ന്യൂദല്‍ഹി : ബാലാകോട്ട് വ്യോമാക്രമണത്തിന് സമാനമായി ഇന്ത്യ വീണ്ടും പാക്കിസ്ഥാനില്‍ ആക്രമണത്തിന് ഒരുങ്ങുകയാണെന്ന പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ വാദങ്ങളെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളി. ഈ പ്രസ്താവന തീര്‍ത്തും നിരുത്തരവാദപരവും അസംബന്ധവുമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരവും അസംബന്ധവുമായ ഈ ആരോപണം തള്ളിക്കളയുന്നു. മേഖലയില്‍ യുദ്ധഭ്രാന്ത് നിലനിര്‍ത്താനുള്ള പരിശ്രമമാണ് ഇത്. ഭീകരര്‍ക്ക് ഇന്ത്യയെ ആക്രമിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് പാകിസ്ഥാന്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യ വിവരം ലഭിച്ചാല്‍ നയതന്ത്ര സ്ഥാപനങ്ങള്‍ വഴി അത് കൈമാറുകയാണ് വേണ്ടത്. അതിര്‍ത്തി കടന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് വിദേശമന്ത്രാലയ വക്താവ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചു.
ഇന്ത്യ ഈ മാസം ഏപ്രില്‍ 16നും 20നും ഇടയില്‍ പാകിസ്ഥാനെ ആക്രമിക്കാന്‍ സൈനികനീക്കം നടത്തുന്നുവെന്ന് തനിക്ക് വിവരം ലഭിച്ചുവെന്നായിരുന്നു ഷാ മെഹ്മൂദ് ഖുറേഷിയുടെ വാദം. വിശ്വസനീയമായ രഹസ്യാന്വേഷണ ഇടങ്ങളില്‍ നിന്നാണ് തനിക്ക് വിവരം ലഭിച്ചത്. ഇന്ത്യയുടെ ഭരണാധികാരികള്‍ യുദ്ധ വെറിയിലാണ്. കൂടുതല്‍ വിവരങ്ങള്‍ ഇമ്രാന് ഖാന് പുറത്ത് വിടുമെന്നുമായിരുന്നു ഖുറേഷി പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: