കോട്ടയം: ദേശീയപാത ഉള്‍പ്പെടെയുള്ള റോഡ് വികസനത്തില്‍ ഇതര സംസ്ഥാനങ്ങള്‍ എക്സ്പ്രസ് വേഗത്തില്‍ കുതിക്കുമ്പോള്‍ കേരളം കിതയ്ക്കുന്നു. സംസ്ഥാനത്തെ റോഡ് വികസനത്തിന് 34,000 കോടിയുടെ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടും കേരളം മുട്ടിലിഴയുകയാണ്. അയല്‍ സംസ്ഥാനങ്ങള്‍ പുത്തന്‍ റോഡുകളിലൂടെ പറക്കുമ്പോള്‍ സംസ്ഥാനത്ത് വികസിക്കുന്നത് കുണ്ടും കുഴികളുമാണ്.
ദേശീയപാതയുടെയടക്കം വികസനത്തിന് അനുഭാവപൂര്‍ണമായ നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതനുസരിച്ചാണ് കേന്ദ്രം 34,000 കോടി രൂപ പ്രഖ്യാപിച്ചത്. എന്നാല്‍ റോഡ് വികസനത്തിനായി സ്ഥലം സമയത്ത് എടുത്ത് കൊടുക്കാന്‍ കഴിയുന്നില്ല. ഭൂ ഉടമകളുടെ ആശങ്കകള്‍ക്കും പരിഹാരമായില്ല.
കഴക്കൂട്ടം-ചേര്‍ത്തല ദേശീയപാതയുടെ വികസനത്തിന് സര്‍വേ പൂര്‍ത്തിയായെങ്കിലും നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഇതുമൂലം നിര്‍മാണ പ്രവര്‍ത്തനത്തിന് ടെണ്ടര്‍ വിളിക്കുന്നത് വൈകുകയാണ്. ഈ വര്‍ഷം രാജ്യത്ത് 17,000 കിലോമീറ്റര്‍ റോഡ് ടെണ്ടര്‍ ചെയ്യാന്‍ നടപടിയായപ്പോള്‍ കേരളത്തില്‍ ഉള്‍പ്പെട്ടത് വെറും 120 കിലോമീറ്റര്‍ റോഡ് മാത്രമാണ്.
കേരളത്തില്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത് 223 കിലോമീറ്റര്‍ റോഡ് മാത്രമാണ്. മുമ്പ് തയാറാക്കിയ 5,000 കോടിയുടെ പദ്ധതി പകുതിയും കടലാസില്‍ മാത്രമാണ്. അതേസമയം തമിഴ്നാട്ടില്‍ നിര്‍മിക്കുന്നതാകട്ടെ 3661 കിലോമീറ്റര്‍ റോഡും. കര്‍ണാടകയില്‍ 3,000 കിലോമീറ്ററും ആന്ധ്രയില്‍ 1243 കിലോമീറ്റര്‍ റോഡുമാണ് നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളിലുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.75 ലക്ഷം കോടി രൂപയാണ് ദേശീയപാത വികസനത്തിന് മാറ്റിവച്ചത്. ഒരു ദിവസം ശരാശരി 30 കിലോമീറ്റര്‍ റോഡാണ് പുതിയതായി നിര്‍മിക്കുന്നത്. എന്നാല്‍ കേരളത്തില്‍ 25 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ എടുക്കുന്നത് നാല് വര്‍ഷമാണ്. ഇത് എന്തുകൊണ്ടാണ് നാല് വര്‍ഷം വേണ്ടി വരുന്നതെന്ന് മനസ്സിലാകുന്നില്ലെന്നാണ് കഴക്കൂട്ടം – കാരോട് ബൈപ്പാസ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കാനെത്തിയപ്പോള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: