തിരുവനന്തപുരം: ഒടുവില്‍ തീരുമാനിച്ചു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കും. ദിവസങ്ങളുടെ ആകാംക്ഷയ്ക്കും പ്രവര്‍ത്തകരുടെ അമര്‍ഷങ്ങള്‍ക്കും ഒടുവിലാണ് എ.കെ. ആന്റണി വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് അറിയിച്ചത്. മണ്ഡലം രൂപംകൊണ്ടശേഷം കോണ്‍ഗ്രസിനെ മാത്രം ജയിപ്പിച്ച മണ്ഡലമാണ് വയനാട്. പറഞ്ഞിട്ടെന്തുഫലം! അവിടെ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ദിവസങ്ങളെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ വരുമെന്ന് കെപിസിസിയുടെ നേതാക്കളെല്ലാം ആവര്‍ത്തിച്ചു. രാഹുല്‍ വരുമോ? വരില്ലേ എന്ന പരിഹാസ ചോദ്യം നാടാകെ പടര്‍ന്നു. രണ്ടാഴ്ചയോളമായി രാഹുലിന്റെ പേര് മലകയറിയിട്ട്. വയനാട്ടില്‍ ആര് മത്സരിക്കണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. പക്ഷെ അവര്‍ക്കത് കഴിയുന്നില്ല എന്ന ഗതികേടിലാണെന്ന് പരക്കെ വിലയിരുത്തി.
ഏറ്റവും ഒടുവില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത് ദല്‍ഹിയില്‍ ചില ബാഹ്യശക്തികള്‍ രാഹുലിനെ പിന്തിരിപ്പിക്കുന്നു എന്നതാണ്. ബാഹ്യശക്തികള്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ സ്വാധീനിച്ചു എന്ന് സാരം. ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന ഒരാള്‍ പാര്‍ട്ടി അധ്യക്ഷനായി നില്‍ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭികാമ്യമോ? ഇങ്ങനെ ഒരാള്‍ താക്കോല്‍ സ്ഥാനത്തെത്തിയാല്‍ എന്താകും സ്ഥിതി?
വയനാട്ടില്‍ച്ചെന്ന് പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് ഒരാളെ ചുമതലപ്പെടുത്തിയിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖാണത്. സിദ്ദിഖ് ചുരംകയറി പ്രവര്‍ത്തനം തുടങ്ങി. അപ്പോഴാണ് ആദ്യപട്ടികയില്‍ അമേത്തിയില്‍ മത്സരം ഉറപ്പിച്ച രാഹുല്‍ വയനാട്ടില്‍ നോട്ടമിട്ടത്. കോണ്‍ഗ്രസുകാര്‍ അത് ആവേശമാക്കി. ദല്‍ഹിവരെ പലവട്ടം ചെന്ന് രാഹുല്‍ജി വരണം വരണം എന്ന് ആവര്‍ത്തിച്ചു. അപ്പോഴാണ് സിപിഎമ്മിന്റെ ചോദ്യം.
സിപിഎമ്മിന്റെ ചോദ്യങ്ങള്‍
വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വംകൊണ്ട് കോണ്‍ഗ്രസ് രാജ്യത്തിന് എന്ത് സന്ദേശമാണ് നല്കാന് പോകുന്നത്? ചോദ്യം പ്രസക്തമാണ്. കേരളത്തില്‍ ഇടതുപക്ഷം മത്സരിക്കുന്നത് ദല്‍ഹിയില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ്. അവരത് പരസ്യമായിപറയുകയും ചെയ്യുന്നു. തമിഴ്നാട് അടക്കം ആറ് സംസ്ഥാനങ്ങളില്‍ ഇവര്‍ ഒരു മുന്നണിയായാണ് പ്രവര്‍ത്തിക്കുന്നത്. കൈപ്പത്തിക്കുവേണ്ടി അരിവാള്‍ ചുറ്റികയില്‍ വോട്ട് ചോദിക്കുന്ന കൂട്ടരാണിവരെന്ന് 2004ല്‍ കണ്ടതാണ്. രാഹുല്‍ വരുന്നതോടെ ഇരുപത് സീറ്റിലും യുഡിഎഫ് ജയിക്കുമെന്നാണ് മുല്ലപ്പള്ളി പ്രസ്താവിച്ചത്. ഇനിയെങ്കിലും സിപിഎം പറയുമോ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനില്ലെന്ന് ? അതല്ല ഇതെല്ലാം ഒത്തുകളിയാണോ ? വയനാടിന് പകരം കണ്ണൂരും വടകരയും കോണ്‍ഗ്രസിന് വോട്ടു മറിക്കാന്‍ ധാരണയുണ്ടോ ?
രാമചന്ദ്രന് അതൃപ്തി പ്രകടിപ്പിച്ചപ്പോഴും നിരാശ അറിയിച്ചപ്പോഴും മൗനം പാലിച്ച രാഹുലും എ.കെ. ആന്റണിയും ലീഗിന്റെ നീരസം കേട്ടപ്പോള്‍ ഞെട്ടി. രാഹുല്‍ ചുരം കയറുമെന്ന് അറിയിക്കുകയും ചെയ്തു.
ഇതര സംസ്ഥാന സ്ഥാനാര്‍ഥികള്‍
ഇതിന് മുമ്പ് കേരളത്തില്‍ മത്സരിച്ച് ജയിച്ച അന്യ സംസ്ഥാനക്കാര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ്. സുലൈമാന്‍ സേട്ടും ഇസ്മായില്‍ സാഹിബും. ഇസ്മായില്‍ സാഹിബ് ലീഗിന്റെ ആദ്യ അധ്യക്ഷനായിരുന്നു. സേട്ട് പിന്നീടും അധ്യക്ഷനായി. ഇരുവരും കോണ്‍ഗ്രസിന്റെ സഖ്യത്തിലുണ്ടായി. ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്ത സേട്ട് ഇസ്ലാമിക തീവ്രവാദത്തിന്റെ തലതൊട്ടപ്പനായിരുന്നു.
ഒരു കാലത്ത് പ്രധാനമന്ത്രി നെഹ്റു ലീഗിനെ വിശേഷിപ്പിച്ചത് ചത്ത കുതിരയെന്നാണ്. അതിനെ ജീവന് വയ്പ്പിച്ചതും കോണ്‍ഗ്രസാണ്. ഇന്ന് ലീഗിന്റെ ഏണിയില്‍ ചവിട്ടിയല്ലാതെ ഒരടിപോലും മുന്നോട്ടുപോകാനാവില്ലെന്നാണ് അവരുടെ ഒടുവിലത്തെ തീരുമാനം പ്രഖ്യാപിക്കുന്നത്.
അമേത്തിയില്‍ നിന്നും തോറ്റോടിയെത്തുന്ന രാഹുല്‍ ഏണികൊണ്ടും കോണികൊണ്ടും ചുരം കയറി പറ്റുമോ? കണ്ടു തന്നെ അറിയണം. ലീഗിന്റെ ബലത്തില്‍ ലോക്സഭയില്‍ എത്താന്‍ ശ്രമിക്കുന്നതില്‍പ്പരം പാപ്പരത്തം കോണ്ഗ്രസ്സിനുണ്ടാകാനുണ്ടോ?
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു കമന്റ് കണ്ടു. വാര്‍ക്കപ്പണിക്ക് അന്യ സംസ്ഥാനക്കാര്‍. പൊറോട്ട അടിക്കാനും ചപ്പാത്തിപരത്തലാദി അടുക്കളപ്പണിക്കും അന്യസംസ്ഥാന തൊഴിലാളികള്‍. പോസ്റ്റര്‍ ഒട്ടിക്കാനും മറ്റുനാട്ടുകാര്‍. ഇപ്പോഴിതാ സ്ഥാനാര്‍ത്ഥിയാകാനും ആളായി. കേരളം വളരുന്നു. പശ്ചിമഘട്ടവും കടന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: