കുമളി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്‌നാട്ടിലും അണക്കെട്ടുകള്‍ ചര്‍ച്ചാ വിഷയമാണെങ്കിലും രണ്ടിടത്തും രണ്ട് തരത്തിലാണെന്നു മാത്രം.
സംസ്ഥാന അതിര്‍ത്തിയായ കുമളിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യപ്രചാരണ വിഷയമാക്കിയിരിക്കുന്നത് പ്രളയകാലത്ത് മുന്നറിയിപ്പില്ലാതെ സംസ്ഥാന സര്‍ക്കാര്‍ അണക്കെട്ടുകള്‍ തുറന്ന് വിട്ട സംഭവമാണ്. ഏതാനും കിലോമീറ്ററുകള്‍ മാത്രമകലെ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ അണക്കെട്ട് തുറന്ന് വെള്ളം ഒഴുക്കികളയാന്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് നടക്കുന്നത്. ഇതില്‍ ഏറ്റവും രസകരം കേരളത്തില്‍ എതിര്‍ചേരികളില്‍ നില്‍ക്കുന്ന ഇടതും വലതും അപ്പുറത്ത് ഡിഎംകെയുടെ സഖ്യകക്ഷിയാണ് എന്നതാണ്. ഇവിടെ ഇടതിനെ വലത് കുറ്റപ്പെടുത്തുമ്പോള്‍ അപ്പുറത്ത് ഇടതും വലതും കൈകോര്‍ത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്നാണ് പ്രഖ്യാപിക്കുന്നത്.
കേരള ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഇടത് സര്‍ക്കാരിന് വലിയ ക്ഷീണമാണ് വരുത്തിയത്. മുന്നൊരുക്കങ്ങളില്ലാതെ സംസ്ഥാനത്തെ മുപ്പതിലധികം അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് കേരളത്തില്‍ 450 ഓളം പേര്‍ മരിക്കാനും വന്‍ നാശന്ഷ്ടങ്ങള്‍ക്കും ഇടയാക്കിയ പ്രളയത്തിന് പ്രധാനകാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ഡിഎയും കോണ്‍ഗ്രസ്സും കേരളത്തില്‍ സിപിഎമ്മിനെതിരെ മുഴുവന്‍ മണ്ഡലങ്ങളിലും ഇത് പ്രചരണയുധമാക്കിയിരിക്കുകയാണ്. പ്രളയ ദുരിതത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്കിടയില്‍ ഇത് സിപിഎംവിരുദ്ധ വികാരം ഉണ്ടാക്കുവാന്‍ കാരണമാകുമെന്ന് കരുതപ്പെടുന്നു.
അതേസമയം തമിഴ്‌നാട്ടിലെ തേനി മണ്ഡലത്തില്‍ മുല്ലപ്പെരിയാര്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാറിലെ ജലനിരപ്പ് തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 152 അടിയിലേക്ക് ഉയര്‍ത്തുമെന്ന് ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ മുന്നണികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തുടക്കമിട്ടത്. ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്‌ക്ക് ഇതിനെതിരെ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.
തേനി മണ്ഡലത്തില്‍ മാത്രമാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ച തുടങ്ങി വച്ചതെങ്കിലും തമിഴ്‌നാട്ടിലെ 5 ജില്ലകളിലെ ജലത്തിന്റെ ഏക ഉറവിടം മുല്ലപ്പെരിയാര്‍ മാത്രമാണെന്നതിനാല്‍ നിരവധി മണ്ഡലങ്ങളില്‍ ഇത് വൈകാരിക വിഷയമായി മാറും. മഹാപ്രളയകാലത്ത് അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്ക് മുകളിലേക്ക് ഉയര്‍ന്നിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ടാണ് വെള്ളത്തിന്റെ അളവ് 139 അടിക്ക് താഴേക്ക് കുറച്ചത്. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നാണ് അണക്കെട്ടിന് താഴെ വസിക്കുന്ന ജനങ്ങളുടെ പ്രധാന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: