മട്ടാഞ്ചേരി: പാര്‍ട്ടി കൈവിട്ടതോടെ എറണാകുളത്ത് സീറ്റില്ലാതായ എംപി: കെ.വി. തോമസിനെ അണികളും കൈവിട്ടുവോ. പാര്‍ട്ടിക്ക് അതീതമായി തനിക്ക് മണ്ഡലത്തില്‍ വലിയൊരു ശതമാനം വോട്ടര്‍മാരുടെ പിന്തുണയുണ്ടെന്നായിരുന്നു പ്രൊഫസറുടെ വാദവും പ്രചാരണവും. പക്ഷേ, പാര്‍ട്ടിയോടിടഞ്ഞ്, പാര്‍ട്ടിയെ ഏറെ വിഷമസന്ധിയിലാക്കിയ കെ.വി. തോമസ്, ദല്‍ഹിയില്‍നിന്ന് കൊച്ചിയിലെത്തിയപ്പോള്‍ അണികളോ ആവേശമോ ഇല്ലായിരുന്നു.
മൂന്നു പതിറ്റാണ്ട് എറണാകുളം മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റിലെത്തിയിരുന്നെങ്കിലും ഇത്തവണ സീറ്റില്ലാതായത് വന്‍ പ്രഹരമായിരുന്നു. ബുധനാഴ്ച ദല്‍ഹിയില്‍നിന്ന് കൊച്ചിയിലെത്തുന്ന എംപിക്ക് വന്‍ സ്വീകരണ പരിപാടികളും മറ്റും ഒരുക്കിയിരുന്നു. പക്ഷേ, പ്രചരിപ്പിച്ച ആവേശവും ആരവവും ഉണ്ടായില്ല. അണികളും വിട്ടുനിന്നു. ഇത് പ്രൊഫസര്‍ക്കുണ്ടായ വന്‍ തിരിച്ചടിയായാണ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ പക്ഷക്കാര്‍ പറയുന്നത്.
തോമസിന്റെ അനുയായികളുടെ പ്രതിഷേധവും പ്രതികരണവും പ്രതീക്ഷിച്ച ഇടതുപക്ഷ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥി പി. രാജീവും നിരാശയിലാണ്. അവസാന നിമിഷം വരെ സ്വന്തം ഗ്രാമത്തിലും പാര്‍ലമെന്റ് മണ്ഡലത്തിലും തോമസ് മാഷിനായിരംഗത്ത് സജീവമായവര്‍ സീറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ പെടുന്നനെ നിശബ്ദരായത് കോണ്‍ഗ്രസ്സ് പാളയത്തില്‍ തന്നെ അതിശയം സൃഷ്ടിച്ചിരിക്കയാണ്. വിമാനത്താവളത്തില്‍ സ്വീകരണത്തിന് അണികളില്‍ ഏറെ പേരും പങ്കെടുക്കാഞ്ഞത് ചര്ച്ചാവിഷയവുമായിട്ടുണ്ട്.
ലീഡറിന്റെ തണലില്വളര്ന്ന്, ഒരു ഘട്ടത്തില്‍ ലീഡറെപ്പോലും കൈയൊഴിഞ്ഞതിന് കാലം നല്കിയ മറുപടിയാണിതെന്ന് ഒരുപക്ഷം വാദിക്കുന്നു. ഐ ഗ്രൂപ്പില്‍ സജീവമായിരുന്നപ്പോഴാണ് കെ.വി തോമസ്സിന് സംസ്ഥാന മന്ത്രി സ്ഥാനവും, തുടര്‍ന്ന് പാര്‍ലമെന്റ് സീറ്റും കിട്ടിയത്. തുടര്‍ച്ചയായുള്ള വിജയം പുതിയഗ്രൂപ്പും സൃഷ്ടിച്ചു. മണ്ഡലത്തില്‍ കാര്യമായവികസനങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ലെങ്കിലും കേന്ദ്രത്തിലെ വിവിധ പദ്ധതികള്‍ തന്റേതായ മേഖലകളുള്‍പ്പെടുത്തി അണികളെ ഒപ്പം നിര്‍ത്തിയിരുന്നു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായ പദ്ധതികളുടെ പിന്‍ബലത്തില്‍ സ്വന്തം ട്രസ്റ്റുണ്ടാക്കി തിളങ്ങി. ഇതൊക്കെയായിട്ടും സീറ്റുനഷ്ടത്തോടെ എല്ലാം അവസാനിച്ചുവെന്ന അവസ്ഥയിലാണ് കാര്യങ്ങളെന്ന് ചിലര്‍ വിലയിരുത്തുന്നു. എന്നാല്‍, കെ.വി. തോമസിന് അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും ഒപ്പം നില്ക്കുന്ന ഒരു വിഭാഗം ജനത ഒപ്പമുണ്ടെന്നും അവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യമായിറങ്ങാതെ പുതിയ അടവുമായി മധുര പ്രതികാരത്തിന് അവസരം കാത്തിരിക്കുകയാണെന്നും ചില നിരീക്ഷണങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: