തൊടുപുഴ: മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ ഏഴ് വയസുകാരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുമ്പോള്‍ കേസില്‍ അന്വേഷണം ശക്തമാക്കി തൊടുപുഴ പോലീസ്. യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണത്തില്‍ ആക്ഷേപം ഉയര്‍ന്നതോടെ ഇക്കാര്യവും വിശദമായി പരിശോധിക്കുമെന്ന് തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസ് ജന്മഭൂമിയോട് പറഞ്ഞു.
2018 മെയ് മാസത്തില്‍ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മഞ്ചിക്കല്ലിലാണ് സംഭവം. ദുരൂഹത ഉയര്‍ന്നതോടെ മരണത്തില്‍ അന്വേഷണം നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ഹൃദയാഘാതമെന്നാണ് ഡോക്ടര്‍ കണ്ടെത്തിയത്. നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
കേസില്‍ വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് ഇന്ന് അപേക്ഷ നല്‍കാനും തീരുമാനമായി. ജീവനില്‍ ഭയന്നാണ് മിണ്ടാതിരുന്നതെന്ന് പറഞ്ഞ യുവതി പിന്നീട് അരുണ്‍ ആനന്ദിന്റെ ക്രൂരതയുടെ കെട്ടുകള്‍ അഴിക്കുകയായിരുന്നു. കേസെടുത്താല്‍ യുവതി മൊഴി മാറ്റുമോ എന്ന ഭയവും പോലീസിനുണ്ട്.
ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ ഇന്നലെ കോലഞ്ചേരിയിലെ ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചു. ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. 10 ശതമാനം മാത്രമാണ് തലച്ചോറിലേക്ക് രക്തമോട്ടമുള്ളത്. അവയവങ്ങളുടെ എല്ലാം പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമാണ് ജീവന്‍ നിലനില്‍ക്കുന്നതെന്നുമാണ് ഡോക്ടര്‍മാരും വ്യക്തമാക്കുന്നത്.
















