കോട്ടയം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന റെക്കോഡിന് ഉടമയാണ് കെ.എം. മാണി. 13 തവണ. 1975 ഡിസംബര്‍ 26 നാണ് മാണി ആദ്യം മന്ത്രിയായത്. പത്ത് മന്ത്രിസഭകളിലാണ് അദ്ദേഹം അംഗമായിരുന്നത്. ബേബിജോണിന്റെ റെക്കോര്‍ഡാണ് 2003 ജൂണ്‍ 22ന് അദ്ദേഹം സ്വന്തമാക്കിയത്. ഇത് മറികടക്കാന്‍ പിന്നീടാര്‍ക്കും കഴിഞ്ഞിട്ടില്ല.
സി. അച്യുതമേനോന്‍ മന്തിസഭയില്‍ തുടങ്ങി കഴിഞ്ഞ ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയില്‍ വരെ അദ്ദേഹം അംഗമായിരുന്നു. സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ (455 ദിവസം), കെ. കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം) ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു.
ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായ അദ്ദേഹം 4, 5, 6, 7, 9, 11, 13 എന്നീ ഏഴ് നിയമസഭകളില്‍ മന്തിയായി. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ല്‍ മന്ത്രിയായിരിക്കെ രാജിവക്കേണ്ടി വന്ന ഒരു ഇടവേളയ്‌ക്ക് ശേഷം അതേ മന്ത്രിസഭയില്‍ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്. 55 വര്‍ഷമായി ഒരേ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക്. 1964-ല്‍ പാലാ നിയോജകമണ്ഡലം രൂപീകരിക്കപ്പെട്ട കാലം മുതല്‍ തുടര്‍ച്ചയായി വിജയം, 1965 മുതല്‍ പാലായെ കെ.എം. മാണി തുടര്‍ച്ചയായി പ്രതിനിധീകരിക്കുന്നു. ഇത് റെക്കോഡാണ്. പതിമൂന്നാമത്തെ തെരഞ്ഞെടുപ്പിനെയാണ് കെ.എം.മാണി നേരിട്ടതെങ്കിലും 1965ല്‍ സത്യപ്രതിജ്ഞ നടക്കാത്തതിനാല്‍ 2016ലെ സത്യപ്രതിജ്ഞ 12-ാമത് തവണയായി.
1975 ഡിസംബറിലാണ് കെ.എം മാണി ആദ്യമായി മന്ത്രിയായത്. 1976- ല്‍ അച്യുത മേനോന്‍ മന്ത്രിസഭയിലായിരുന്നു ആദ്യ ബജറ്റ്. രാജ്യത്ത് ആദ്യമായി കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നടപ്പാക്കിയത് കെ.എം മാണിയാണ്, 1980ലെ ബജറ്റില്‍. ഏറ്റവും കൂടുതല്‍ കാലം നിയമമന്ത്രിയായിരുന്നതും അദ്ദേഹം തന്നെ.
















