കോട്ടയം: മീനച്ചൂടിനെ വെല്ലുന്ന ത്രികോണ മത്സരച്ചൂടില്‍ മാറ്റത്തിന് വേണ്ടിയുള്ള കാറ്റ് ആഞ്ഞുവീശുകയാണ് കോട്ടയത്ത്. 2004-ല്‍ സംഭവിച്ചതു പോലെ അട്ടിമറി വിജയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. തോമസ് നേടിയാല്‍ അത്ഭുതപ്പെടാനില്ലാത്ത എല്ലാ സാഹചര്യങ്ങളും മണ്ഡലത്തിലുണ്ട്. 2004 ല്‍ 529 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതു-വലതു മുന്നണി സ്ഥാനാര്‍ത്ഥികളെ തറപറ്റിച്ച് തോമസ് ദല്‍ഹിക്ക് വണ്ടി കയറിയത്.
ശബരിമലയിലെ ആചാരലംഘനനീക്കത്തില്‍ ഇടതു സര്‍ക്കാരിനെതിരെ വന്‍ ജനരോഷം ഇരമ്പിയ മണ്ഡലമാണ് കോട്ടയം. വിശ്വാസികള്‍ക്കൊപ്പമെന്ന എന്‍എസ്എസ്സിന്റെ അചഞ്ചലമായ നിലപാട് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ചര്‍ച്ച് ആക്ടിനെതിരെ ക്രൈസ്തവസഭകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ ഏറ്റവുമധികം ഉയര്‍ന്നതും ഈ മണ്ഡലത്തിലാണ്. വോട്ടര്‍മാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഈ രണ്ട് വിഷയങ്ങളായിരിക്കും.
മുന്‍ കേന്ദ്രമന്ത്രിയായ പി.സി. തോമസ് ആറ് തവണ മൂവാറ്റുപുഴയില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. കേരള രാഷ്ടീയത്തിലെ അതികായനായിരുന്ന പി.ടി. ചാക്കോയുടെ മകന് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വം കൂടിയാണ്. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ കര്‍ഷകര്‍ക്കായി നടത്തിയ ഒറ്റയാള്‍ പോരാട്ടങ്ങള്‍ വോട്ടര്‍മാരുടെ മനസ്സിലുണ്ട്. ശബരി റെയില്‍പാത സാധ്യമാക്കാന്‍ അദ്ദേഹം നടത്തിയ പോരാട്ടങ്ങളും എല്ലാവര്ക്കും നന്നായി അറിയാം. മണ്ഡലത്തിലുടനീളമുള്ള വ്യക്തിബന്ധങ്ങളും തോമസിന് അനുകൂലമായ ഘടകമാണ്. ഇതിന് പുറമേയാണ് അടിയൊഴുക്കുകളും. മൂവാറ്റുപുഴ ലോക്സഭാ മണ്ഡലങ്ങളിലെ പല പ്രദേശങ്ങളും ഇപ്പോള്‍ കോട്ടയം നിയോജകമണ്ഡലത്തിന്റെ ഭാഗമാണെന്നത് തോമസിന് അനുകൂലമാണ്.
വാസവന്റെ വരവില്‍അതൃപ്തി
രണ്ട് മുന്‍ എംഎല്‍എമാരാണ് ഇടത്-വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍. കോട്ടയത്തുനിന്ന് ഒരു തവണ നിയമസഭയിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്, ഏറ്റുമാനൂരില്‍ നിന്ന് നാലുവട്ടം നിയമസഭാംഗമായ കേരളാ കോണ്‍ഗ്രസി(എം)ലെ തോമസ് ചാഴിക്കാടന്. കഴിഞ്ഞതവണ ജനതാദളിന് നല്കിയ മണ്ഡലം തിരിച്ചുപിടിച്ച് പിണറായി-കോടിയേരി ആശിര്‍വാദത്തോടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയായിരുന്നു വാസവന്. ഈ നീക്കത്തില്‍ വെട്ടി നിരത്തപ്പെട്ടത് സ്ഥാനാര്‍ത്ഥിത്വം മോഹിച്ച അഡ്വ. പി.കെ. ഹരികുമാറും അഡ്വ. കെ. സുരേഷ് കുറുപ്പുമാണ്. ഈ വെട്ടിനിരത്തല്‍ പാര്‍ട്ടിക്കുള്ളില്‍ വാസവനോടുള്ള എതിര്‍പ്പ് കൂട്ടിയിട്ടുണ്ട്. ആരെയും കൂസാതെ ഏകാധിപതിയെ പോലെയാണ് വാസവന്റെ സമീപനമെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. മുമ്പത്തേതു പോലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഡിവൈഎഫ്ഐ സജീവമല്ലാത്തതും ചര്‍ച്ചയായിട്ടുണ്ട്. മണ്ഡലത്തില്‍ ആകമാനമുള്ള ജനസ്വീകാര്യത വാസവന് ഇല്ലാത്തതും എല്‍ഡിഎഫിനെ അലട്ടുന്നുണ്ട്.
വെട്ടിനിരത്തലില്‍ വെട്ടിലായ യുഡിഎഫ്
കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫിനെ വെട്ടിവീഴ്ത്തിയാണ് തോമസ് ചാഴിക്കാടന് സ്ഥാനാര്‍ത്ഥി പട്ടം നേടിയത്. ഇതിന്റെ പേരില്‍ ഉയര്‍ന്ന പ്രതിഷേധ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. കോണ്‍ഗ്രസ് അണികളിലും ജോസഫ് അനുകൂലികളിലും അമര്‍ഷം പുകയുകയാണ്. ഇത് യുഡിഎഫിന്റെ പ്രചാരണത്തിലും പ്രകടമാണ്.
കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫ് പ്രചാരണം മന്ദതയിലാണ്. ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കി മുറിവ് ഉണക്കാന്‍ നടത്തിയ നീക്കങ്ങളും ഫലം കണ്ടിട്ടില്ല. ഇതിന് പുറമെയാണ് കോണ്‍ഗ്രസ് അണികളിലും കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനും ജോസ് കെ. മാണിയോടുള്ള എതിര്‍പ്പ്.
പി.ജെ. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം തട്ടിത്തെറിപ്പിച്ചത് ജോസ് കെ. മാണിയാണെന്ന വികാരം ഇവര്‍ക്കിടയില്‍ ശക്തമാണ്. മണ്ഡലത്തെ അനാഥമാക്കി രാജ്യസഭയില്‍ സുരക്ഷിത താവളം തേടിപ്പോയ ജോസ് കെ. മാണിയുടെ നടപടിയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച് വിട്ടിട്ട് മണ്ഡലം വിട്ടോടിയത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: