എടപ്പാള്‍(മലപ്പുറം): എടപ്പാളില്‍ ആക്രിസാധനങ്ങള്‍ പെറുക്കിവില്‍ക്കുന്ന നാടോടിസംഘത്തിലെ പത്തുവയസ്സുകാരിയെ മര്‍ദിച്ച കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. എടപ്പാള്‍ ഏരിയ കമ്മിറ്റിയംഗവും മുന്‍ വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റുമായ ചന്തപ്പറമ്പില്‍ സി.രാഘവന്(62) ആണ് അറസ്റ്റിലായത്.
ഇന്നലെയാണ് സംഭവം. എടപ്പാള്‍-പട്ടാമ്പി റോഡിലെ കെട്ടിടത്തിന് സമീപത്തുനിന്ന് പഴയ സാധനങ്ങള്‍ ചാക്കില്‍ ശേഖരിക്കുകയായിരുന്നു കുട്ടി. ഇത് കണ്ടുകൊണ്ടുവന്ന രാഘവന് കുട്ടിയെ മര്‍ദിക്കുകയും ആക്രി സാധനങ്ങള്‍ നിറച്ച ചാക്കുവാങ്ങി തലയ്ക്കടിക്കുകയും ചെയ്യുകയായിരുന്നു. ബാലികയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീക്കും മര്‍ദനമേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ആദ്യം എടപ്പാളിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. വിദഗ്ധ പരിശോധനയ്ക്കായി ചൈല്‍ഡ്ലൈന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തൊടുപുഴയില്‍ ഏഴു വയസ്സുകാരന് ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സമാന സംഭവം വീണ്ടുമുണ്ടായത്.
കേസെടുക്കാന്‍ പോലീസ് ആദ്യം തയാറായില്ല. പിന്നീട് സംഭവം വിവാദമായതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസ് ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: