തൊടുപുഴ: രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തിനിരയായ ഏഴ് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. കേസിലെ പ്രതിയും കുട്ടിയുടെ ബന്ധുവുമായ തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
വിശദമായ ചോദ്യം ചെയ്യലിനാണ് മുട്ടം ജയിലില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കിയത്. വിവാദമായ കേസില്‍ അതിവേഗം തന്നെ പ്രതിയെ കസ്റ്റഡിയില്‍ വിടാന്‍ ജഡ്ജി തീരുമാനമെടുക്കുകയായിരുന്നു.
കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിയ പുരോഗതി രേഖപ്പെടുത്തിയെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ചൊവ്വാഴ്ച രാത്രി കോട്ടയത്ത് നിന്നുള്ള മെഡിക്കല്‍ ബോര്‍ഡ് സംഘം വീണ്ടും കുട്ടിയെ പരിശോധിച്ചിരുന്നു. മരുന്നുകള്‍ തുടരാന്‍ നിര്‍ദേശിക്കുമ്പോഴും ഇനി അത്ഭുതങ്ങള്‍ സംഭവിച്ചെങ്കില്‍ മാത്രമേ കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തൂ എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം.
കുട്ടിയുടെ വെന്റിലേറ്റര്‍ മാറ്റി പരിശോധിച്ചപ്പോള്‍ സ്വയം ശ്വാസമെടുക്കാനാവുന്നില്ലെന്ന് കണ്ടെത്തി. ശരീരത്തിന് യാതൊരു ചലനവും ഇതുവരെ ഉണ്ടാകാത്തതും പ്രതീക്ഷ കെടുത്തുകയാണ്. കുട്ടിയുടെ അമ്മ ആശുപത്രിയില്‍ തുടരുമ്പോള്‍ മര്‍ദനത്തില്‍ പരിക്കേറ്റ ഇളയകുട്ടി അമ്മൂമ്മയുടെ ഒപ്പം സുഖം പ്രാപിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: