പ കടന്നാല്‍ റോഡില്‍ എന്തഭ്യാസത്തിനും അംഗീകാരം കിട്ടിയെന്ന നിലപാടാണ് ഉള്ളത്. ഇതിന് അറുതിയുണ്ടാവണം. കര്‍ക്കശമായ നിബന്ധനകളും നടപടികളും വേണം. അതൊക്കെ അനുസരിക്കാനും അംഗീകരിക്കാനും തയാറാകുന്നവര്‍ക്ക് മാത്രമായി ഡ്രൈവിങ് ലൈസന്‍സ് പരിമിതപ്പെടുത്തണം. റോഡ,് സര്‍ക്കസ് കളിക്കാനുള്ളതല്ലെന്ന് ഓര്മപ്പെടുത്താന് അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കണം. എങ്കിലേ ഈ ചോരക്കറകള്‍ മായുകയുള്ളൂ. സമൂഹം രക്ഷപ്പെടുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: