തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പ് തുറന്ന് പറഞ്ഞ് സിപിഎം. അതേസമയം വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് സിപിഎമ്മിന്റെ ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ രണ്ട് തട്ടില്‍. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി രംഗത്തുവന്നത്. അമേത്തിയില്‍ രാഹുലിന് പിന്തുണ നല്കുമ്പോള് വയനാട്ടില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ രാഹുല്‍ മത്സരത്തിനിറങ്ങുന്നത് സിപിഎമ്മിനും സിപിഐക്കും നാണക്കേടായി.
അമേത്തിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടെന്ന് പരോക്ഷമായി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുന്ന സാഹചര്യത്തിനാണ് എല്‍ഡിഎഫ് ആദ്യ പരിഗണന നല്‍കുന്നത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സിപിഎം അല്ലെന്ന് പറഞ്ഞ് രാഹുലിനെ വിമര്‍ശിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി. അതേസമയം പിണറായി വിജയനും കൊടിയേരിയും രാഹുലിനെ വിമര്‍ശിച്ച് രംഗത്തുവന്നു.
ബിജെപിയെ താഴെ ഇറക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ മത്സരിക്കുന്നതെന്ന് യെച്ചൂരി ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അമേത്തിയില്‍ പരാജയപ്പെടുമെന്ന ഭീതിയാണ് രാഹുലിനെ വയനാട്ടില്‍ വരാന്‍ പ്രേരിപ്പിച്ചതെന്ന് കൊടിയേരി ശക്തമായി പ്രതികരിച്ചു. രാഹുല്‍ ബിജെപിക്ക് എതിരെയാണ് പോരാടുന്നതെങ്കില്‍ അവരുമായി നേരിട്ട് ഏറ്റുമുട്ടുന്ന സീറ്റില്‍ മത്സരിക്കണമായിരുന്നെന്നും കേരളത്തില്‍ വന്ന് ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുമ്പോള്‍ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: