തിരുവനന്തപുരം: വയനാട്ടില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പ്രചാരണത്തിനെത്തും. 17നാണ് അമിത് ഷായുടെ കേരളത്തിലെ ആദ്യ പരിപാടി. രണ്ടാമത്തെ വരവിലാണ് അദ്ദേഹം വയനാട് പ്രചാരണം നടത്തുക.
രാഹുല്‍ മത്സരിക്കുന്ന അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ സ്മൃതി ഇറാനി ഒന്‍പതാം തീയതി കേരളത്തിലെത്തുന്നുണ്ട്. രണ്ടാമത്തെ വരവിലാകും സ്മൃതിയും വയനാട് സന്ദര്‍ശിക്കുന്നത്. ഒരു ദിവസം മുഴുവന്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ സ്മൃതി സംബന്ധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
അമേഠിക്ക് തുല്യമായ മത്സരമാണ് വയനാടും നടക്കുന്നത്. അമേഠിയില്‍ കഴിഞ്ഞ തവണ രാഹുലിന്റെ ഭൂരിപക്ഷത്തില്‍ രണ്ടരലക്ഷത്തിലേറെ വോട്ടുകള്‍ കുറക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. വയനാട് ഇതിനേക്കാള്‍ അനുകൂല അന്തരീക്ഷമാണുള്ളത്. എന്‍ഡിഎയുമായാണ് മത്സരമെന്ന് രാഹുല്‍ വ്യക്തമാക്കിക്കഴിഞ്ഞു. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി 12നും 18നും കേരളത്തില്‍ പ്രചാരണം നയിക്കും. 12ന് കോഴിക്കോട് എന്‍ഡിഎ റാലിയില്‍ പങ്കെടുക്കും. 18ലെ പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. കേന്ദ്ര മന്ത്രിമാരായ ആര്.കെ. സിംഗ് 9നും സുഷമാ സ്വരാജ് 11നും രാജ്നാഥ് സിംഗ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതരാമന് 16നും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ദേശീയ നേതാക്കളായ ഷാനവാസ് ഹുസൈന് 10നും യദ്യൂരപ്പ 8നും പ്രചാരണത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: