തൊടുപുഴ: കുമാരമംഗലത്ത്, അമ്മയുടെ സുഹൃത്ത് നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച ഏഴ് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. എന്നാല്‍, ഡോക്ടര്‍മാര്‍ മസ്തിഷ്ക മരണം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ ഇളയകുട്ടിയെ അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും വെളിവായി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം പ്രത്യേകം കേസെടുത്തു.
രാവിലെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം വൈകിട്ട് മുട്ടം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനിടെ നാട്ടുകാരില്‍ നിന്ന് കൈയേറ്റ ശ്രമവും അസഭ്യവര്‍ഷവും ഇയാള്‍ക്കു നേരെയുണ്ടായി.
ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബന്ധുവും അമ്മയുടെ സുഹൃത്തുമായ അരുണ്‍ വലിയ ക്രൂരതയാണ് ഏഴ് വയസുകാരന് നേരെ അഴിച്ചുവിട്ടത്. തലയോട്ടി രണ്ടിടത്ത് പൊട്ടി തലച്ചോറ് പുറത്തുവന്നിരുന്നു. കണ്ണുകള്‍ പുറത്തേക്ക് തള്ളിയിരുന്നു. കുട്ടി കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. പ്രതി ഇളയകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. മൂന്നര വയസുള്ള ഇളയകുട്ടിയുടെ സ്വകാര്യ ഭാഗത്ത് പരിക്കേറ്റിരുന്നു. കുട്ടിയുടെ മൊഴി പ്രകാരമാണ് കേസെടുത്തതെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു.
മദ്യലഹരിയിലായിരുന്ന അരുണ്‍ ആദ്യം ഒന്നും ഓര്‍മയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് തെളിവുകള്‍ നിരത്തിയതോടെ കുറ്റം സമ്മതിച്ചു. വാഹനം ഓടിക്കാന്‍ പറ്റാത്ത തരത്തില്‍ ലഹരി തലയ്ക്ക് പിടിച്ചിരുന്നതായും ഇതാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതെന്നുമാണ് അരുണ്‍ പറയുന്നത്. സോഫയില്‍ നിന്ന് വീണാണ് പരിക്കേറ്റതെന്ന് ആദ്യം കൊടുത്ത മൊഴി പ്രതി അകത്തായതോടെ യുവതി തിരുത്തി. തന്നെ ടൗണിലിട്ട് പോലും പരസ്യമായി മര്‍ദ്ദിച്ചതായും കൊല്ലപ്പെടുമെന്ന് ഭയന്നാണ് ഒന്നും പറയാതിരുന്നതെന്നും അവര്‍ പറഞ്ഞത് കേസില്‍ വഴിത്തിരിവായി. അമ്മൂമ്മയുടെയും ഇളയകുട്ടിയുടെയും മൊഴിയുമെടുത്തിട്ടുണ്ട്.
യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണത്തിലും പരാതി ലഭിച്ചാല്‍ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസ്, സിഐ അഭിലാഷ് ഡൊമിനിക് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: