ആറ്റിങ്ങല്‍: ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായ ആറ്റിങ്ങലില്‍ ശബരിമല സമരനായിക ശോഭാ സുരേന്ദ്രന് എന്‍ഡിഎയ്ക്ക് വേണ്ടി ശക്തമായ പോരാട്ടത്തില്‍. നാലാംവട്ടം മത്സരിക്കുന്ന എല്‍ഡിഎഫിന്റെ സിറ്റിങ് എംപി. എ.സമ്പത്തും യുഡിഫിന്റെ അടൂര്‍പ്രകാശുമാണ് എതിരാളികള്‍. ആചാര സംരക്ഷണവും വികസന മുരടിപ്പും ജനങ്ങളെ മറന്നുള്ള പ്രവര്‍ത്തനവുമാണ് ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ വിധി നിര്‍ണയിക്കുന്നത്.
1957ല്‍ രൂപീകരിച്ച ചിറയിന്‍കീഴ് മണ്ഡലം 2008ലെ പുനഃസംഘടനയിലാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലമായിമാറിയത്. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, വര്‍ക്കല, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ത്താണ് ആറ്റിങ്ങല്‍ മണ്ഡലം.
ആദ്യം സമ്പത്തും തൊട്ടുപിന്നാലെ അടൂര്‍ പ്രകാശും മണ്ഡലത്തില്‍ ആദ്യഘട്ട പ്രചരണം ആരംഭിച്ച ശേഷമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന് എത്തുന്നത്. എന്നാല്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടാത്ത സ്വീകാര്യതയും പിന്തുണയുമാണ് ശോഭയ്ക്ക് ലഭിക്കുന്നത്. ഇതിന്റെ തെളിവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന ആവേശോജ്ജ്വല സ്വീകരണങ്ങള്‍.
മണ്ഡലത്തിലെ പ്രധാന നഗരമാണ് ആറ്റിങ്ങല്‍. ഗതാഗതകുരുക്കില്‍ ശ്വാസം മുട്ടുന്ന ആറ്റിങ്ങലില്‍ നാലുവരിപ്പാത വേണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 35 വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയിട്ടും ഇടത് പിന്തുണയോടെ കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിട്ടും റോഡിലെ ഓടയുടെ വീതികൂട്ടാന്പോലും മികച്ച പാര്ലമെന്റേറിയന് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സമ്പത്തിന് കഴിഞ്ഞില്ല. ആറ്റിങ്ങല്‍ ബൈപ്പാസെന്ന മോഹനവാഹഗ്ദാനത്തിന് പത്ത് വയസ്സ് തികയുന്നു. ആദ്യസര്‍വേ തുടക്കത്തില്‍ തന്നെ അലസി. തീരദേശ-മലയോര മേഘലകള്‍ പിണഞ്ഞ് കിടക്കുന്ന മണ്ഡലത്തില്‍ ഇരുമേഖലകളും വികസന ചിത്രത്തില്‍ നിന്ന് അകലെയാണ്. മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതവും മലയോര കര്‍ഷകരുടെയും പരമ്പരാഗത തൊഴിലാളികളുടെയും പ്രശ്നങ്ങളും ഇന്നും അതുപോലെ നിലനില്ക്കുന്നു.
ബസ് സ്റ്റോപ്പിലും സ്കൂള്‍ വാനിലും ഒതുങ്ങിയ വികസനം
സമ്പത്ത് ഏറ്റെടുത്ത മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അഞ്ചുതെങ്ങ് പഞ്ചായത്തില്‍ ശാസ്ത്രീയമായ കടല്‍ ഭിത്തി സംരക്ഷണമോ കുടിവെള്ളമോ നല്ല കിടപ്പാടമോപോലും ഇതുവരെയും ഉണ്ടായിട്ടില്ല. മുരുക്കുംപുഴ, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, വര്‍ക്കല റെയില്വേസ്റ്റേഷനുകളില് ജനങ്ങള്‍ക്ക് ദുരിതയാത്രയാണ്. ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി നിരവധി തൊഴിലാളികളുടെ ഉപജീവനമായിരുന്നു. അതൊന്ന് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തൊഴിലാളി പാര്‍ട്ടിക്ക് മൂന്നാം പതിറ്റാണ്ടിലും കഴിഞ്ഞില്ല. ചിറയിന്‍കീഴിന്റെ അഭിമാനമായ കയര്‍മേഖലയും തൊഴിലാളികളും അന്ത്യശ്വാസം വലിക്കുന്നു.
കൊട്ടാരക്കാര കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ ഹൈമാസ്റ്റ് ലൈറ്റ് മാത്രമാണ് കിളിമാനൂരിനും വാമനപുരത്തിനും എംപിയുടെ സമ്മാനം. നെടുമങ്ങാട് മലയോര ഹൈവേയും കാട്ടാക്കടയുടെ ആവശ്യങ്ങളും ഇന്നും അതുപോലെ നിലനില്കുന്നു. അരുവിക്കരയിലേതടക്കം പരമ്പരാഗത തൊഴിലാളികളെ ഇരുമുന്നണികളും അവഗണിച്ചു. മോദി വിരോധം കാരണം കേന്ദ്ര പദ്ധതികളോട് എംപി മുഖം തിരിച്ചപ്പോള്‍ വികസനം ബസ് സ്റ്റോപ്പിലും സ്കൂള്‍ വാനിലും ഹൈമാസ്റ്റ് ലൈറ്റിലും കുട്ടികളുടെ പാര്‍ക്കിലും ഒതുങ്ങി. കോണ്‍ഗ്രസ്സ് എംപിമാര്‍ ഭരിച്ചപ്പോഴും മണ്ഡലത്തില്‍ പുതിയ ഒരു തൊഴില്‍ സ്ഥാപനവും കൊണ്ടുവരാനായില്ല.
ആചാരലംഘനം അലയടിക്കുന്നു
ശബരിമലയിലെ ആചാരലംഘനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. ശബരിമല സമരനായികകൂടിയായ ശോഭാ സുരേന്ദ്രന് മത്സര രംഗത്ത് എത്തിയതോടെ ഇടത്-വലത് ക്യാമ്പുകളില്‍ ഉണ്ടാക്കുന്ന ആശങ്ക വലുതാണ്. വിശ്വാസ സംരക്ഷണവും വികസന മുരടിപ്പും ജനങ്ങള്‍ക്കിടിയില്‍ സജീവ ചര്‍ച്ചയായതോടെ നെട്ടോട്ടത്തിലാണ് സമ്പത്തും അടൂര്‍ പ്രകാശും.
കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 3.94 ശതമാനം വോട്ടിന്റെ വര്‍ധനവുണ്ടായി. സമ്പത്തിന് 0.30 ശതമാനം മാത്രമാണ് വര്‍ധനവ് ഉണ്ടായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാകട്ടെ 5.23 ശതമാനം വോട്ട് നഷ്ടപ്പെട്ടു. കഴിഞ്ഞതവണ അടുക്കളയില്‍വരെ കയറി പ്രചരണം നടത്തിയവര്‍ ഇത്തവണ ടെറസിനുമുകളില്‍ വരെ വലിഞ്ഞുകയറി വോട്ടര്‍മാരെ കാണുന്നത് എന്‍ഡിഎയുടെ വിജയഭീതിയിലാകാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: