ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്ന പരിപാടികളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കുന്നതിനും സംപ്രേക്ഷണത്തിനും മാധ്യമങ്ങള്‍ക്ക് വിലക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട നിര്‍ദ്ദേശത്തിലാണ് ഇതുസംബന്ധിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
എല്ലാ ഘട്ടങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിട്ടുണ്ട്. ജ്യോതിഷികള്‍, പ്രവചനങ്ങള്‍ നടത്തുന്നവര്‍, രാഷ്‌ട്രീയ വിശകലനങ്ങള്‍ നടത്തുന്നവര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവചനങ്ങള്‍ പാടില്ലെന്നാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ 11ന് ആദ്യഘട്ടവോട്ടെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ 11ന് രാവിലെ ഏഴു മണി മുതല്‍ മേയ് 19 വൈകുന്നേരം 6.30 വരെയാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ചൊവ്വാഴ്ച വൈകീട്ട് മുതല്‍ നിശബ്ദ പ്രചരണം മാത്രമേ പാടുള്ളൂ എന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജ്യോതിഷികള്‍, പ്രവചനക്കാര്‍, രാഷ്‌ട്രീയ വിദഗ്ധര്‍ തുടങ്ങിയവരുടേത് അടക്കം ഏതെങ്കിലും വിധത്തിലുള്ള പ്രവചനങ്ങള്‍ നടത്തുന്നത് ജനപ്രാതിനിധ്യ നിയമം 126എയുടെ ലംഘനമാണ്. ഇത്തരം പ്രവചനങ്ങള്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം പ്രവചനങ്ങള്‍ നിരോധിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
















