ബലാകോട്ട് ആക്രമണം ബിജെപിക്ക് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ?
ബലാകോട്ട് ആക്രമണത്തിന് ശേഷം മോദിജിയിലും ബിജെപിയിലും ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഭീകരവാദികളോട് പ്രതികരിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. എല്ലാതലത്തിലും ഉജ്ജ്വലമായ പ്രകടനം കാഴ്ചവയ്ക്കാന്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞെന്ന കാര്യത്തില്‍ സംശയമില്ല.
1947ന് ശേഷം വടക്കുകിഴക്കന്‍ മേഖല വളരെ അപകടകരമായ അവസ്ഥയിലായിരുന്നു. മാസങ്ങളോളം അവിടെ കര്‍ഫ്യൂ ഉണ്ടാവാറുണ്ടായിരുന്നു. അവിടങ്ങളിലെ വികസനത്തിന് വിവിധ ശക്തികള്‍ തടസ്സമായി നിന്നു. നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ഈ അവസ്ഥ മാറ്റാന്‍ അദ്ദേഹം ചില പദ്ധതികള്‍ ആവിഷ്കരിച്ചു.
ഓരോ വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെയും മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് ചുമതല നല്‍കുകയും അവര്‍ മാസത്തില്‍ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും ആ സംസ്ഥാനത്തുണ്ടാവണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വികസനത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നു. രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയായിരുന്ന വിഘടനശക്തികളെ മ്യാന്മറിലെ ആദ്യത്തെ മിന്നലാക്രമണത്തോടെ തകര്‍ത്തു. വിഘടനശക്തികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്തു. ഇപ്പോള്‍ അവിടങ്ങളില്‍ സമാധാനവും വികസനവുമുണ്ട്.
പുല്‍വാമയ്ക്ക് ശേഷം ബലാക്കോട്ടില്‍ രണ്ടാമത്തെ മിന്നലാക്രമണമുണ്ടായപ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ വീണ്ടും വര്‍ധിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭംഗം വരുത്താന്‍ ഭീകരവാദം ശ്രമിക്കുമ്പോള്‍ അതിന് കൃത്യമായ മറുപടി രാഷ്ട്രം കൊടുത്തിരിക്കും. അത് നമുക്ക് സാധിക്കുമെന്ന് നാം കാണിച്ചുകൊടുത്തു.
എന്നാല്‍ ഇത് സീറ്റുകള്‍ ലഭിക്കുന്നതിന് ഗുണകരമാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ദേശീയ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കുകയാണ്. ഈ സര്‍ക്കാരിനോ മന്ത്രിസഭയിലുള്ളവര്ക്കോ എതിരെ ഒരു കുറ്റം പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവിടെ ഒരു ഭരണവിരുദ്ധ വികാരമുയര്ന്നിട്ടില്ല. പ്രധാനമന്ത്രി പദത്തിലേക്ക് ജനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പേര് നരേന്ദ്ര മോദിയുടേതാണ്. ഭീകരാക്രമണത്തിന് ശേഷം മാധ്യമങ്ങളുടെ കാഴ്ചപ്പാട് മാറിയെന്ന് ഞാന്‍ സമ്മതിക്കുന്നു.
നരേന്ദ്ര മോദിയും താങ്കളും ഹിന്ദുത്വത്തിന്റെയും വികസനത്തിന്റെയും ഒരു ചേരുവയാണെന്ന് പലരും പറയുന്നുണ്ട്?
തെരഞ്ഞെടുപ്പ് വിഷയമായി ഞങ്ങള്‍ ഉയര്ത്തിക്കാട്ടാനാഗ്രഹിക്കുന്നത് ഭരണനേട്ടങ്ങളും വികസനനേട്ടങ്ങളുമാണ്. സൗഭാഗ്യ, ഉജ്ജ്വല, കിസാന്‍ നിധി, കുംഭമേള തുടങ്ങിയവയെ കുറിച്ചാണ് ഞങ്ങള്‍ പറയുന്നത്. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു. ദുര്യോധനന്റെ പ്രതിമ സ്ഥാപിക്കുമെന്നാണ് അഖിലേഷ് യാദവ് പറയുന്നത്.
എസ്പിയും ബിഎസ്പിയും പ്രഖ്യാപിച്ചിട്ടുള്ളത് അവരുടെ ആദ്യ സംയുക്ത റാലി ഏപ്രില്‍ ഏഴിന് ദേവബന്ദില്‍ ആരംഭിക്കുമെന്നാണ്. താങ്കള്‍ തുടങ്ങുന്നത് ശരണ്‍പൂരിലെ ശാകംഭരി ധാമിലാണ്…
ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത് പടിഞ്ഞാറന്‍ യുപിയിലും ശരണ്പൂരിലുമാണ്. അവരുടെ വിശ്വാസം ദേവബന്ദിലാണെങ്കില് ഞങ്ങളുടെ വിശ്വാസം ശാകംഭരി മാതാവിലാണ്. അതുകൊണ്ടാണ് ഞങ്ങള്‍ അവിടെ നിന്ന് തുടങ്ങുന്നത്. വികസനപദ്ധതികളെ കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നിവരുടെ ദുര്‍ഭരണവും അവര്‍ ജാതിരാഷ്ട്രീയത്തെ അധികാരത്തിലേറാന്‍ ഉപയോഗിച്ചതുമെല്ലാം ജനങ്ങള്‍ കണ്ടതാണ്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക മിര്‍സാപൂരിലെ മാ വിന്ധ്യാവാസിനി ക്ഷേത്രം, വാരാണസിയിലെ കാശിവിശ്വനാഥ ക്ഷേത്രം, അയോധ്യയിലെ ഹനുമന്ഗഡി ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചല്ലോ…
മോദിജി അവരില്‍ ദൈവഭയമുണ്ടാക്കി എന്നത് ഏതായാലും നല്ല കാര്യം തന്നെ. ഇതേ കോണ്‍ഗ്രസ് തന്നെയാണ് രാമനും കൃഷ്ണനുമൊന്നും ജീവിച്ചിരുന്നില്ല എന്ന് 2005-ല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ ഈശ്വരവിശ്വാസികളാക്കി മാറ്റി എന്നതില്‍ സന്തോഷമുണ്ട്.
പ്രിയങ്കയും രാഹുലും കോണ്‍ഗ്രസ്സും ഒരു ഭാഗത്തും എസ്പിയും ബിഎസ്പിയും മറ്റൊരു ഭാഗത്തും. ആരായിരിക്കും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുക?
2017-ല്‍ പ്രിയങ്ക രണ്ട് ആണ്‍കുട്ടികളെ ഒന്നിച്ചുകൊണ്ടുവന്നു (രാഹുലും അഖിലേഷും). ജനങ്ങള്‍ ഈ രണ്ടു പേരെയും അംഗീകരിച്ചില്ല. എന്നാലിത് അമ്മായിയുടെയും മരുമകന്റെയും അല്ലെങ്കില്‍ ആങ്ങളയുടെയും പെങ്ങളുടെയും ഒന്നിച്ചുള്ള വരവാണ്. യുപിയിലെ ജനങ്ങള്‍ക്ക് അവരുടെ യഥാര്‍ഥ നിറം അറിയാം.
രാഹുല്‍ അമേഠിയിലും വയനാട്ടിലും മത്സരിക്കുന്നു…
രാഹുല്‍ വയനാട്ടിലേക്ക് പോയാല്‍ അത് അമേഠിയെ അപമാനിക്കുന്നതിന് തുല്യമാകും. കഴിഞ്ഞ നാല് തലമുറകളായി നെഹ്റു കുടുംബം പരിപാലിച്ചുപോന്ന മണ്ഡലമാണ് അമേഠി. അവിടെ രാഹുലിന് ഇതുവരെ നിയന്ത്രണം ലഭിച്ചിട്ടില്ല. അദ്ദേഹം ഇപ്പോള്‍ സുരക്ഷിതമായ വഴി തേടുകയാണ്.
എസ്പി-ബിഎസ്പി സഖ്യം യാദവ-മുസ്ലിം-ദളിത് വോട്ടുകളുടെ വന്‍ കൂടിച്ചേരലാണ്. അത് ഒരു വലിയ വെല്ലുവിളിയായി തോന്നുന്നില്ലേ?
2014-ല്‍ ബിഎസ്പി ലോക്സഭയില്‍ വട്ടപൂജ്യമായിത്തീര്ന്നു. കുറച്ച് സീറ്റുകളില്‍ ജയിക്കാനുള്ള ദളിത് വോട്ടുകള്‍ക്കായി ബിഎസ്പിയുമായി കൂട്ടുചേര്‍ന്ന് സമര്‍ഥമായ ഒരു നീക്കം അഖിലേഷ് യാദവ് നടത്തി. ബിഎസ്പിയുടെ സീറ്റുകളുടെ എണ്ണം ഇത്തവണയും പൂജ്യമായിരിക്കും.
2017-ല്‍ താങ്കള്‍ ആന്റി റോമിയോ സ്ക്വാഡ് കൊണ്ടുവരുന്നതിനെ കുറിച്ചും ഖബര്സ്ഥാന് പുറത്ത് മതില് നിര്‍മിക്കുന്നതിന്റെ പ്രശ്നങ്ങളെ കുറിച്ചും സംസാരിച്ചു. ഇന്ന് ഈ വിഷയങ്ങള്‍ നിലനില്ക്കുന്നില്ല…
അവ തെരഞ്ഞെടുപ്പ് വിഷയങ്ങളായിരുന്നില്ല. അവ നടപ്പാക്കാനുള്ള വിഷയങ്ങളായിരുന്നു. ഞങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ നടപ്പാക്കുകയും ചെയ്തു.
രാമക്ഷേത്രം എല്ലായ്പോഴും തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഇന്നിപ്പോള്‍ രാമക്ഷേത്രമാണോ ബലാകോട്ട് ആണോ പ്രധാനവിഷയം?
പ്രധാനവിഷയം വികസനവും സുരക്ഷയുമാണ്. ആഭ്യന്തരസുരക്ഷയ്ക്കും അതിര്‍ത്തിരക്ഷയ്ക്കും മോദി സര്‍ക്കാര്‍ ഒരുപോലെ പ്രാധാന്യം നല്കുന്നു. രാമക്ഷേത്രം ഒരിക്കലും തെരഞ്ഞെടുപ്പ് വിഷയമായിട്ടില്ല. അത് വിശ്വാസത്തിന്റെ വിഷയമാണ്.
താങ്കളെയും നരേന്ദ്ര മോദിയെയും താരതമ്യം ചെയ്തു കാണാറുണ്ട്. താങ്കളായിരിക്കും മോദിയുടെ പിന്‍ഗാമിയെന്ന് ബിജെപിയില്‍ ഏറെപേര്‍ വിശ്വസിക്കുന്നു?
മോദിജി ഞങ്ങളുടെ നേതാവാണ്. ഞങ്ങള്‍ക്ക് വഴികാണിക്കുന്നത് അദ്ദേഹമാണ്. ഞങ്ങള്‍ നേടുന്ന വിജയം അദ്ദേഹം നല്കുന്ന പ്രചോദനമാണ്. രാജ്യം മുഴുവന്‍ മോദിജിക്കൊപ്പമാണ്. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പ് പോരാട്ടം നടത്തുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
ഇമ്രാന്, മസൂദ് അസറിന്റെ ‘ദമാദ്’ (മരുമകന്) ആണെന്ന് ഈയിടെ ഒരു റാലിയില്‍ താങ്കള്‍ പ്രസംഗിച്ചിരുന്നു…
ഞാന്‍ ആരുടെയും പേരു പറഞ്ഞിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തിലെ മുതിര്‍ന്ന നേതാക്കളോട് അനാദരവ് കാട്ടുകയും പ്രധാനമന്ത്രിയെ മോശം ഭാഷയില്‍ പരിഹസിക്കുകയും ചെയ്യുന്നു. അതേസമയം, ആഗോള ഭീകരനായ മസൂദ് അസറിനെ കോണ്‍ഗ്രസ് നേതാക്കള്‍ ആദരവോടെ ‘ജി’ ചേര്‍ത്ത് വിളിക്കുന്നു. അസര്‍ മസൂദിന്റെ ഭാഷ ഉപയോഗിക്കുന്നവരെ രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്നും സമ്മതിദാനാവകാശ ശക്തി ഉപയോഗിച്ച് അത്തരക്കാരെ ശിക്ഷിക്കണമെന്നുമാണ് ഞാന്‍ പറഞ്ഞത്.
ഉത്തര്‍ പ്രദേശില്‍ ബിജെപി എത്ര സീറ്റുകള്‍ നേടും?74ല്‍ കൂടുതല്‍ സീറ്റാണ് ഞങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: