ന്യൂദല്‍ഹി: ആഗോള സാമ്പത്തിക വളര്‍ച്ച രംഗത്ത് അതിവേഗം കുതിക്കുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് അന്താരാഷ്‌ട്ര നാണയനിധി(ഐഎംഎഫ്)യിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്. ഇക്കൊല്ലവും അടുത്തകൊല്ലവും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതായിരിക്കുമെന്നും അവർ പറഞ്ഞു.
നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതും ഉപഭോഗം ഉയരുന്നതുമാണ് സമ്പദ് വ്യവസ്ഥക്ക് പ്രധാനമായും സഹായകരമാകുന്നത്. സാമ്പത്തിക ഘടനാ പരിഷ്‌കരണങ്ങളും, പൊതുകടം കുറയ്‌ക്കാനും ബാങ്കിംഗ് രംഗം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളും ഇന്ത്യയ്‌ക്ക് ഗുണം ചെയ്തതായാണ് പറയുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിക്കും. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 0.2 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിച്ചിട്ടുണ്ട്. വരും വര്‍ഷത്തില്‍ ഇത് 7.5 ശതമാനമായി ഉയരുമെന്നും നാണയനിധിയുടെ ഗീത ഗോപിനാഥ് വ്യക്തമാക്കുന്നു.
ചൈനയാണ് ഇന്ത്യയ്‌ക്ക് തൊട്ടു പിന്നില്‍ 2020 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയുടെ വളര്‍ച്ച 6.1 ശതമാനമായിരിക്കും. എന്നാലിത് മുന്‍ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് കുറവാണ്. 2019ല്‍ ഇത് 6.3 ശതമാനവും, 2018ല്‍ 6.6 ശതമാനവുമായിരുന്നു ചൈനയുടെ സാമ്പത്തിക വളര്‍ച്ച. 2020ല്‍ യുഎസ്-1.9%, ജര്‍മ്മനി-1.4%, ഫ്രാന്‍സ്-1.4%, സ്‌പെയ്ന്‍-1.9%, യു.കെ-1.4%, കാനഡ-1.9%, റഷ്യ-1.7%, ബ്രസീല്‍-2.5%, ജപ്പാന്‍-0.5% എന്നിങ്ങനെ വളര്‍ച്ച കൈവരിക്കും.
അതേസമയം ആഗോള സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 3.3 ശതമാനം മാത്രമായിരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു. ലോകരാജ്യങ്ങളില്‍ എഴുപത് ശതമാനവും ഈ വര്‍ഷം വളര്‍ച്ച മാന്ദ്യം നേരിടും. യൂറോപ്പില്‍ വളര്‍ച്ച ഇല്ലാതാവുകയോ നേരിയ തോതിലേക്കെത്തുകയോ ചെയ്യും. യുഎസ് ചൈനയുമായി നടത്തുന്നതു പോലെയുള്ള വ്യാപാരയുദ്ധങ്ങള്‍ തുടര്‍ന്നാല്‍ അതും ആഗോള സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമാകുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീത ഗോപിനാഥ് ആ സ്ഥാനം രാജി വച്ചതിന് ശേഷമാണ് ഐഎംഎഫില്‍ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായി ചുമതലയേല്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: