ന്യൂദല്‍ഹി/ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രവീണ്‍ കക്കാറിന്റെയും മുന്‍ ഉപദേശകന് രാജേന്ദ്ര കുമാര്‍ മിഗ്ലാനിയുടെയും വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
കക്കാറിന്റെ ഇന്‍ഡോറിലെയും മിഗ്ലാനിയുടെ ദല്‍ഹിയിലെയും വീടുകളിലാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധമായ പണമിടപാടുകളുമായി ബന്ധപ്പെട്ടാണിതെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരുടെയും വീടുകളുള്‍പ്പെടെ ദക്ഷിണ ദല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക്, ഇന്‍ഡോര്‍, ഭോപ്പാല്‍ തുടങ്ങി അമ്പതിടങ്ങളിലായി നടത്തിയ പരിശോധനയില്‍ ഒന്‍പത് കോടി രൂപ കണ്ടെടുത്തു. മിഗ്ലാനിയുടെ ഭാര്യാസഹോദരന്റെ വ്യാപാരസ്ഥാപനവുമായി ബന്ധപ്പെട്ടവരുടെയും, അനന്തരവന് രതുലിന്റെയും വീട്ടിലും പരിശോധനയുണ്ടായി. കൊല്‍ക്കത്ത ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന വ്യാപാരി പരസ്മല്‍ ലോധയുടെ വീട്ടിലും ആദായനികുതി വകുപ്പ് തെരച്ചില്‍ നടത്തി.
ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ കക്കാറും മിഗ്ലാനിയും അവരുടെ പദവികളില്‍ നിന്ന് രാജിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് പേര് വലിയതോതില്‍ ഹവാല ഇടപാടുകള്‍ നടത്തുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, പരിശോധനകളെ രാഷ്ട്രീയവത്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തെ ബിജെപി വിമര്‍ശിച്ചു.
ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡിനെ രാഷ്ട്രീയ വല്‍ക്കരിക്കരുത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയവത്കരിക്കുന്നത് കോണ്‍ഗ്രസാണെന്നും ബിജെപി നേതാവ് സയിദ് ഷാനവാസ് ഹുസൈന് പറഞ്ഞു. അതേസമയം, പരിശോധനയെക്കുറിച്ച് കമല്‍നാഥ് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: