ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന ആശങ്കയില്‍ സിപിഎം. ഈ സാഹചര്യത്തില്‍ ഉറച്ച വോട്ടുകള്‍, ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ആകര്‍ഷിക്കാവുന്ന വോട്ടുകള്‍ എന്നിവയുടെ കണക്കെടുപ്പ് സിപിഎം ആരംഭിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിക്കാവുന്ന ഉറച്ച വോട്ടുകള്‍ കണ്ടെത്താനും അതാതു മണ്ഡലം കമ്മിറ്റികള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാനുമായി സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവമാക്കാനാണ് നിര്‍ദേശം.
ഉറച്ച വോട്ടുകളുടെ ആദ്യ പട്ടിക ഏപ്രില്‍ ആദ്യം സമര്‍പ്പിക്കാനാണ് ബൂത്തു കമ്മിറ്റികളോടു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. അന്തിമ പട്ടിക തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഏപ്രില്‍ പകുതിയോടെ നല്‍കണം. മുന്‍കാലങ്ങളില്‍ സംഭവിച്ച പിഴവുകള്‍ ഇത്തവണ ആവര്‍ത്തിക്കരുതെന്ന നിര്‍ദേശവുമുണ്ട്. പാര്‍ട്ടി കീഴ്ഘടകങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ജയിക്കുമെന്ന് കണക്കുകൂട്ടിയ മണ്ഡലങ്ങളില്‍ വലിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട ചരിത്രവുമുണ്ട്.
കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലെ സ്ഥിതി ഇതായിരുന്നെങ്കില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കീഴ്ഘടകങ്ങള്‍ നല്‍കിയ കണക്ക് കൃത്യമായിരുന്നു. നേരത്തെ കണക്കുകൂട്ടിയ അതേ ഭൂരിപക്ഷത്തിന് സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ചു. മുന്‍കാലങ്ങളില്‍ പാര്‍ട്ടിയെ നെടുകെ പിളര്‍ക്കുന്ന രീതിയില്‍ നിലനിന്നിരുന്ന വിഭാഗീയത ഇപ്പോള്‍ പ്രാദേശിക തലങ്ങളില്‍ വ്യത്യസ്ത രീതികളിലാണുള്ളത്. അതാണ് നേതൃത്വത്തെ ആശങ്കയിലാക്കുന്നത്. വെട്ടിനിരത്തലും കാലുവാരലും എവിടെ, എങ്ങനെയൊക്കെ നടക്കുമെന്ന് യാതൊരു വ്യക്തതയുമില്ല.
ശബരിമല വിഷയം പാര്‍ട്ടി വോട്ടുകളില്‍ ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടാക്കുമെന്നും നേതൃത്വം ഭയപ്പെടുന്നു. പാര്‍ട്ടി കുടുംബങ്ങളില്‍നിന്നുപോലും വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. ഈ സാഹചര്യത്തില്‍ ഇതിനെ മറികടക്കാനുള്ള അടവുനയങ്ങളും തന്ത്രങ്ങളും ആവിഷ്‌ക്കരിക്കാനാണ് പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ച് ഉറച്ചവോട്ടുകളുടെ കണക്കെടുക്കുന്നത്. ന്യൂനപക്ഷവോട്ടുകള്‍, പട്ടികജാതി വിഭാഗങ്ങളുടെ പിന്തുണ, നവവോട്ടര്‍മാര്‍ എന്നിങ്ങനെ തരംതിരിച്ചാണ് വിവരശേഖരണം.
സിപിഎമ്മിനെ കൂടാതെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ പോഷക സംഘടനകളുടെ അംഗത്വം എന്നിവ കൂട്ടുമ്പോള്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കാനാവശ്യമായ പിന്തുണയിലേറെ വോട്ട് ലഭിക്കേണ്ടതുണ്ട്. എന്നാല്‍, ഫലം നേരെ തിരിച്ചാണ് സംഭവിക്കുക. പല പോഷക സംഘടനകളുടെയും അംഗങ്ങളുടെ എണ്ണം ഊതിപ്പെരുപ്പിച്ചതാണെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: