ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പകരം ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് രസീതുകള്‍ വീതം എണ്ണിയാല്‍ മതിയെന്ന് കോടതി അറിയിച്ചു.
നിലവില്‍ ഒരു അസംബ്ലി മണ്ഡലത്തിലെ ഒരു വിവിപാറ്റ് മെഷിനിലെ രസീതുകള്‍ ആണ് ഇപ്പോള്‍ എണ്ണുന്നത്. ഇത് അഞ്ച് മെഷിനുകള്‍ ആക്കാന്‍ ആണ് ഉത്തരവിട്ടിരിക്കുന്നത്.
അമ്പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ വിവിപാറ്റ് എണ്ണുന്നത് പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍ അറിയിച്ചത്. കൂടാതെ വിവി പാറ്റ് എണ്ണിയാല്‍ വോട്ടെണ്ണല്‍ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിച്ചു.
ഇതിനുള്ള മറുപടിയായി ഫലം അറിയാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചത്. ഇപ്പോഴുള്ളതിന്റെ ഇരട്ടി ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ രണ്ടര ദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കാനാകും എന്നും പ്രതിപക്ഷ കക്ഷികള്‍ അറിയിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം അവശേഷിക്കെയാണ് വിവിപാറ്റിന്റെ കാര്യത്തില്‍ ഉത്തരവായത്.
അമ്പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് കഴിഞ്ഞ ദിവസം ആം ആദ്മിയും ടിഡിപിയും അടക്കം 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാല്‍ മെയ് 23 ന് നിശ്ചയിച്ച ഫലപ്രഖ്യാപനം നടക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: