ന്യൂദല്‍ഹി: ബെംഗളൂരുവിനെതിരായ ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്തയെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ച് വിന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസ്സല്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച വിന്‍ഡീസ് താരം 13 പന്തില്‍ 48 റണ്‍സ് നേടി പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡ് താരം ടിം സൗത്തി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ റസ്സല്‍ അടിച്ചുകൂട്ടിയത് നാല് സിക്സും ഒരു ഫോറും അടക്കം 28 റണ്‍സ്. ഇതോടെ അഞ്ച് പന്ത് ബാക്കി നില്‍ക്കെ കൊല്‍ക്കത്ത ലക്ഷ്യം കണ്ടു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ഇരുപതോവറില്‍ മൂന്നിന് 205 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 19.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 206 റണ്‍സ് നേടി. നായകന് വിരാട് കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്റെയും അര്‍ധസെഞ്ചുറി ബലത്തിലാണ് ബെംഗളൂരു മികച്ച സ്കോറിലെത്തിയത്. കോഹ്ലി 49 പന്തില്‍ രണ്ട് സിക്സും ഒമ്പത് ഫോറും അടക്കം 84 റണ്‍സ് നേടി. ഡിവില്ലിയേഴ്സ് മുപ്പത്തിരണ്ട് പന്തില്‍ നാല് സിക്സും അഞ്ച് ഫോറും അടക്കം 63 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഓപ്പണര്‍ ക്രിസ് ലിന്, റോബിന് ഉത്തപ്പ, നിതീഷ് റാണ, ആന്ദ്രെ റസ്സല്‍ എന്നിവരുടെ ബാറ്റിങ്ങ് മികവില്‍ അനായാസം ലക്ഷ്യം കണ്ടു. ഫോമിലേക്ക് മടങ്ങിയെത്തിയ ലിന് 31 പന്തില്‍ രണ്ട് സിക്സും നാല് ഫോറും അടക്കം 43 റണ്‍സ് നേടി. ലീഗില്‍ ബെംഗളൂരുവിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: