കോലഞ്ചേരി : തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച ഏഴ് വയസ്സുകാരന്‍ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററില്‍ മരുന്നുകളുടെ സഹായത്തോടെ. ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായാണ് നിരീക്ഷണം.
രാവിലെ സ്‌കാന്‍ എടുത്തശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്. തലച്ചോറിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിശ്ചലമായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വെന്റിലേറ്റര്‍ മാറ്റിയാല്‍ മരണം സംഭവിക്കാമെന്ന അവസ്ഥയാണ്. നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷയ്‌ക്ക് വകയില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
കുട്ടിയുടെ ശരീരം കഴിഞ്ഞ 48 മണിക്കൂറായി മരുന്നുകളോട് പ്രതികരിക്കുന്നില്ല. കണ്ണുകള്‍ പുറത്തേക്കു തള്ളിയ നിലയിലാണ്. ശരീരത്തില്‍ യാതൊരു പ്രതികരണവുമില്ല. വെന്റിലേറ്റര്‍ സൗകര്യം തുടര്‍ന്നും നല്‍കണോ തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ പരിശോധനയ്‌ക്ക് ശേഷമേ തീരുമാനമെടുക്കാനാകൂ എന്നും ഡോക്ടര്‍ പറഞ്ഞു.
നിലവിലെ സ്ഥിതിഗതികള്‍ കുട്ടിയുടെ ബന്ധുക്കളെ അറിയിക്കും. കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പുതിയ സ്‌കാന്‍ റിപ്പോര്‍ട്ട് അടക്കമുള്ള വൈദ്യപരിശോധന ഫലം ഉടന്‍ പോലീസിനെ അറിയിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മര്‍ദ്ദത്താല്‍ തലയോട്ടി പൊട്ടുകയും, ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാകാത്തതും ഡോക്ടര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ്.
മൂന്നരവയസ്സുള്ള ഇളയകുട്ടി സോഫയില്‍ മൂത്രമൊഴിച്ചത് ഏഴ് വയസ്സുകാരന്റെ അശ്രദ്ധയാണെന്ന് ആരോപിച്ചാണ് അമ്മയുടെ സുഹൃത്ത് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ കാലുവാരി ഭിത്തിയിലിടിച്ചതോടെ തലയോട്ടി തകര്‍ന്ന് രക്തമൊഴുകുകയായിരു്ന്നു. സോഫയില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് കുട്ടിയെ ആദ്യം തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചത്.
പരിശോധനയില്‍ തലയോട്ടി പൊട്ടിയെന്ന് വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്‌ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയിലാണ് ഈ ക്രൂരകൃത്യം നടന്നത്. അരുണ്‍ കുട്ടിയെ നിരവധി തവണ നിലത്തിട്ട് ചവിട്ടുകയും ഭിത്തിയിലിടിക്കുകയും ചെയ്‌തെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സഹോദരനെ വടികൊണ്ട് അടിക്കുന്നത് കണ്ടെന്ന് മൂന്നരവയസുള്ള ഇളയകുട്ടിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ മുമ്പാകെ അറിയിച്ചിട്ടുണ്ട്.
അതിനിടെ പ്രതി അരുണിനെ തൊടുപുഴയിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാര്‍ ആക്രോശവുമായി ഇയാള്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
















