ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് വിവിഐപി ചോപ്പര്‍ ഇടപാട് കേസില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം. ക്രിസ്ത്യന്‍ മിഷേലില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ ഡയറിയെ ആധാരമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം ഡയറിയില്‍ എപി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അഹമ്മദ് പട്ടേല്‍ ആണെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. കൂടാതെ എഫ്എഎം എന്നത് ഫാമിലി എന്നതിന്റെ ചുരുക്കെഴുത്താണെന്നും കുറ്റപത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇറ്റലിക്കാരിയായ അമ്മയുടെ മകന് എന്ന മിഷേലിന്റെ പരാമര്‍ശം സംബന്ധിച്ച സൂചനകളെ രാഹുല്‍ ഗാന്ധിക്ക് നേരെയാണ് അന്വേഷണ എജന്‍സി വിരല്‍ ചൂണ്ടുന്നത്.
അഗസ്ത വെസ്റ്റ്ലന്ഡ് ഇടപാടില്‍ മാറ്റം വരുത്തിയത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നായിരുന്നെന്ന് മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ വെളിപ്പെടുത്തലിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്.
മന്‍മോഹന്‍സിങ്ങിന് മുകളില്‍ സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്ന ആളുടെ നിര്‍ദേശ പ്രകാരമാണ് കരാറില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വിവിഐപികളുടെ യാത്രകള്‍ക്കായി മികച്ച ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ ഇളവ് വരുത്തി താരതമ്യേന ശേഷി കുറഞ്ഞ എഡബ്ല്യു-101 വിഭാഗത്തില്‍പ്പെട്ട പന്ത്രണ്ടോളം ഹെലിക്കോപ്റ്ററുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടതാണ് അഗസ്ത വെസ്റ്റ്ലന്ഡ് അഴിമതി.
ആകെ കരാര്‍ തുകയുടെ പത്തുശതമാനമായ 360 കോടി രൂപ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും വ്യോമസേനാ മേധാവിക്കുമുള്‍പ്പെടെ നല്‍കിയെന്ന ഇറ്റാലിയന്‍ കോടതിയുടെ കണ്ടെത്തലുകളാണ് കേസിന് ആധാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: