ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന ആര്‍ജി എന്ന വ്യക്തിക്ക് ലഭിച്ചത് 50 കോടി രൂപ. 2004-2016 കാലഘട്ടത്തിലാണ് ഈ തുക ലഭിച്ചത്. ആര്‍ജി എന്നത് രാഹുല്‍ഗാന്ധിയുടെ ചുരുക്കപ്പേരാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. പിടിയിലായ പ്രധാനപ്രതി ക്രിസ്റ്റ്യന്‍ മിഷേല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.
കേസിലെ പ്രതിയായ സുശേന്‍ ഗുപ്തയുടെ റിമാന്‍ഡ് ആവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ച വിവരങ്ങളില്‍ ആര്‍ജിക്ക് തുക കൈമാറിയെന്ന് വ്യക്തമാക്കുന്നു. അന്വേഷണത്തെ ഇയാള്‍ വഴി തെറ്റിക്കുകയാണെന്ന് എന്‍ഫോഴ്സ്മെന്റ് ആരോപിക്കുന്നുണ്ട്.
2018 ഡിസംബര്‍ 4ന് പിടിയിലായ ആയുധ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിന്റെയും ജനുവരി 30ന് പിടിയിലായ രാജീവ് സക്സേനയുടേയും മൊഴികളും സത്യവാങ്മൂലവും എന്‍ഫോഴ്സ്മെന്റ് നല്കിയ കുറ്റപത്രത്തിനൊപ്പം കോടതിക്ക് കൈമാറിയിട്ടുണ്ട്. മിഷേലുമായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സോണിയാ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നും മൊഴികളുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് കുറ്റപത്രം ഫയല്‍ ചെയ്തിരിക്കുന്നത്.
52 പ്രധാന പേജുകള്‍ അടക്കം മൂവായിരം പേജുകളുള്ള കുറ്റപത്രമാണ് പട്യാലഹൗസ് കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ചത്. ക്രിസ്റ്റ്യന്‍ മിഷേലിന്റെ ബിസിനസ് പങ്കാളി ഡേവിഡ് സിംസിനെയും കുറ്റപത്രത്തില്‍ പ്രതിയാക്കിയിട്ടുണ്ട്. ഇവരുടെ ബിസിനസ് സ്ഥാപനങ്ങളായ ഗ്ലോബല്‍ ട്രേഡ് ആന്‍ഡ് കൊമേഴ്സ് ലിമിറ്റഡ്, ഗ്ലോബല്‍ സര്‍വീസ് എഫ്ഇസഡ് എന്നിവയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. 2016 ജൂണിലാണ് ആദ്യ കുറ്റപത്രം അഗസ്ത കേസില്‍ എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ചത്. ഏപ്രില്‍ 16ന് കേസിലെ പ്രതികളെ വിളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നാണ് പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാര്‍ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: