ന്യൂദല്‍ഹി: പ്രവര്‍ത്തനം കേരളത്തില്‍ മാത്രമാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില്‍ ദേശീയ പാര്‍ട്ടിയാണ് സിപിഎം. പൊതുതെരഞ്ഞെടുപ്പില്‍ രാജ്യമാകെ മത്സരിക്കുന്നത് നൂറില്‍ താഴെ സീറ്റില്‍. ഭരണം പിടിക്കാന്‍ 272 സീറ്റ് വേണമെന്നതൊന്നും പാര്‍ട്ടിക്ക് വിഷയമല്ല. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ എന്തൊക്കെ ചെയ്യുമെന്ന് വിശദീകരിച്ച് ഇന്നലെ പ്രകടനപത്രികയും സിപിഎം പുറത്തിറക്കി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആഘോഷമായാണ് വാദ്ഗാനങ്ങള്‍ നിരത്തിയത്.
തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം 18,000 രൂപ, കുടുംബങ്ങള്‍ക്ക് പൊതുവിതരണ സംവിധാനത്തിലൂടെ 35 കിലോ അരി, വാര്‍ധക്യകാല പെന്ഷന്, ആറായിരം രൂപ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനം കുറയാത്ത വില, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോ അരി.. വാഗ്ദാനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ ഇതൊക്കെ നടപ്പാക്കാന്‍ എന്താണ് തടസ്സമെന്ന ചോദ്യത്തിന് മറുപടിയുമില്ല. പ്രതിമാസം അക്കൗണ്ടില്‍ പണം നല്‍കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ്സിന്റെ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യത്തിലും സിപിഎമ്മിന്റെ മാതൃക.
ഒന്‍പത് സീറ്റാണ് 2014ല്‍ സിപിഎമ്മിന് ലഭിച്ചത്. അഞ്ചെണ്ണം കേരളത്തിലും രണ്ട് വീതം ബംഗാളിലും ത്രിപുരയിലും. ആകെ കിട്ടിയത് 3.2 ശതമാനം വോട്ട്. പ്രാദേശിക പാര്‍ട്ടികളായ എഐഎഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ക്ക് ദേശീയ പാര്‍ട്ടിയായ സിപിഎമ്മിനേക്കാള്‍ വോട്ടുലഭിച്ചിട്ടുണ്ട്. കേരളത്തില്‍ എത്ര പേര് ജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇത്തവണത്തെ ലോക്സഭയിലെ പ്രാതിനിധ്യം. ബംഗാളിലും ത്രിപുരയിലും കെട്ടിവച്ച കാശ് കിട്ടുമോയെന്ന ആശങ്ക നേതാക്കള്‍ തന്നെ തുറന്നുപ്രകടിപ്പിക്കുന്നുണ്ട്. സിറ്റിങ് സീറ്റ് നിലനിര്‍ത്താനാണ് ബംഗാളില്‍ സഖ്യവുമായി കോണ്‍ഗ്രസ്സിന് പിന്നാലെ നടന്നത്. എന്നാല്‍ അവര്‍ നിഷ്കരുണം തള്ളിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.
ത്രിപുരയില്‍ ആകെയുള്ള രണ്ട് മണ്ഡലങ്ങളിലും പത്രിക നല്‍കിയെങ്കിലും ജനങ്ങളുടെ പ്രതിഷേധം ഭയന്ന് പ്രചാരണം പോലും നടത്താനാകാത്ത അവസ്ഥയിലാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സുമായി ഏറ്റുമുട്ടുന്ന സിപിഎം തൊട്ടുടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലും കേന്ദ്രഭരണപ്രദേശമായ മാഹിയിലും അവര്‍ക്കൊപ്പമാണ്. ബിഹാറില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ അവകാശവാദമുന്നയിച്ചെങ്കിലും സീറ്റ് നല്കാന് അവര്‍ തയ്യാറായില്ല. ഒഡീഷയില്‍ ബിജെപി വിരുദ്ധ സഖ്യത്തിന് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ്സും ബിജെഡിയും കണക്കിലെടുത്തില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്ധ്ര, തെലങ്കാന, കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാന സമ്മേളനത്തിന് നൂറ് പേരെ തിരികച്ചെടുക്കാന് സാധിക്കാത്ത സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി നൂറ് തികയ്ക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: