കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന അഴിമതിയാരോപണങ്ങള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉറക്കം കെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളില്‍ അവര്‍ നിലപാട് വ്യക്തമാക്കണമെന്നും തുറന്നടിച്ചു. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ നടന്ന റാലിക്കു ശേഷം ത്രിപുരയിലെ ഉദയ്പൂരിലും മണിപ്പൂരിലെ ഇംഫാലിലുമാണ് പ്രധാനമന്ത്രി പങ്കെടുത്ത റാലികള്‍ നടന്നത്.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പശ്ചിമബംഗാളിലെ ഇന്നത്തെ ആദ്യ തെരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ചത്. വലിയ ജനസാഗരമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാനായി തടിച്ചു കൂടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെയുമുള്ള അവരുടെ നിരാശയും രോഷവുമാണ് സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങളെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
രാഷ്ട്രീയത്തില്‍ അപകടകരമായ മാതൃകയാണ് ബംഗാളിലേത്. ത്രിപുരയില്‍ ഇടതുപക്ഷം നടത്തിയിരുന്ന അതേ മാതൃകയാണ് മമത പിന്തുടരുന്നത്. അതിര്‍ത്തിയിലുണ്ടാകുന്ന നുഴഞ്ഞു കയറ്റം രാജ്യം നേരിടുന്ന പ്രധാന പ്രശ്നമാണ്. ബിജെപിയുടെ വികസന മാതൃക ത്രിപുര അംഗീകരിച്ചു കഴിഞ്ഞു. ബംഗാളിലും ഇത്തവണ വലിയ നേട്ടം കൊയ്യാനാകുമെന്നും പ്രധാനമന്ത്രി പശ്ചിമബംഗാളില്‍ പറഞ്ഞു.
ത്രിപുരയിലും ആവേശോജ്വല സ്വീകരണമാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. ത്രിപുരയിലെ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും വരുന്ന തെരഞ്ഞെടുപ്പിലും എന്‍ഡിഎ തന്നെ രാജ്യം ഭരിക്കുമെന്നും പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: