പന്തളം: ചന്ദ്രന്‍ ഉണ്ണിത്താന്റെ കൊലപാതകികളെ രക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പത്തനംതിട്ട മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. ശബരിമലയില്‍ ആചാരം ലംഘിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ നാമജപ പ്രതിഷേധം നടത്തിയതിനു സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്ന് കല്ലെറിഞ്ഞു കൊന്ന ചന്ദ്രന്‍ ഉണ്ണിത്താന്റെയും നിലയ്‌ക്കലില്‍ ദുരൂഹമായി കൊല്ലപ്പെട്ട ശിവദാസന്‍ ആചാരിയുടെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ഈ കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബാക്കി പ്രതികള്‍ സൈ്വരവിഹാരം നടത്തുകയാണ്. കുറ്റപത്രം നല്‍കുന്നതിനു മുമ്പ് ഇവരെ അറസ്റ്റു ചെയ്യാത്തത് കേസ് ഇല്ലാതാക്കാനാണ്. ഇതു നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിന്റെ ഈ നടപടി അനുവദിക്കില്ല. ശിവദാസന്‍ ആചാരിയുടെ മരണവും ദുരൂഹമാണ്. നിലയ്‌ക്കലില്‍ കൊല്ലപ്പെട്ട നിലയിലാണ് അദ്ദേഹത്തെ കാണുന്നത്. ഈ സംഭവത്തിലും അന്വേഷണം ശരിയായ രീതിയില്‍ നടത്തി സത്യം പുറത്തുകൊണ്ടുവരണം.
സര്‍ക്കാര്‍ നടപടികള്‍ ഈശ്വരവിശ്വാസികളെ മുറിവേല്‍പ്പിച്ചു. സംസ്‌കാരത്തെയും പൈതൃകത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ സാധാരണ ജനങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പാണ്. അവര്‍ അതിനെതിരെ വിധിയെഴുതും. ഈ തെരഞ്ഞെടുപ്പില്‍ അട്ടിമറിയോടെ ചരിത്ര വിജയം നേടാനാകുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ജനസമ്പര്‍ക്കത്തില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ നിന്നു മനസ്സിലാകുന്നത്. പത്തനംതിട്ടയില്‍ പ്രവേശിക്കുന്നതിന് കോടതിയുടെ വിലക്ക് ഉണ്ടായിരുന്നതിനാലാണ് ഈ വീടുകള്‍ സന്ദര്‍ശിക്കാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, സെക്രട്ടറി എം.ജി. കൃഷ്ണകുമാര്‍, അടൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.ബി. ബിനുകുമാര്‍, ഏരിയാ കമ്മറ്റി പ്രസിഡന്റ് കെ. രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഗോപു, ശബരിമല കര്‍മസമിതി സഹസംയോജകന്‍ ബി. സുരേഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
















