ഉദയ്പൂര്‍: ഇടത്തരക്കാരായ ജനങ്ങളെ പ്രകടനപത്രികയില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസ് അഭിസംബോധന ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ഇടത്തരക്കാര്‍ ഏറെക്കാലം ദുരിതമനുഭവിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ അവരുടെ മേല്‍ കൂടുതല്‍ നികുതി ചുമത്തുമെന്നാണ് പറയുന്നത്. ത്രിപുരയിലെ ഉദയ്പൂരില്‍ തെരഞ്ഞെടുപ്പു റാലിയില്‍ മോദി പറഞ്ഞു.
തന്നെ തോല്‍പ്പിക്കാന്‍ എവിടെ വരെ താഴാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറാണ്. അതിന് പാക്കിസ്ഥാന്റെ സ്തുതി പാഠകരാകാനും അവര്‍ക്ക് മടിയില്ല. ശത്രുരാജ്യത്തിന് തക്കതായ മറുപടി നല്‍കാനുള്ള എന്റെ തീരുമാനം ശരിയല്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? റാലിയില്‍ പങ്കെടുത്തവരോട് മോദി ചോദിച്ചു.
25 വര്‍ഷത്തിനു ശേഷം ഇടതുപക്ഷത്തെ ഭരണത്തില്‍ നിന്നിറക്കിയ ത്രിപുര, മുഴുവന്‍ രാജ്യത്തിനും മാതൃകയാണ്. രാജ്യത്തിന്റെ ഭരണഘടനയേക്കാള്‍ പാര്‍ട്ടി ഭരണഘടനയാണ് ഇടതുപക്ഷത്തിന് വലുത്. ത്രിപുരയിലേക്ക് വഴിതുറക്കാന്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഇവിടത്തെ ജനങ്ങള്‍ അതനുവദിക്കുന്നില്ല. ബിജെപി ഉയര്‍ന്നു വരുന്നതു വരെ അവര്‍ ഇടത്പക്ഷത്തിന്റെ പീഡനങ്ങള്‍ സഹിച്ചു. ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചതിന് ത്രിപുരക്കാര്‍ക്ക് നന്ദിയറിയിക്കുന്നതായും മോദി പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന നില ഏറെ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധിച്ചു. ഒരു വര്‍ഷത്തിനിടയില്‍ വലിയ വികസനം കൊണ്ടുവരാനും സാധിച്ചു. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങി തുടങ്ങി. ഇത് പലിശയ്ക്ക് പണം നല്‍കുന്നവര്‍ക്ക് തിരിച്ചടിയായി.
സൗഭാഗ്യ പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നോട്ടുവച്ച ഓരോ വാഗ്ദാനവും പൂര്‍ത്തിയാക്കുകയാണ്, മോദി പറഞ്ഞു.
ജനങ്ങളുടെ മനസ്സ് മാറിയതറിഞ്ഞ് മമത ബാനര്‍ജി ഭയന്നോടുകയാണെന്ന് പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വികസന പദ്ധതികള്‍ക്കും മമത വഴിമുടക്കിയാകുകയാണെന്നും മോദി പറഞ്ഞു.
ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍ തങ്ങളാല്‍ കഴിയുന്നതൊക്കെ മമത സര്‍ക്കാര്‍ ചെയ്തു. റാലി നടക്കേണ്ടിടത്ത് തൊട്ടുമുന്‍പായി താത്കാലിക കെട്ടിടം നിര്‍മിച്ചത് അത്രയും കുറച്ച് ജനങ്ങളെ മാത്രമേ അവിടെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാവൂ എന്ന് കരുതിയാണ്, കെട്ടിടം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
തോല്‍ക്കുമോ എന്ന മമതയുടെ ഭയമാണിതിന് കാരണം. ഇത്തരം ബാലിശമായ പ്രവൃത്തികളിലൂടെ ആര്‍ക്കും ജയിക്കാനാകില്ല. താന്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇവിടെ തടിച്ചുകൂടിയിരിക്കുന്ന വന്‍ ജനാവലി തന്നെയാണ് വരാനിരിക്കുന്ന മമതയുടെ തോല്‍വിയുടെ തെളിവ്.
ഭയത്താല്‍ ഉദ്യോഗസ്ഥരോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും പോലും മമത രോഷം പ്രകടിപ്പിക്കുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ മമതയ്ക്ക് നേരെ സത്യത്തിന്റെ കണ്ണാടി പിടിച്ചു കഴിഞ്ഞു. മമതയുടെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് സ്വതന്ത്രരാവാനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിച്ച് കഴിഞ്ഞു. തൃണമൂല്‍ ഭരണത്തില്‍ വലയുന്ന ജനം, സംസ്ഥാനത്തിന്റെ വികസനത്തിനായി മറ്റു മാര്‍ഗങ്ങള്‍ തേടിത്തുടങ്ങി.
ഇന്ന് ഏറ്റവും പാവപ്പെട്ടവര്‍ക്കും ബാങ്ക് പാസ്ബുക്കുകളും ഡെബിറ്റ് കാര്‍ഡുകളുമുണ്ട്. ബിജെപി സര്‍ക്കാര്‍ അത് സാധ്യമാക്കി. ഗ്യാസ് കണക്ഷന്, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാവരുടെയും വീടുകളിലെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. കൂച്ച് ബീഹാറിന്റെ വികസനത്തിനായും കോടികളാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്, മോദി പറഞ്ഞു.
രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാര്‍ വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കാണ് ദീദി ഇപ്പോള്‍ കൈകൊടുത്തിരിക്കുന്നത്. കശ്മീരില്‍ പ്രത്യേക പ്രധാനമന്ത്രി വേണമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശത്തെ ലക്ഷ്യം വച്ച് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: