തിരുവനന്തപുരം: ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട സര്‍വേന്ത്യാ ലീഗിന്റെ പൈതൃകം അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും മുസ്ലിംലീഗും വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. സര്‍വേന്ത്യാ ലീഗിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസും മുസ്ലിംലീഗും തയാറുണ്ടോയെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.
ഇന്ത്യയെ വിഭജിക്കരുതെന്നാണ് 1947-ല്‍ കാബിനറ്റ് മിഷന് മുന്‍പാകെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ത്യ ഒരു സംസ്കാരമല്ല ഒരു ദേശീയതയല്ല അതിനെ രണ്ടായി വെട്ടിമുറിക്കണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. 16 പരമാധികാര റിപ്പബ്ലിക്കുകളായി വെട്ടിമുറിക്കണമെന്നും ഹിതപരിശോധന നടത്തണമെന്നുമായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ ആവശ്യമെന്നും കേസരി ഹാളില്‍ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയെ അവഗണിക്കുന്നുവെന്ന രാഹുലിന്റെ ആരോപണം വിഭജന രാഷ്ട്രീയമാണ്. ഇതുവരെ കോണ്‍ഗ്രസ് പോലും ഉന്നയിക്കാത്തതാണിത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് വിതയ്ക്കുന്ന വിത്ത് രാജ്യത്തിന് വിനാശകരമാണ്. ദ്രാവിഡസ്ഥാന് എന്ന വാദഗതി വിഘടനവാദികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ആ പാതയാണോ കോണ്‍ഗ്രസ് പിന്തുടരുന്നതെന്ന് വ്യക്തമാക്കണം. വിഭജനത്തിന് കാരണക്കാരായ ലീഗിന്റെ അഭയാര്‍ഥിയായിട്ടാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കുന്നത്. വിഭജനത്തിന്റെ കെടുതികള്‍ അനുഭവിച്ചവര്‍ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. ഹിന്ദു, മുസ്ലിം പ്രശ്നമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല.
ശബരിമലയില്‍ നടന്ന അടിച്ചമര്‍ത്തലുകളേയും വിശ്വാസലംഘനങ്ങളേയും തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടും. ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ രാഷ്ട്രീയ വൈരാഗ്യത്തോടെ കേസുകള്‍ ചുമത്തുന്നത് നിയമവിരുദ്ധവും അധാര്‍മികവുമാണ്. ക്രിമിനല്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. ഇതിനെ ബിജെപി നിയമപരമായി നേരിടും. ജനാധിപത്യത്തെ ഒരിടത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചിട്ടില്ല. രാജ്യത്തെ പ്രധാന പ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ചുരുങ്ങി കേരളത്തില്‍ മാത്രമായത് എന്തുകൊണ്ടാണെന്ന് അവര്‍ ചിന്തിക്കണം. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും എന്ന് മാത്രം സിപിഎമ്മിനെ ഓര്‍മിപ്പിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: