ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം തടയുന്നത് സിപിഎമ്മാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരോക്ഷമായി സമ്മതിച്ചു. രാഹുല്‍ മത്സരിക്കുന്നത് തടയാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ദല്‍ഹിയില്‍ നാടകം കളിക്കുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സീതാറാം യെച്ചൂരിയും ശരദ് പവാറും രഹസ്യമായി രാഹുലുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുതെന്ന പരസ്യ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് രംഗത്തെത്തി. എന്നാല്‍ അമേത്തിയില്‍ പരാജയം ഉറപ്പായ രാഹുലിനും കോണ്‍ഗ്രസിനും മുന്നില്‍ വയനാട്ടില്‍ മത്സരിക്കുകയല്ലാതെ മറ്റുവഴികളില്ല. കര്‍ണാടകത്തില്‍ മുന്നോട്ട് വെച്ച രണ്ട് മണ്ഡലങ്ങളും ബിജെപിയുടെ ശക്തികേന്ദ്രങ്ങളായതിനാല്‍ വിജയപ്രതീക്ഷ കുറവാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.
ദേശീയതലത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് സ്ഥാനാര്‍ഥിത്വം കാരണമാകുമെന്ന് പറഞ്ഞ് രാഹുലിനെ സിപിഎം ഭീഷണിപ്പെടുത്തുകയാണെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ബാഹ്യശക്തികളുടെ സമ്മര്‍ദങ്ങള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ വഴങ്ങുന്നത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കും. കേരളത്തിലെ യഥാര്‍ഥ എതിരാളികള്‍ കാലങ്ങളായി സിപിഎമ്മാണ്. അതിനാല്‍ തന്നെ കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നത് ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യധാരണകള്‍ക്ക് വിഘാതമാവില്ലെന്നും കേരള നേതാക്കള്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് സിപിഎമ്മിനെയും ഡിഎംകെയെയും ഉപയോഗിച്ച് രാഹുലിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ദേശീയ അധ്യക്ഷന്റെ സ്ഥാനാര്‍ഥിത്വം പോലും എതിര് പാര്ട്ടിക്കാര് തീരുമാനിക്കുന്നത് നാണംകെട്ട അവസ്ഥയാണെന്നും എന്തുവന്നാലും രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കുമെന്ന കാര്യം രാഹുല്‍ ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഹിന്ദി പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യം ശരിയായതാണെന്ന് രാഹുല്‍ പ്രതികരിച്ചു. കേരളത്തിലും തമിഴ്നാട്ടിലും ബിജെപി ധ്രുവീകരണമുണ്ടാക്കിയെന്നും ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യമുയരാന്‍ കാരണം മോദിയാണെന്നും രാഹുല്‍ പറയുന്നു. അമേത്തി ലോക്സഭാ മണ്ഡലത്തിലെ അഞ്ചില്‍ അഞ്ച് നിയമസഭാ സീറ്റുകളും നഷ്ടമായി നില്ക്കുന്ന നിലവിലെ അവസ്ഥയില്‍ ലോക്സഭയിലേക്ക് വിജയിച്ചു കയറുകയെന്നത് രാഹുലിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. കോണ്‍ഗ്രസ് പുറത്തിറക്കിയ 16-ാമത് സ്ഥാനാര്‍ഥി പട്ടികയിലും വയനാട് ഉള്‍പ്പെടുത്താത്തത് രാഹുലിനു വേണ്ടിയെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: