കൊച്ചി: എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ മൂന്ന് പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റോഡ് ഷോ, മഹാസമ്മേളനങ്ങള്‍, കുടുംബയോഗങ്ങള്‍ ഉള്‍പ്പെടെ വന്‍ പ്രചാരണ പരിപാടികള്‍ക്ക് ബിജെപിയുടെ ‘ഇലക്ഷന്‍ വാര്‍ റൂം’ പദ്ധതി തയാറാക്കി. വോട്ടെടുപ്പിന് തലേന്നുവരെയുള്ള പ്രചാരണ റോഡ് മാപ്പാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മൂന്നു മേഖലകളില്‍ കേന്ദ്രീകരിച്ചാണ് പ്രധാനമന്ത്രി മോദിയുടെ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. എവിടെയൊക്കെ എന്ന് പിന്നീട് പ്രഖ്യാപിക്കും.
കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, നിര്‍മല സീതാരാമന്‍, രാംവിലാസ് പാസ്വാന്‍ എന്നിവര്‍ പ്രചാരണത്തിനെത്തും. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ദേശീയ നേതാക്കള്‍ പ്രചാരണത്തിനു വരും. 140 നിയമസഭാ മണ്ഡലങ്ങളിലും എന്‍ഡിഎ സംസ്ഥാന നേതാക്കള്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
പതിവ് പ്രചാരണ പരിപാടികള്‍ക്കു പുറമേ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കാന്‍ ഏറ്റവും പുതിയ സാങ്കേതിക സംവിധാനം പാര്‍ട്ടി ഐടി സെല്‍ സജ്ജമാക്കിയിട്ടുണ്ട്. വരും നാളുകളില്‍ ഈ മേഖലയില്‍ തികച്ചും നൂതനമായ പ്രചാരണം ആരംഭിക്കും.
കുടുംബ യോഗങ്ങള്‍ നടത്തി വോട്ടര്‍മാരില്‍ നേരിട്ടെത്തുന്ന പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ എന്‍ഡിഎ ഘടകകക്ഷി നേതാക്കളായ കുരുവിള മാത്യു (നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്), കെ.ആര്‍. പൊന്നപ്പന്‍ (പിഎസ്പി), രാമചന്ദ്രന്‍, മെഹ്ബുബ് (എല്‍ജെപി) എന്നിവരും പങ്കെടുത്തു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കെ. രാമന്‍പിള്ള, സി.വി. ആനന്ദബോസ്, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എം. ഗണേശന്‍, ബി. ഗോപാലകൃഷ്ണന്‍, ഹരി എസ്. കര്‍ത്ത, ഡി. അശ്വിനി ദേവ്, കൃഷ്ണകുമാര്‍, നവീന്‍ പങ്കെടുത്തു.
















