ഗര്ഭസ്ഥനായ് ഭൂവിജനിച്ചും മരിച്ചു മുദ-
കപ്പോളപോലെ ജനനാന്ത്യേന നിത്യഗതി
ത്വല്ഭക്തിവര്ദ്ധനമുദിക്കേണമെന് മനസി
നിത്യം തൊഴായ്വരിക നാരായണായ നമഃ
ഗര്ഭാവസ്ഥ
മുതല് മരണം വരെയുള്ള നമ്മുടെ ജീവിതം
നീര്ക്കുമിള
പോലെ എപ്പോഴും തകര്ന്നുപോകാ വുന്നതാണ്.
എന്നാല്, ജന്മം ഒടുങ്ങി മോക്ഷം ലഭിക്കണമെങ്കില് ഈശ്വരഭക്തി ഉണ്ടായേ പറ്റൂ. അതിനായി നിന്നെ ഞാന് നമസ്കരിക്കുന്നു. അമ്മയുടെ വയറ്റില്
പിറക്കുന്ന നിമിഷം മുതല് മരണത്തിലേക്കുള്ള പ്രയാണവും ആരംഭിക്കുന്നു. ജീവനുള്ളവയ്ക്കെല്ലാം ഈ ചാക്രികഗതി കൂടിയേ കഴിയൂ.
ഉദകപ്പോളപോലെ എന്ന താരതമ്യം ഏറ്റവും ശ്രദ്ധേയമാണ്.
”ജലത്തിലെപ്പോളകളെന്നപോലെ
ചലം മനുഷ്യര്ക്കു ശരീരബന്ധം”
എന്ന കുഞ്ചന് നമ്പ്യാരുടെ വരികളും ഓര്മ്മിക്കുക.
കാലത്തിന്റെ പ്രവാഹത്തില് അങ്ങനെ ഒഴുകിക്കൊണ്ടിരിക്കുന്ന നമ്മള്, ഈശ്വരനില് ആത്മസമര്പ്പണം നടത്തുകയാണ് ചെയ്യേണ്ടത്. അതിലൂടെ മാത്രമേ മോക്ഷപദത്തിലെത്താനാവൂ എന്ന് കവി വ്യക്തമാക്കുന്നു.
കാമം കൊണ്ട് ഗോപസ്ത്രീകള്ക്കും ഭയം കൊണ്ട് കംസനും സ്നേഹം കൊണ്ട് പാണ്ഡവന്മാര്ക്കും പരമഭക്തി കൊണ്ട് നാരദാദി മുനിമാര്ക്കുമെല്ലാം മോക്ഷപ്രാപ്തിയുണ്ടായെന്ന് ശ്രീമഹാഭാഗവതത്തില് സവിസ്തരം പ്രതിപാദിക്കുന്നുണ്ടല്ലോ. അപ്രകാരമുള്ള ഭക്തി എന്റെ മനസ്സിലും ഉണ്ടാക്കിത്തരണേ എന്നാണ് കവി, നാരായണനോട് പ്രാര്ത്ഥിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: