വേലന്മാരുടെ ആദിമസങ്കേതമായി കരുതപ്പെടുന്ന തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലത്തു നിന്ന് മലനാട്ടിലേക്ക് ശിഷ്ടജനപാലനത്തിനായി കുണ്ഡോറച്ചാമുണ്ഡി എത്തി എന്നാണ് വിശ്വാസം.
ദാരികാസുര നിഗ്രഹം കഴിഞ്ഞ് ദേഹശുദ്ധി വരുത്താന്‍ കാവേരീതീര്‍ഥത്തിലെത്തിയ ചാമുണ്ഡി(കാളി) കുണ്ഡോറതന്ത്രിക്കും എട്ടില്ലം തന്ത്രിക്കും കുളിയിലും നിത്യകര്‍മങ്ങളിലും പിഴവു വരുത്തി. ചാമുണ്ഡിയുടെ വിദ്യയാണിതെന്നു മനസ്സിലാക്കിയ കുണ്ഡോറതന്ത്രി ചാമുണ്ഡിയെ ഒരു ചെമ്പുപാത്രത്തില്‍ ആവാഹിച്ചടച്ചു. ആ പാത്രവുമായി തന്ത്രിമാര്‍ പുറപ്പെട്ടു. ചാമുണ്ഡിയുടെ ശക്തികൊണ്ട് മൂന്നുദിവസം നടന്നെത്തേണ്ട വഴി മൂന്നു കാതമായി കുറഞ്ഞു.
ഒരു വൃക്ഷച്ചുവട്ടില്‍ പാത്രം വെച്ച് തന്ത്രിമാര്‍ വിശ്രമിച്ചു. തന്ത്രിമാര്‍ ഉറങ്ങിക്കിടന്ന സമയത്ത് ചാമുണ്ഡി ചെമ്പുപാത്രം പിളര്‍ന്ന് പുറത്തു വന്നു. കുമ്പളക്കോവിലകത്തെ നൂറ്റൊന്നാല പശുക്കളെ ചാമുണ്ഡി ഭക്ഷിച്ചു. ചാമുണ്ഡിയുടെ സാന്നിധ്യം നാടുവാഴിക്ക് മനസ്സിലായി. തന്റെ പശുക്കളെ തിരിച്ചു തന്നാല്‍ കുണ്ഡോറപ്പന്റെ വലത്തു ഭാഗത്ത് സ്ഥാനം നല്‍കാമെന്ന് നാടുവാഴി പ്രാര്‍ഥിച്ചു. പ്രാര്‍ഥന ദേവത കൈക്കൊണ്ടു. അങ്ങനെ കുണ്ഡോറയില്‍ സ്ഥാനം ലഭിച്ച ചാമുണ്ഡി കുണ്ഡോറച്ചാമുണ്ഡിയായി. പിന്നീട് ചാമുണ്ഡി അവിടെ നിന്ന് മലനാട്ടിലേക്ക് യാത്രതിരിച്ചു.
വഴിയില്‍ ശാസ്താവ് വഴിമുടക്കി നില്‍ക്കുന്നുണ്ടായിരുന്നു. ചാമുണ്ഡി അവിടെ ഒറ്റക്കാലില്‍ ഒരു വ്യാഴവട്ടക്കാലം തപസ്സനുഷ്ഠിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. ചാമുണ്ഡി കോപിഷ്ഠയായി. നാട്ടില്‍ അനര്‍ഥങ്ങളുണ്ടായി. ശാസ്താവിന്റെ തന്ത്രിയെ ഭക്ഷിച്ചു. അപ്പോള്‍ ശാസ്താവ് ശക്തി തെളിയിക്കാന്‍ ചാമുണ്ഡിയെ വെല്ലുവിളിച്ചു. ചാമുണ്ഡി പെരുമ്പുഴയിലെ മണല്‍പിരിച്ച് കയറുണ്ടാക്കി ശാസ്താവിന് കാഴ്ചവെച്ചു. ഇതുകണ്ടപ്പോള്‍ ശാസ്താവ് സന്തുഷ്ടനായി വഴിമാറിക്കൊടുത്തു. മലനാട്ടിലേക്കുള്ള സഞ്ചാരവഴിയില്‍ പലയിടത്തും കുണ്ഡോറച്ചാമുണ്ഡി കുടിയിരുന്നു.
കുണ്ഡോറച്ചാമുണ്ഡി കാളീസങ്കല്‍പമാണെങ്കിലും ആ തെയ്യത്തിന്റെ ഇളങ്കോലത്തെ (വെള്ളാട്ടം) ശിവനായിട്ടാണ് സങ്കല്‍പ്പിച്ചിട്ടുള്ളത് എന്നത് പ്രത്യേകതയാണ്. ശിവന്‍ അഗ്നി വിഴുങ്ങിയ കഥയെ അനുസ്മരിക്കുന്ന തരത്തില്‍ ഇളങ്കോലം നൃത്തത്തിനിടയില്‍ കത്തിച്ചതിരി കടിച്ചു പിടിക്കാറുണ്ട്. ഇളങ്കോലത്തിന് പുറത്തട്ട് (പിന്നില്‍ വച്ചു കെട്ടുന്ന വലിയ വൃത്താകാരത്തിലുള്ള അലങ്കാരം) വയ്‌ക്കുന്നതോടെ കാളീരൂപമായ കുണ്ഡോറച്ചാമുണ്ഡിയായി മാറുന്നു. പൊയ്മുഖം വച്ചും ഓലച്ചൂട്ട് പിടിച്ചും കുണ്ഡോറച്ചാമുണ്ഡിക്ക് ആട്ടമുണ്ട്.
(നാളെ: മാടായി കാരിക്കുരുക്കള്‍ അഥവാ പുലിമറഞ്ഞ തൊണ്ടച്ചന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: